കൊല്ലം നമ്മുടെ ഇല്ലം

കൊല്ലം : കൊല്ലം നമ്മുടെ ഇല്ലം എന്നാ ഫേസ് ബുക്ക്‌ കൂട്ടായ്മയുടെ രണ്ടാം വാര്‍ഷിക ആഘോഷവും ക്രിസ്മസ് ആഘോഷവും ഈ കഴിഞ്ഞ 21-ന്പൂവംപുഴ ബാലശ്രമത്തില്‍ വെച്ച് നടത്തുക ഉണ്ടായി . പ്രസ്തുത പരിപാടിയില്‍ വെച്ച് കൊല്ലത്തിന്റെ പ്രിയ ചിത്രകാരനും കൂട്ടയിമയിലെ അംഗം കൂടി ആയ ശ്രീ. ആപ്പിള്‍ തങ്കശ്ശേരി-ക്ക് കൊല്ലം നമ്മുടെ ഇല്ലത്തിന്റെ ഉപഹാരംശ്രീ. റിയാസ് നജുമുദീന്‍ സമര്‍പ്പിച്ചു. . സുതാര്യമായ സേവനം ആണ് കൊല്ലം നമ്മുടെ ഇല്ലം കഴ്ചവെക്കുന്നത് എന്ന് ആപ്പിള്‍ തങ്കശേരി അനുസ്മരിച്ചു .ആശ്രമം അന്തേവാസികളുടെ കലാപരിപാടികള്‍ കൂടാതെ ഗ്രൂപ്പ്‌ അംഗങ്ങളുടെ നൃത്തഗാന പരിപാടികളും ഉണ്ടായിരുന്നു.കുട്ടികളുടെ പഠന ആവശ്യങ്ങള്‍ക്ക് ആയിട്ടുള്ള സാമ്പത്തിക സഹായം കൊല്ലം നമ്മുടെ ഇല്ലം കൂട്ടായ്മയുടെ ഭാരവാഹി കൂടി അയ ശ്രീ. റിയാസ് പട്പ്പനാല്‍ ആശ്രമം നടത്തിപ്പുകാര്‍ക്ക് കൈമാറി.ആശ്രമം സെക്രട്ടറി ശ്രീ.ശൈലേന്ദ്ര ബാബവും ഇല്ലം ഭാരവാഹി ശ്രീ. ക്രിസ്റ്റി ജോണ്‍ എന്നിവര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ. ആപ്പിള്‍ തങ്കശേരി, റിയാസ് പടപ്പനാല്‍ എന്നിവര്‍ പ്രസംഗിച്ചു .

40,000-ല്‍ പരം അംഗങ്ങള്‍ ഉള്ള കൊല്ലം നമ്മുടെ ഇല്ലം എന്ന കൂട്ടായ്മ കൊല്ലത്തെ സാമൂഹിക പ്രശങ്ങളിലും സേവന രംഗത്തും എന്നും മുന്നിട്ടു നില്‍ക്കുന്ന ഒരു കൂട്ടായ്മയാണിത്. ഇരവിപുരം കാരുണ്യ തീരം ബാലഭവനിലും ചാത്തന്നൂര്‍ കാരുണ്യ ആശ്രമത്തിലും കൊട്ടാരക്കര മാര്‍ത്തോമ ജുബിലീ മന്ദിരത്തിലും തങ്ങളെ കൊണ്ട് ആവുന്നതരത്തില്‍ സാന്നിധ്യം എത്തിക്കാന്‍ ഇവര്‍ക്ക് സാധിച്ചു

കൊല്ലത്ത് വീട്ടമ്മയെ കൊന്ന് സെപ്റ്റിക് ടാങ്കില്‍ തള്ളി; ഭര്‍ത്താവിനെ കാണാന്‍ ഇല്ല

