കോഴിക്കോട് ചുംബനസമരത്തിന് നിരോധം; നഗരത്തില്‍ നിരോധനാജ്ഞ

Story Dated :December 7, 2014

സദാചാര ഗുണ്ടായിസത്തിനെതിരെ കിസ്​ ഇന്‍ ദ സ്ട്രീറ്റ് പ്രവര്‍ത്തകര്‍ ഇന്ന് കോ‍ഴിക്കോട്ട് ചുംബനസമരം നടത്തി. മൊഫ്യൂസല്‍ ബസ്റ്റാന്‍ഡിലാണ്​ സമരം. സമരക്കാരെ പൊലീസ്​ അറസ്റ്റ് ചെയ്തു നീക്കി. സമരം തടയാനെത്തിയ ഹനുമാന്‍സേന പ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തു. പരിസരത്ത് തടിച്ച് കൂടിയ ആളുകള്‍ക്ക് നേരെ പോലീസ്​ ലാത്തി വീശി. മൂന്നു മണിയോടെയാണ് ചുംബന സമരം നടത്തുമെന്ന് അറിയിച്ചിരുന്നത്. എന്നാല്‍ രണ്ടു മണിയോടെ തന്നെ ചുംബന സമരക്കാര്‍ മാവൂര്‍ റോഡില്‍ നിന്നു പ്രകടനമായി ബസ്റ്റാന്‍ഡിലേക്ക് വരുകയായിരുന്നു. സമരക്കാരെ വലിയ ജനക്കൂട്ടമാണ് സ്വീകരിച്ചത്. ഇതിനു മുമ്പ് തന്നെ ചുംബന സമരത്തിന് പൊലീസ് നിരോധം ഏര്‍പ്പെടുത്തിയിരുന്നു. ബസ്റ്റാന്‍ഡിന് അഞ്ഞൂറ് മീറ്റര്‍ പരിധിയില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ചാണ് സമരക്കാര്‍ ബസ്റ്റാന്‍ഡിലേക്ക് പ്രകടനമായി എത്തിയത്. ഇതേത്തുടര്‍ന്ന് എതിര്‍ദിശയില്‍ നിന്നു സമരക്കാരെ തടയാന്‍ പത്തോളം പേര്‍ അടങ്ങിയ ഹനുമാന്‍സേനക്കാരും എത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെടുകയായിരുന്നു. ഇതിനിടെയാണ് പൊലീസ് സമരക്കാരെയും ഹനുമാന്‍ സേനക്കാരെയും അറസ്റ്റു ചെയ്തുനീക്കിയത്. പരസ്യമായി ചുംബിച്ചാല്‍ സമരക്കാരെ നഗ്നരാക്കി നടത്തുമെന്ന് ഹനുമാന്‍സേനക്കാര്‍ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു.

2 thoughts on “കോഴിക്കോട് ചുംബനസമരത്തിന് നിരോധം; നഗരത്തില്‍ നിരോധനാജ്ഞ

Leave a Reply

Your email address will not be published.

Other Stories