ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളെ നടയിരുത്തുന്ന സമ്പ്രദായം പൂര്‍ണമായി നിര്‍ത്തലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് വിദഗ്ദ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.
ഭക്തര്‍ ആനകളെ നടയിരുത്തുന്നതും ആനകളെ ദാനമായി ദേവസ്വം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും മുഖ്യ വനപാലകര്‍ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഡോ. സുവര്‍ണ ഗാംഗുലി അധ്യക്ഷയായ സമിതി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു. ഗുരുവായൂരിലെ ഗജക്ഷേമത്തിലെ വീഴ്ചകളെ കുറിച്ച് പൊതുജനങ്ങളും സംഘടനകളും സംസ്ഥാന വനം വകുപ്പിന്റെ വന്യജീവി ഉപദേശക സമിതിയും ഉന്നയിച്ച പരാതികളെ തുടര്‍ന്നാണ് അന്വേഷണത്തിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. ഗുരുവായൂരില്‍ ഗജക്ഷേമമില്ലെന്നും ഗജപീഡനവും ക്രൂരതയും നിയമ ലംഘനവും നടക്കുന്നതായും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കീഴിലുള്ള പുന്നത്തൂര്‍ കോട്ടയിലുള്ള 59 ആനകളുടെ പരിതാപകരമായ സ്ഥിതിയാണ് വിദഗ്ദ്ധ സമിതി പരിശോധിച്ചത്. ഗജക്ഷേമത്തിനുള്ള വന്യജീവി സംരക്ഷണ നിയമവും നാട്ടാന പരിപാലന ചട്ടങ്ങളും നഗ്നമായി പുന്നത്തൂര്‍ കോട്ടയില്‍ ലംഘിക്കപ്പെടുന്നതായി സമിതി വ്യക്തമാക്കി.
90 ശതമാനം ആനകള്‍ക്കും പാദ രോഗങ്ങള്‍ ഉണ്ട്. ആനകളുടെ ആരോഗ്യ പരിപാലനത്തില്‍ ദേവസ്വം ഭരണകൂടം ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. 59 ആനകള്‍ക്ക് പുന്നത്തൂര്‍ കോട്ടയില്‍ 18.42 ഏക്കര്‍ സ്ഥലമാണുള്ളത്. ആനകള്‍ ഈ സ്ഥലത്ത് ശ്വാസം മുട്ടി കഴിയുന്ന നിലയിലാണ്. പ്രതിദിനം അഞ്ച് ടണ്‍ വരെ മാലിന്യങ്ങള്‍ ഇവിടെയുണ്ടാകുന്നുണ്ട്. അവ നീക്കുന്നതില്‍ ഫലപ്രദമായ നടപടികള്‍ യാതൊന്നുമില്ല. പൊതുവെ ദുസ്സഹമായ അന്തരീക്ഷത്തിലാണ് ദേശീയ പൈതൃക മൃഗമായ ആന കഴിഞ്ഞുകൂടുന്നത്. കേന്ദ്ര മൃഗശാല അതോറിട്ടിയുടെ മാര്‍ഗരേഖകള്‍ അനുസരിച്ച് 59 ആനയ്ക്ക് 90 ഏക്കര്‍ സ്ഥല സൗകര്യം കൂടിയേ തീരൂ. ഇത് കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ചട്ടപ്രകാരം മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയായിട്ടു മാത്രമേ കണക്കാക്കാനാവൂ. അതിനാല്‍ നിലവിലുള്ള സൗകര്യം പൂര്‍ണമായും അസ്വീകാര്യമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. ചട്ടപ്രകാരം പുന്നത്തൂര്‍ കോട്ട വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുള്ള നാട്ടാന പരിപാലന നിയമവും പുന്നത്തൂര്‍ കോട്ടയില്‍ കര്‍ശനമായി പാലിച്ചിരിക്കണം. ഇത്തരം നഗ്നമായ നിയമ ലംഘനങ്ങള്‍ നടന്നിട്ടും അധികൃതര്‍ കണ്ണുകള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തതില്‍ സമിതി ആശ്ചര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
വേണ്ടത്ര പരിശീലനം കിട്ടാത്ത പാപ്പാന്മാര്‍ ആനകളോട് കാണിച്ചിട്ടുള്ള ക്രൂരതയെ കുറിച്ച് സമിതി വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. ആനകളുടെ ദേഹത്തുള്ള മുറിവുകളും വ്രണങ്ങളും അതിന് സാക്ഷ്യം വഹിക്കുന്നു. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നത് തടയുന്നതിനുള്ള നിയമത്തെ ഇത്തരം ക്രൂരകൃത്യങ്ങളിലൂടെ ലംഘിക്കുന്നു.