കൊല്ലം: വീട്ടമ്മയെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തളളിയ നിലയില്‍ കണ്ടെത്തി.കൊല്ലം കുണ്ടറ കാക്കോലിലാണ് സംഭവം. കേസില്‍ ഭര്‍ത്താവ് വിജയരാജനായി പോലീസ് അന്വേഷണം തുടങ്ങി. കാക്കോലില്‍ വിഷ്ണു മന്ദിരത്തില്‍ വിജയരാജന്റെ രണ്ടാം ഭാര്യ മിനിയാണ് മരിച്ചത്. വീടിനോട് ചേര്‍ന്ന ആട്ടോ മൊബൈല്‍ വര്‍ക്ക് ഷോപ്പിന് പിന്നിലെ സെപ്റ്റിക് ടാങ്കിലാണ് മിനിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ മിനിയെ കാണാനില്ലെന്ന് കാട്ടി ഭര്‍ത്താവ് വിജയരാജന്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് അന്വേഷിക്കുന്നതിനിടെ കഴിഞ്ഞ ദിവസം രാത്രി ഭാര്യയെ താന്‍ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കില്‍ തളളിയിട്ടുണ്ടെന്ന് വിജരാജന്‍ എസ് ഐയെ അറിയിക്കുകയായിരുന്നു. ആത്മഹത്യയ്ക്ക് ശ്രമിച്ച നിലയില്‍ ആശുപത്രിയില്‍ ചികില്‍സ തേടിയ ഇയാള്‍ പിന്നീട് ഒളിവില്‍പോയെന്ന് പോലീസ് അറിയിച്ചു. ആദ്യ ഭാര്യയെ ഉപേക്ഷിച്ച വിജയരാജന്‍ രണ്ടാം ഭാര്യയുമായി നിരന്തരം കലഹമായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. പ്രതിക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.

ജനപക്ഷയാത്ര: പോലീസ്‌ ദേശീയപാത തടഞ്ഞതു വിവാദമാകുന്നു

കരുനാഗപ്പള്ളി: ജനപക്ഷയാത്രയ്‌ക്കായി കരുനാഗപ്പള്ളിയില്‍ പോലീസ്‌ മണിക്കൂറോളം ദേശീയപാതയില്‍ വാഹനഗതാഗതം തടഞ്ഞ സംഭവം വിവാദമാകുന്നു. വൈകിട്ട്‌ ആറിനു കരുനാഗപ്പള്ളിയില്‍ എത്തിച്ചേരുമെന്ന്‌ അറിയിച്ച യാത്ര രാത്രി ഒന്‍മ്പതിനാണ്‌ എത്തിയത്‌. എന്നാല്‍ പോലീസ്‌ എട്ടോടെ ദേശീയപാതയില്‍ കരുനാഗപ്പള്ളി മോഡല്‍ സ്‌ക്കൂളിനു മുന്നില്‍ ജീപ്പ്‌ റോഡിന്‌ കുറുകെയിട്ടു വാഹനഗതാഗതം തടയുകയായിരുന്നു. ജാഥ എത്തിയശേഷമാണു ഗതാഗതം പുനസ്‌ഥാപിച്ചത്‌. മുന്നറിയിപ്പുകൂടാതെയും വാഹനങ്ങള്‍ ഫലപ്രദമായി തിരിച്ചുവിടാതെയും ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞത്‌ കിലോമീറ്റര്‍ ദൂരത്തില്‍ വാഹനകുരുക്കിനു കാരണമായി. രോഗികളുമായി എത്തിയ ആബുലന്‍സുകള്‍ വരെ കുരുക്കില്‍പെട്ടു മണിക്കൂറുകള്‍ കാത്തുകിടക്കേണ്ടിവന്നു. കൊല്ലം ഭാഗത്തുനിന്നുമെത്തിയ വാഹനങ്ങള്‍ കരുനാഗപ്പള്ളി സി.പി.ഐ ഓഫീസിനുമുന്നില്‍ തടഞ്ഞിട്ടത്‌ ടൗണിലെ ഇടറോഡുകളിലും ഗതാഗതതടസത്തിനു കാരണമായി. പോലീസുതന്നെ ഗതാഗതം തടഞ്ഞു യാത്രക്കാരെ വലച്ച സംഭവത്തില്‍ ഉന്നതാധികാരികള്‍ക്കു നാട്ടുകാര്‍ പരാതി നല്‍കി.

