കാഞ്ഞിരപ്പള്ളിയില്‍ തഹസീല്‍ദാറെ വെടിവച്ച് കൊന്നു: പ്രതി ആത്മഹത്യ ചെയ്തു

Story Dated :December 7, 2014

കാഞ്ഞിരപ്പള്ളിയില്‍ പട്ടയം മറിച്ച് നല്‍കി ൃയ തഹസീല്‍ദാറെ മുന്‍ സൈനികന്‍ വെടിവച്ചു കൊന്നു.തിരുവനന്തപുരം കുന്നുകുഴി സ്വദേശി രാജപ്പന്‍പിള്ളയാണ് തഹസീല്‍ദാര്‍ ശങ്കരനാരായണപിള്ളയേയും അദ്ദേഹത്തിന്റെ ഭാര്യയേയും ഭാര്യാ സഹോദരിയേയും സ്വന്തം ഭാര്യ അന്നമ്മയേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. 1917 ഫെബ്രുവരി 15നാണ് നാടിനെ നടുക്കിയ കൊലപാതകങ്ങളും ആത്മഹത്യയും കാഞ്ഞിരപ്പള്ളി താലൂക്കില്‍ അരങ്ങേറിയത്. റെഡ് അലര്‍ട്ടില്‍ കേരളത്തില്‍ പ്രചാരമുള്ള പൊലീസ് കഥകള്‍ എഴുതുന്നുവെന്ന് കേട്ടപ്പോള്‍ സ്‌നേഹിതനും ഞങ്ങളുടെ കോട്ടയം റിപ്പോര്‍ട്ടറുമായ എം എസ് അനീഷാണ് കോട്ടയം ജില്ലയില്‍ ഏറെ പ്രചാരമുള്ള കാഞ്ഞിരപ്പള്ളി സംഭവം എന്നോട് പറഞ്ഞത്. സംഭവ കഥ ഇങ്ങനെ പറയാം. തിരുവനന്തപുരത്ത് കുന്നുകുഴി സ്വദേശിയാണ് രാജപ്പന്‍ പിള്ള. രാജപ്പന്‍പിള്ള 1910ല്‍ നായര്‍ പട്ടാളത്തില്‍ ചേര്‍ന്നു. രാജ്യ സേവനത്തിനിടെ രാജപ്പന്‍പിള്ള അന്നമ്മ എന്ന നസ്രാണി സ്ത്രീയെ പരിചയപ്പെട്ടു.സ്‌കൂള്‍ അധ്യാപികയായ അന്നമ്മയും രാജപ്പന്‍പിള്ളയും പ്രണയത്തിലാവുകയും സമൂഹത്തിന്റെ എതിര്‍പ്പ് മറികടന്ന് അവര്‍ വിവാഹിതരാവുകയും ചെയ്തു. വിവാഹം നടന്ന പാടെ നായര്‍ സേനയില്‍ നിന്ന് രാജപ്പന്‍പിള്ളയെ പിരിച്ചു വിട്ടു. അന്നമ്മയ്ക്കും ജോലി നഷ്ടമായി. ജോലി പോയതില്‍ മനസ് പതറാതെ ജീവിതത്തെ നേരിടാന്‍ തന്നെ തീരുമാനിച്ച ഇരുവരും തിരുവനന്തപുരത്ത് ഹജൂര്‍ കച്ചേരിക്ക് സമീപം ഒരു നായര്‍ ക്രിസ്ത്യന്‍ ഹോട്ടല്‍ തുറന്നു. ആദ്യ നാളുകളില്‍ നല്ല കച്ചവടം നടന്നെങ്കിലും ഹോട്ടല്‍ ബിസിനസില്‍ അത്ര കേമനാകാന്‍ രാജപ്പന്‍പ്പിള്ളയ്ക്ക് കഴിഞ്ഞില്ല. ഹോട്ടല്‍ പണി മതിയാക്കിയ രാജപ്പന്‍ പിള്ളയും അന്നമ്മയും കോട്ടയത്തേക്ക് വണ്ടികയറി.അവിടെ കുറെ കാടും മേടും വെട്ടത്തെളിച്ച് കൃഷി തുടങ്ങി. അങ്ങനെ ജീവിക്കാം എന്ന സ്ഥിതി വന്നപ്പോഴാണ് കൃഷി ഭൂമിക്ക് പട്ടയവും ഉടമസ്ഥാവകാശവും സര്‍ക്കാര്‍ നല്‍കുന്ന കാര്യം രാജപ്പന്‍ പിള്ള അറിയുന്നത്. ഉടനെ തന്നെ കാഞ്ഞിരപ്പള്ളി തഹസീല്‍ദാറെ കാണുകയും മുറപോലെ അപേക്ഷ നല്‍കുകയും ചെയ്തു. ഒന്നല്ല പലതവണ തഹസീല്‍ദാറെ കണ്ടെങ്കിലും കാര്യം നടന്നില്ല, അന്നമ്മ തഹീല്‍ദാറുടെ ഭാര്യ മുഖേനയും ശുപാര്‍ശ ചെയ്തു നോക്കി. ഒടുവില്‍ എല്ലാം ശരിപ്പെടുത്താം എന്ന് പറഞ്ഞ തഹസീല്‍ദാര്‍ ഭൂമിക്ക് പട്ടയം നല്‍കി പക്ഷെ അത് രാജപ്പന്‍ പിള്ളയുടെ പേരിലായിരുന്നില്ലെന്ന് മാത്രം. തഹസീല്‍ദാറുടെ ഭാര്യയുടെ സഹോദരന്റെ പേരിലാണ് പട്ടയം പതിച്ചതെന്ന് അറിഞ്ഞ രാജപ്പന്‍ പിള്ള കോപാകുലനായി കുന്നുകുഴിയില്‍ നിന്ന് ഒരു ഇരട്ടക്കുഴല്‍ തോക്ക് വാങ്ങി പിന്നെ ഭാര്യയേയും കൂട്ടി വീടു പൂട്ടി ഇറിങ്ങി. നേരെ പോയത് കാഞ്ഞിരപ്പള്ളിയിലേക്കാണ്. കാഞ്ഞിരപ്പള്ളിയിലെത്തിയ രാജപ്പന്‍ പിള്ളയും ഭാര്യയും അന്ന് ഒരു സത്രത്തില്‍ തങ്ങുകയും രണ്ട് പാട്ട പെട്രോള്‍ സംഘടിപ്പിക്കുകയും ചെയ്തു. പിറ്റേന്ന് രാവിലെ അതായത് സംഭവം നടന്ന 1917 ഫെബ്രുവരി പതിനഞ്ചാം തീയതി തഹസീല്‍ദാറുടെ വീട്ടിലെത്തുകയും കൃത്യം നടത്തുകയും ചെയ്തുവെന്നാണ് കേസ്. തഹസീല്‍ദാറെ വെടിവച്ചു വീഴ്ത്തിയ രാജപ്പന്‍ പിള്ള തഹസീല്‍ ദാറുടെ ഭാര്യയേയും വെടിവച്ചു വീഴ്ത്തി. ഈ സമയം അന്നമ്മ കൈയില്‍ കരുതിയിരുന്ന പെട്രോള്‍ വീട് മുഴവന്‍ ഒഴിച്ചു. കൊലപാതകങ്ങള്‍ കണ്ട് ഭയന്നോടിയ തഹസീല്‍ദാറുടെ ഭാര്യാ സഹോദരിയേയും രാജപ്പന്‍പിള്ള വെടിവച്ചു കൊന്നു. പിന്നീട് തന്റെ പ്രീയപ്പെട്ട ഭാര്യയെ അയാള്‍ അവരുടെ സമ്മതത്തോടെ വെടിവച്ചു കൊന്നു. പിന്നീട് സ്വയം നിറയൊഴിച്ചു. തഹസീല്‍ ദാറുടെ വീട്ടിലെ കറവക്കാരന്‍ കുഞ്ഞന്‍പിള്ളയായിരുന്നു കേസിലെ ഏക ദൃക്‌സാക്ഷി. കാഞ്ഞിരപ്പള്ളിയിലെ അന്നത്തെ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബെയ്‌ലി ആയിരുന്നു. റെഡ് ടാഗ്: തോക്കെടുത്തുള്ള കൊലപാതകങ്ങളും വെടിവപ്പ് കളികളും പണ്ടും നാട്ടില്‍ നടന്നിട്ടുണ്ട്. പിന്നെ ഈ പംക്തിയിലുള്‍പ്പെടുത്തുന്നത് നാട്ടില്‍ പ്രചാരത്തിലുള്ള പൊലീസ് കഥകളാണ്. ഇത് യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ടോ ഇല്ലയോ എന്നത് ചരിത്ര വിഷയമാണ് . അത് ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് വിട്ടു കൊടുക്കുന്നു. ചരിത്രത്തില്‍ നിന്ന് കഥ ചോര്‍ത്തിത്തന്ന എം എസ് അനീഷിന് നന്ദി. നിങ്ങള്‍ക്ക് ഏതെങ്കിലും പൊലീസ് കഥ അറിയാമെങ്കില്‍ എഴുതുക.

2 thoughts on “കാഞ്ഞിരപ്പള്ളിയില്‍ തഹസീല്‍ദാറെ വെടിവച്ച് കൊന്നു: പ്രതി ആത്മഹത്യ ചെയ്തു

Leave a Reply

Your email address will not be published.

Other Stories