പക്ഷിപ്പനി: എച്ച്‌5എന്‍1: മനുഷ്യരിലേക്കു പകരാം

Story Dated :November 28, 2014

കേരളത്തില്‍ പടര്‍ന്നുപിടിച്ച പക്ഷിപ്പനി മനുഷ്യരിലേക്കു പകരാന്‍ സാധ്യതയുള്ള എച്ച്‌5എന്‍1 വൈറസ്‌ മൂലമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം സ്‌ഥിരീകരിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ്‌ ലാബില്‍ നടത്തിയ പരിശോധനയിലാണ്‌ വൈറസ്‌ എച്ച്‌5എന്‍1 ആണെന്നു കണ്ടെത്തിയത്‌. എന്നാല്‍ കേരളത്തിലൊരിടത്തും പക്ഷിപ്പനി മനുഷ്യരിലേക്കു പകര്‍ന്നതായി കണ്ടെത്തിയിട്ടില്ലെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി വി.എസ്‌. ശിവകുമാര്‍ അറിയിച്ചു. പനി, ശ്വാസതടസം, ശ്വാസംമുട്ടല്‍ എന്നിവയാണ്‌ എച്ച്‌5 എന്‍1 വൈറസ്‌ ബാധ മനുഷ്യരില്‍ സൃഷ്‌ടിക്കുന്ന രോഗലക്ഷണങ്ങള്‍. പക്ഷികളുമായി നിരന്തര സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കാണു വൈറസ്‌ പകരാര്‍ സാധ്യത. ഇത്തരം രോഗലക്ഷണങ്ങള്‍ ഉളളവര്‍ ശാസ്‌ത്രീയമായ ചികിത്സയ്‌ക്ക്‌ ഉടന്‍ വിധേയരാകണം.

വൈറസ്‌ സ്‌ഥിരീകരണത്തെത്തുടര്‍ന്ന്‌ ആലപ്പുഴ ജില്ലയില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തി. ഇന്നു മുതല്‍ ആലപ്പുഴയില്‍ 50 സ്‌ക്വാഡുകള്‍ കൂടി രോഗബാധിതപ്രദേശങ്ങളിലെ താറാവുകളെ കൊല്ലാനിറങ്ങും. ഒരു സ്‌ക്വാഡില്‍ അഞ്ച്‌ അംഗങ്ങളുണ്ടാകും. ഇന്നലെ ആലപ്പുഴ ജില്ലയില്‍ മാത്രം 10,000 താറാവുകളെ കൊന്നതായി മൃഗസംരക്ഷണ വകുപ്പ്‌ ഡയറക്‌ടര്‍ ഡോ. ബ്രഹ്‌മാനന്ദന്‍ അറിയിച്ചു.

ഇന്ന്‌ 50,000 താറാവുകളെ കൊല്ലുകയാണു ലക്ഷ്യം. പക്ഷിപ്പനി പൂര്‍ണമായും നിവാരണം ചെയ്യാന്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നു മൃഗസംരക്ഷണ വകുപ്പ്‌ ഡയറക്‌ടര്‍ ആവശ്യപ്പെട്ടു. മാസ്‌ക്‌ ധരിക്കാതെയും മറ്റും താറാവുകളെ കൈകാര്യം ചെയ്യുന്നത്‌ അപകടകരമാണ്‌. ആരോഗ്യവകുപ്പുമായി സഹകരിച്ചു കൂടുതല്‍ നടപടികള്‍ മൃഗസംരക്ഷണ വകുപ്പു കൈക്കൊള്ളുമെന്നും അദ്ദേഹം അറിയിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി അഞ്ച്‌ ലക്ഷത്തോളം താറാവുകളെ കൊന്നൊടുക്കണമെന്നാണു മൃഗസംരക്ഷണ വകുപ്പിന്റെ ഏറ്റവും പുതിയ വിലയിരുത്തല്‍. എന്നാല്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയില്‍ നീങ്ങുന്നതു തിരിച്ചടിയാണ്‌. കുട്ടനാട്ടില്‍ ഇന്നലെ 25 താറാവുകള്‍ കൂടി പനി പിടിപെട്ട്‌ ചത്തു.