ഉണ്ണിക്കൃഷ്ണന്റെ അവയവങ്ങള്‍ ഇനി ജീവന്‍ പകരും

കരുനാഗപ്പള്ളി: വാഹനാപകടത്തില്‍ മരിച്ച സിപിഐ എം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍കമ്മിറ്റി സെക്രട്ടറി സി പി ഉണ്ണിക്കൃഷ്ണന്റെ അവയവങ്ങള്‍ ഇനി മറ്റുള്ളവര്‍ക്കു ജീവനേകും. മസ്തിഷ്കമരണം സംഭവിച്ച ഉണ്ണിക്കൃഷ്ണന്റെ കണ്ണുകളും ഹൃദയവും വൃക്കകളും കരളും ശ്വാസകോശവുമാണ് ദാനം ചെയ്തത്. ഇതുസംബന്ധിച്ച സമ്മതപത്രത്തില്‍ ഭാര്യ അന്‍സി ഒപ്പുവച്ചു. സഹോദരങ്ങളുടെയും മറ്റു ബന്ധുക്കളുടെയും പൂര്‍ണ സമ്മതത്തോടെയാണ് ബുധനാഴ്ച അവയവങ്ങള്‍ ദാനംചെയ്തത്. ദേശീയപാതയില്‍ വവ്വാക്കാവിനു സമീപം കഴിഞ്ഞ 29നു രാത്രി ഏഴിന് ഉണ്ണിക്കൃഷ്ണന്‍ സഞ്ചരിച്ച ബൈക്കില്‍ അമിതവേഗത്തിലെത്തിയ മറ്റൊരു ബൈക്ക് ഇടിക്കുകയായിരുന്നു. റോഡുവക്കിലെ മൈല്‍കുറ്റിയിലേക്ക് തെറിച്ചുവീണ് തലയ്ക്കു ഗുരുതരമായി പരിക്കുപറ്റി. എറണാകുളം ലേക്ക്ഷോര്‍ ആശുപത്രിയില്‍ അബോധാവസ്ഥയില്‍ കഴിയുകയായിരുന്നു ഇത്രയും നാള്‍. മരണസമയത്ത് ഭാര്യ അന്‍സി, സഹോദരങ്ങളായ സത്യന്‍, മുരളി, സഹോദരീഭര്‍ത്താവ് സുദര്‍ശനന്‍, സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്അംഗം പി ആര്‍ വസന്തന്‍, കരുനാഗപ്പള്ളി ഏരിയസെക്രട്ടറി പി കെ ബാലചന്ദ്രന്‍, കമ്മിറ്റിഅംഗം ജി സുനില്‍, ഡിവൈഎഫ്ഐ ഏരിയസെക്രട്ടറി ബി ബ്രിജിത് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. സി പി ഉണ്ണിക്കൃഷ്ണന്റെ മരണത്തോടെ ഊര്‍ജസ്വലമായ പ്രവര്‍ത്തനത്തിലൂടെ മാതൃകയായ കറകളഞ്ഞ കമ്യൂണിസ്റ്റുകാരനെയാണ് നഷ്ടമായത്. പത്തുവര്‍ഷം തുടര്‍ച്ചയായി പഞ്ചായത്ത്അംഗമായിരുന്നു. കര്‍ഷകസംഘത്തിന്റെ ഏരിയ വൈസ്പ്രസിഡന്റായിരുന്ന ഉണ്ണിക്കൃഷ്ണന്‍ പ്രദേശത്ത് കാര്‍ഷികരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്കായി കര്‍ഷകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. പൂര്‍ണസമയം രാഷ്ട്രീയ- സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന ഉണ്ണിക്കൃഷ്ണന്‍ വിവാഹം കഴിച്ചത് ഏറെ വൈകിയാണ്. അവിഭക്ത കമ്യൂണിസ്റ്റ്പാര്‍ടി ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും പിന്നീട് സിപിഐ എം ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുമായിരുന്ന മാതൃകാ അധ്യാപകനായ അച്ഛന്‍ പീതാംബരന്റെ പാത പിന്തുടര്‍ന്നാണ് ഉണ്ണിക്കൃഷ്ണന്‍ സജീവരാഷ്ട്രീയത്തില്‍ എത്തിയത്. ഡിവൈഎഫ്ഐ നേതാവ് എന്ന നിലയില്‍ പ്രദേശത്തെ യുവാക്കളെ സംഘടിപ്പിക്കുന്നതില്‍ മുന്നില്‍നിന്നു. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞ് ഏറെനാള്‍ ട്യൂട്ടോറിയല്‍ അധ്യാപകനായിരുന്നു. മികച്ച അധ്യാപകനെന്ന നിലയില്‍ പ്രദേശത്ത് നൂറുകണക്കിന് ശിഷ്യഗണങ്ങളാണ് ഉണ്ണിക്കൃഷ്ണനുള്ളത്. 2000 മുതല്‍ 2005 വരെ കുലശേഖരപുരം പഞ്ചായത്തിലെ നീലികുളം വാര്‍ഡ്അംഗമായിരുന്നു. ഈ കാലയളവില്‍ വാര്‍ഡില്‍ ഒട്ടനവധി വികസനപദ്ധതികള്‍ നടപ്പാക്കി. ഇതിലൂടെ ജനങ്ങളുടെ പ്രിയപ്പെട്ട നേതാവായി മാറി. 2005 മുതല്‍ 2010വരെ കെഎസ് പുരം വാര്‍ഡിനെ പ്രതിനിധീകരിച്ചു. കുലശേഖരപുരത്ത് ഏറെ വികസനം വന്നത് ഇക്കാലയളവിലാണ്. കുലശേഖരപുരം സര്‍വീസ് സഹകരണബാങ്ക് ഭരണസമിതി അംഗം, സിപിഐ എം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സിപിഐ എം കുലശേഖരപുരം നോര്‍ത്ത് ലോക്കല്‍കമ്മിറ്റി സെക്രട്ടറിയുടെ ചുമതല വഹിച്ചിട്ടുണ്ട്. കുലശേഖരപുരം ഹൈസ്കൂളിലെ അധ്യാപകനായിരുന്ന അച്ഛന്‍ പീതാംബരന്‍ അധ്യാപകസംഘടനാ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു. അദ്ദേഹം 1987-90 കാലയളവില്‍ സിപിഐ എം കുലശേഖരപുരം ലോക്കല്‍കമ്മിറ്റി സെക്രട്ടറിയും പഞ്ചായത്ത്അംഗവുമായിരുന്നു. ഉണ്ണിക്കൃഷ്ണന്റെ മരണവാര്‍ത്ത പ്രദേശത്തെയാകെ ശോകമൂകമാക്കി. കുലശേഖരപുരം, കരുനാഗപ്പള്ളി, ആലപ്പാട്, ക്ലാപ്പന, ഓച്ചിറ, തഴവ, തൊടിയൂര്‍ പ്രദേശങ്ങളില്‍നിന്ന് നൂറുകണക്കിന് ആളുകളാണ് നീലികുളം ഗീതാഭവനിലേക്ക് എത്തിയത്. വള്ളിക്കാവില്‍ 29നു വൈകിട്ട് ചേര്‍ന്ന സിപിഐ എം കരുനാഗപ്പള്ളി ഏരിയസമ്മേളന സ്വാഗതസംഘം യോഗത്തില്‍ പങ്കെടുത്തശേഷം സിപിഐ എം പ്രവര്‍ത്തകന്‍ ഷാജിയുടെ മകളുടെ വിവാഹവീട്ടിലേക്കു പോകാനായി റോഡ് മുറിച്ചുകടക്കാന്‍ ബൈക്കില്‍ കാത്തുനില്‍ക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