പല ആനകളെയും 24 മണിക്കൂറും ചങ്ങലയില്‍ ബന്ധിച്ചിടുന്നു. അതും ഗൗരവമായ നിയമ ലംഘനമാണ്. വേണ്ടത്ര കുടിവെള്ളം പോലും ആനകള്‍ക്ക് നല്‍കുന്നില്ല. വേണ്ടത്ര തീറ്റ ആനകള്‍ക്ക് കിട്ടുന്നുണ്ടോ എന്നും സംശയമാണ്. കാരണം അത് സംബന്ധിച്ചുള്ള രജിസ്റ്ററുകള്‍ ലഭ്യമല്ല. മൃഗ ഡോക്ടര്‍മാരുടെ ഫലപ്രദമായ പരിപാലനം ആനകള്‍ക്ക് കിട്ടുന്നില്ല. ചൂടേറിയ ടാറിട്ട റോഡിലൂടെ ആനകളെ മണിക്കൂറുകള്‍ നടത്തിക്കൊണ്ടു പോയിട്ടുള്ളതും ക്രൂരതയാണ്.
ആനകളുടെ ആരോഗ്യ പരിപാലനം സംബന്ധിച്ചുള്ള രേഖകള്‍ നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കേണ്ടതാണ്. പരിശോധനയില്‍ ഇത്തരം രജിസ്റ്ററുകള്‍ അവയുടെ അഭാവം കൊണ്ട് തങ്ങളുടെ പ്രത്യേക ശ്രദ്ധ നേടിയിട്ടുണ്ടെന്ന് സമിതി പറഞ്ഞു. ആനകള്‍ക്ക് നേരിട്ട രോഗങ്ങള്‍ എന്തെന്നും അവ എങ്ങനെ ചികിത്സിച്ചുവെന്നും തെളിയിക്കാന്‍ ഒരൊറ്റ രജിസ്റ്റര്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആനകളെ പല ആവശ്യങ്ങള്‍ക്കായി എവിടെയെല്ലാം കൊണ്ടുപോയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഇല്ല. ആനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളും വിശ്വാസ യോഗ്യമല്ല.
പ്രായമേറിയതും ആരോഗ്യ സ്ഥിതി മോശമായതുമായ ആനകളെ വനം വകുപ്പിന്റെ റസ്‌ക്യൂ സെന്ററിലേക്ക് മാറ്റി പാര്‍പ്പിക്കണം. മറ്റ് ക്ഷേത്രങ്ങളിലെ ഉത്സവ പരിപാടികള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ദേവസ്വത്തിന്റെ ആനകളെ വിട്ടുകൊടുക്കുന്ന സമ്പ്രദായം ക്രമേണ അവസാനിപ്പിക്കണം. ഉത്സവങ്ങള്‍ക്കും മറ്റും ആനകളെ നല്‍കുന്നത് വന്യജീവി നിയമ ലംഘനമാണ്. അങ്ങനെ നിയമമുള്ളപ്പോള്‍ അത് ലംഘിക്കാനുള്ള അവസരം അധികൃതര്‍ നല്‍കരുത്. ആനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിലവിലുള്ള രേഖകള്‍ അപൂര്‍ണമാണ്.
പുന്നത്തൂര്‍ കോട്ടയില്‍ സി.സി.ടി.വി. ക്യാമറകള്‍ അടിയന്തരമായി സ്ഥാപിക്കണം. ആനകളുടെ പരിരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ഫലപ്രദമായ നിരീക്ഷണം ഉറപ്പുവരുത്താനാണ് ഈ നടപടി.സമിതി റിപ്പോര്‍ട്ട് മൃഗക്ഷേമ ബോര്‍ഡ് പരിശോധിച്ച ശേഷം കേന്ദ്ര സര്‍ക്കാറിന് കൈമാറും.