നെടുമുടി മേഖലയില്‍ ഏതാനും വീടുകളില്‍ വളര്‍ത്തിയിരുന്ന കോഴികള്‍ ചത്തതു പക്ഷിപ്പനി ബാധമൂലമാണോയെന്ന്‌ സംശയമുയര്‍ന്നിട്ടുണ്ട്‌. രോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ആവശ്യമായ ഉപകരണങ്ങള്‍ ഡല്‍ഹിയില്‍ നിന്ന്‌ എത്തിയിട്ടുണ്ട്‌. എന്നാല്‍ എച്ച്‌ 5 എന്‍1 മനുഷ്യരിലേക്ക്‌ പടരാനിടയുള്ള വൈറസാണെന്നു വ്യക്‌തമായിട്ടും താറാവ്‌ കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും താറാവുകളെ ചുട്ടുകൊല്ലുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുന്ന പൊതുജനങ്ങള്‍ക്കും സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യത്തിനു നല്‍കുന്നില്ല. എച്ച്‌5എന്‍1: സൂക്ഷിച്ചില്ലെങ്കില്‍ ദുരന്തം

വിവിധ പക്ഷിപ്പനി വൈറസുകളില്‍ മനുഷ്യരെ ബാധിക്കുന്നവയില്‍ മാരകം. രോഗം ബാധിച്ച പക്ഷികളുമായി നേരിട്ടോ അല്ലാതെയോ ഉള്ള സമ്പര്‍ക്കത്തിലൂടെ മനുഷ്യര്‍ക്കു പിടിപെടാം. ഇവയെ കഴുത്തറുത്ത്‌ കൊല്ലുകയോ ചത്ത പക്ഷികളുടെ തൂവലുകള്‍ നീക്കം ചെയ്യുകയോ അശ്രദ്ധമായി കൈകാര്യം ചെയ്‌താലോ രോഗം പടരാം.പക്ഷിമാംസമോ മുട്ടയോ ശരിയാംവണ്ണം പാകം ചെയ്‌തു കഴിക്കുന്നതിലൂടെ മനുഷ്യരിലേക്കു രോഗം പടര്‍ന്നതായി തെളിവില്ല.

എച്ച്‌ 5 എന്‍ 1 വൈറസുകള്‍ ആദ്യം ശ്രദ്ധയില്‍പ്പെട്ടത്‌1966-ല്‍ കാനഡയില്‍. മനുഷ്യരെ ബാധിച്ചതായി ആദ്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌ 1997-ല്‍ ഹോങ്കോംഗില്‍

വൈറസ്‌ ശരീരത്തില്‍ കടന്നാല്‍ രോഗലക്ഷണം പ്രകടമാക്കാന്‍ രണ്ടു മുതല്‍ 17 ദിവസംവരെ എടുക്കാം. കടുത്ത പനി, ചുമ, തൊണ്ടകാറല്‍, അതിസാരം, ഛര്‍ദി, അടിവയറ്റില്‍ വേദന, നെഞ്ചുവേദന, ശ്വാസതടസം, മൂക്ക്‌, മോണ എന്നിവയില്‍നിന്നു രക്‌തസ്രാവം എന്നിവ പ്രാഥമിക ലക്ഷണം.

രോഗം ബാധിച്ചവരില്‍ 60 ശതമാനവും മരണത്തിനു കീഴടങ്ങി.ലോകാരാഗ്യ സംഘടനയുടെ കണക്കനുസരിച്ച്‌ 2003 മുതല്‍ 2013 വരെ രോഗബാധിതരായ 630 പേരില്‍ 375 പേരും മരിച്ചു. മതിയായ പ്രതിരോധ നടപടി സ്വീകരിക്കാത്തപക്ഷം രാജ്യാന്തര തലത്തില്‍ 50 ലക്ഷം മുതല്‍ ഒന്നരക്കോടിവരെ ആളുകള്‍ രോഗം ബാധിച്ച്‌ മരണമടഞ്ഞേക്കാമെന്ന്‌ ഐക്യരാഷ്‌ട്ര സംഘടനയുടെ ആരോഗ്യവിഭാഗത്തിന്റെ മുന്നറിയിപ്പ്‌. നിലവില്‍ 17 രാജ്യങ്ങളും 12 മരുന്നു നിര്‍മാണ കമ്പനികളും പ്രതിരോധമരുന്നിനായുള്ള ദൗത്യത്തിലാണ്‌. എന്നാല്‍ ഫലപ്രദമായ മരുന്ന്‌ ഇതുവരെ വിപണിയില്‍ എത്തിയിട്ടില്ല.

ജനിതകമാറ്റത്തിനുള്ള സാധ്യതയുള്ളതിനാല്‍ എച്ച്‌ 5 എന്‍ 1 അതിമാരകമായേക്കാം.

3 thoughts on “പക്ഷിപ്പനി: എച്ച്‌5എന്‍1: മനുഷ്യരിലേക്കു പകരാം

Leave a Reply

Your email address will not be published.