റോജി റോയിയുടെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബന്ധുക്കള്‍

തിരുവന്തപുരം കിംസ് ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയായിരുന്ന റോജി റോയിയുടെ മരണത്തിലെ ദുരൂഹത പുറത്ത് കൊണ്ട് വരാന്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് ബന്ധുക്കള്‍. ആഭ്യന്തരമന്ത്രി നിയോഗിച്ച പ്രത്യാക അന്വേഷണ സംഘം ഇതുവരെ റോജി റോയിയുടെ വീട്ടിലെത്തുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല… ഈ സാഹചര്യത്തില്‍ അന്വേഷണം അട്ടിമറിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച കഴിഞ്ഞമാസം ആറിനാണ് റോജി റോയിയെ കിംസ് ആശുപത്രിയുടെ പത്താം നിലയില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്രൈംഡിറ്റാച്ച്‌മെന്റ് എസിപി കെ ഇ ബൈജുവിന്റെ നേതൃത്വത്തിലുള്ള സംഘം ആദ്യം കേസന്വേഷിച്ചു. ദുരൂഹത ആരോപിച്ച് ബന്ധുക്കളും നാട്ടുകാരും രംഗത്തെത്തിയതോടെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യാക സംഘത്തെ നിയോഗിച്ചു. എന്നാല്‍ ഈ അന്വേഷണവും അട്ടിമറിക്കപ്പെട്ടന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തിലെ ദൂരൂഹത മാറണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നാണ് ഇവരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ആക്ഷന്‍ കൗനണ്‍സിലിന്റെയും ഫേസ്ബുക്ക് കൂട്ടായ്മയുടെയും നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ജൂനിയര്‍ വിദ്യാര്‍ത്ഥി കളെ റാഗ് ചെയ്തതിന് വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടതിന് റോജി റോയ് പത്താം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.

റെഡ് റിംഗ് ചെമ്മീൻ കൊള്ളയടിക്കുവാൻ വിദേശ ട്രോളറുകൾക്ക് കോസ്റ്റ് ഗാർഡ് സഹായം .

കൊല്ലം : റെഡ് റിംഗ് ചെമ്മീൻ പിടിക്കുന്നതിൽ നിന്ന്  ഇന്ത്യൻ ബോട്ടുകളെ തടയുന്നതിനുള്ള കോസ്റ്റ് ഗാർഡിന്റെ ശ്രമമാണ് വിദേശ ട്രോളറുകൾക്കു വേണ്ടിയുള്ള ഗൂഢാലോചന പുറത്തു കൊണ്ടു വന്നത്. റെഡ് റിംഗ് ചെമ്മീൻ പിടിക്കുന്ന ബോട്ടുകൾ കസ്റ്റഡിയിൽ എടുക്കുകയും മത്സ്യ തൊഴിലാളികൾക്ക് എതിരെ കെസെടുക്കുകയുമാണ് കോസ്റ്റ് ഗാർഡ് ചെയ്യുന്നത് . വിഴിഞ്ഞത്തും   കൊല്ലത്തുമുള്ള നിരവധി ബോട്ടുകളെ ഇതിനകം കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു കഴിഞ്ഞു. വിദേശ ട്രോളറുകളിൽ നിന്ന് വൻ തുക കോഴ വാങ്ങിയാണ് ഇന്ത്യൻ തീരം കൊള്ള ചെയ്യുവാൻ കോസ്റ്റ് ഗാർഡ് സഹായം ചെയ്യുന്നതെന്ന് മത്സ്യ തൊഴിലാളികൾക്കിടയിൽ വ്യാപകമായ ആക്ഷേപമുയർന്നിട്ടുണ്ട്.

കശുവണ്ടിത്തൊഴിലാളി സമരം കരുത്താര്‍ജിച്ചു

കൊല്ലം: മിനിമംകൂലി അടിയന്തരമായി പുതുക്കി നിശ്ചയിക്കണമെന്ന് ആവശ്യപ്പെട്ട് കശുവണ്ടിത്തൊഴിലാളികള്‍ ഫാക്ടറികള്‍ക്കു മുന്നില്‍ ആരംഭിച്ച നിരാഹാരസമരം കരുത്താര്‍ജിച്ചു. മിനിമംകൂലി പുതുക്കി നിശ്ചയിക്കുന്നതിന് തീരുമാനിച്ച കമ്മിറ്റിയുടെ കരട് നിര്‍ദേശം അംഗീകരിക്കാതെ നീട്ടിക്കാണ്ടുപോകുന്നതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ തെരഞ്ഞെടുത്ത ഫാക്ടറികളില്‍ നിരാഹാരസത്യഗ്രഹം തുടങ്ങിയത്. ഇരുപത്തിനാലിന് കൊല്ലം, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ കശുവണ്ടി വ്യവസായകേന്ദ്രങ്ങളില്‍ തൊഴിലാളികള്‍ പകല്‍ 10 മുതല്‍ 11വരെ വഴിതടയല്‍ സമരം നടത്തും. പോരുവഴി ഇടയ്ക്കാട് രാജന്‍ കാഷ്യൂഫാക്ടറിയില്‍ നിരാഹാരസമരം ആരംഭിച്ചു. കാഷ്യൂ വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്തു. സിപിഐ എം പോരുവഴി കിഴക്ക് ലോക്കല്‍കമ്മിറ്റി സെക്രട്ടറി ബി ബിനീഷാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ചിറക്കര ഉളിയനാട് എംഎംകെ കശുവണ്ടി ഫാക്ടറിയില്‍ സമരം സിപിഐ എം ജില്ലാകമ്മിറ്റി അംഗം കെ സേതുമാധവന്‍ ഉദ്ഘാടനംചെയ്തു. പി മനു സത്യഗ്രഹം അനുഷ്ഠിക്കുന്നു. കാട്ടാമ്പള്ളി ബെഫി കാഷ്യൂഫാക്ടറിക്കു മുന്നില്‍ ഡി സനല്‍ ആരംഭിച്ച സമരം സിപിഐ എം ലോക്കല്‍കമ്മിറ്റി സെക്രട്ടറി ജി ദിനേശ്കുമാര്‍ ഉദ്ഘാടനംചെയ്തു. മേളയ്ക്കാട് ശ്രീലക്ഷ്മി കാഷ്യൂഫാക്ടറിക്കു മുന്നില്‍ നിഷാദ് റഹ്മാന്‍ ആരംഭിച്ച സമരം സിപിഐ എം ഏരിയസെക്രട്ടറി എസ് വിക്രമന്‍ ഉദ്ഘാടനംചെയ്തു. പുതുക്കോട് അല്‍ ഫാനൂസ് കാഷ്യൂഫാക്ടറിക്കു മുന്നില്‍ എം സൈനുലാബ്ദീന്‍ ആരംഭിച്ച സമരം സിപിഐ എം ഏരിയകമ്മിറ്റി അംഗം എം നസീര്‍ ഉദ്ഘാടനംചെയ്തു. പാറയ്ക്കാട് തമ്പുരാന്‍ കാഷ്യൂഫാക്ടറിക്കു മുന്നില്‍ ജയന്‍ ആരംഭിച്ച സമരം സിപിഐ എം ഏരിയകമ്മിറ്റി അംഗം വി വേണു ഉദ്ഘാടനംചെയ്തു. പുലിപ്പാറ സെന്റ് ജോണ്‍സ് ഫാക്ടറിക്കു മുന്നില്‍ അനിരുദ്ധന്‍ ആരംഭിച്ച സമരം സിപിഐ എം ഏരിയസെക്രട്ടറി എസ് വിക്രമന്‍ ഉദ്ഘാടനംചെയ്തു. ചെറുവക്കല്‍ ബിഎല്‍സി ഫാക്ടറിക്കു മുന്നില്‍ ആരംഭിച്ച സമരം സിപിഐ എം ജില്ലാസെക്രട്ടറിയറ്റ് അംഗം എസ് സുദേവന്‍ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം വൈ രാജന്‍ നിരാഹാരം അനുഷ്ഠിച്ചുതുടങ്ങി. ചെറുവക്കല്‍ കോട്ടയ്ക്കവിള ബെഫി ഫാക്ടറിക്കു മുന്നിലെ നിരാഹാരസമരം സിപിഐ എം ജില്ലാകമ്മിറ്റി അംഗം ഡി രാജപ്പന്‍നായര്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ വില്ലേജ് സെക്രട്ടറി സജീവ് നിരാഹാരം അനുഷ്ഠിക്കുന്നു. കശുവണ്ടി വികസന കോര്‍പറേഷന്‍ കൊട്ടിയം ഒന്നാംനമ്പര്‍ ഫാക്ടറിയില്‍ കാഷ്യൂ വര്‍ക്കേഴ്സ് സെന്റര്‍ (സിഐടിയു) സംസ്ഥാന സെക്രട്ടറി ഇ കാസിം ഉദ്ഘാടനംചെയ്തു. അമര്‍ജിത് നിരാഹാരം ആരംഭിച്ചു. ആദിച്ചനല്ലൂര്‍ കൈതക്കുഴിയില്‍ കെഎഫ്പി ഫാക്ടറിയില്‍ കെ സുഭഗന്‍ സമരം ഉദ്ഘാടനംചെയ്തു. പ്രസാദ് നിരാഹാരം ആരംഭിച്ചു. നെടുമ്പന നോര്‍ത്ത് വട്ടവിള സെന്റ്പോള്‍ കാഷ്യുഫാക്ടറിയില്‍ സമരം ബി തുളസീധരക്കുറുപ്പ് ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ നെടുമ്പന നോര്‍ത്ത് മേഖലാ കമ്മിറ്റിഅംഗം ലിജിത്ത് നിരാഹാരം തുടങ്ങി. അഞ്ചല്‍ അറയ്ക്കല്‍ അല്‍ഫോണ്‍സാ കാഷ്യുഫാക്ടറി പടിക്കല്‍ സിപിഐ എം അറയ്ക്കല്‍ ലോക്കല്‍കമ്മിറ്റി അംഗവും ഇടമുളയ്ക്കല്‍ പഞ്ചായത്ത് അംഗവുമായ പി രാജീവ് നിരാഹാര സത്യാഗ്രഹ സമരം ആരംഭിച്ചു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്അംഗം എസ് ജയമോഹന്‍ നിരാഹാരസമരം ഉദ്ഘാടനം ചെയ്തു. അഞ്ചല്‍ സണ്‍ഫുഡ് കോര്‍പറേഷന്‍ ഫാക്ടറിക്കു മുന്നില്‍ സിപിഐ എം അഞ്ചല്‍ വെസ്റ്റ് ലോക്കല്‍കമ്മിറ്റി അംഗം രാജന്‍ നിരാഹാരസമരം ആരംഭിച്ചു. കാഷ്യുനട്ട് വര്‍ക്കേഴ്സ് സെന്റര്‍ അഞ്ചല്‍ മേഖലാസെക്രട്ടറി പി അനില്‍കുമാര്‍ സമരം ഉദ്ഘാടനം ചെയ്തു. കുണ്ടറ ചന്ദനത്തോപ്പ് വിഎല്‍സി കാഷ്യൂഫാക്ടറി പടിക്കല്‍ നിരാഹാരസമരം സിപിഐ എം ജില്ലാസെക്രട്ടറി കെ രാജഗോപാല്‍ ഉദ്ഘാടനംചെയ്തു. ഡിവൈഎഫ്ഐ കുണ്ടറ ബ്ലോക്ക് സെക്രട്ടറി പി ഉദയകുമാര്‍ നിരാഹാരം ആരംഭിച്ചു. പെരിനാട് കുഴിയം കാപ്പക്സ് ഫാക്ടറിയില്‍ നിരാഹാര സമരം സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ഗുരുദാസന്‍ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത്അംഗം എസ് എല്‍ സജികുമാര്‍ നിരാഹാരം തുടങ്ങി. പേരയം ടേസ്റ്റി കാഷ്യൂഫാക്ടറിയില്‍ സമരം സിഐടിയു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനംചെയ്തു. സിപിഐ എം കുണ്ടറ ഏരിയകമ്മിറ്റി അംഗം ജി ഗോപിലാല്‍ നിരാഹാരം തുടങ്ങി. പെരുമ്പുഴ കാപ്പക്സ് ഫാക്ടറിക്കു മുന്നില്‍ ഇളമ്പള്ളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എം അനീഷ് തുടങ്ങിയ നിരാഹാരം രണ്ടാം ദിവസം പിന്നിട്ടു. എഴുകോണ്‍ തേവലപ്പുറം പുല്ലാമല ചന്ദ്രാ കാഷ്യൂ ഫാക്ടറിയില്‍ സമരം സിഐടിയു നെടുവത്തൂര്‍ ഏരിയസെക്രട്ടറി പിതങ്കപ്പന്‍പിള്ള ഉദ്ഘാടനംചെയ്തു. നിര്‍മാണത്തൊഴിലാളി യൂണിയന്‍ ഏരിയസെക്രട്ടറി വിജയന്‍പിള്ളയാണ് നിരാഹാരം അനുഷ്ഠിക്കുന്നത്.