കേരളത്തിന് പ്രശംസ,അഞ്ചാം വര്‍ഷക്കാര്‍ക്ക് ഹജ്ജിന് നേരിട്ട് അവസരം

കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന തുടര്‍ച്ചയായി നാലു തവണ അപേക്ഷിച്ചിട്ടും ഹജ്ജിന് അവസരം ലഭിക്കാത്തവര്‍ക്ക് അടുത്ത വര്‍ഷം നേരിട്ട് അവസരം നല്‍കാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി തീരുമാനിച്ചു. ഇന്നലെ മുംബൈയില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി വിളിച്ചുചേര്‍ത്ത സംസ്ഥാന ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെ യോഗത്തിലാണു തീരുമാനം .സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പുമുസ്ല്യാരാണ് കേരളത്തിന്റെ വിഷയം യോഗത്തില്‍ അവതരിപ്പിച്ചത്. തുടര്‍ന്നാണ് ഇവര്‍ക്ക് നേരിട്ട് അനുമതി നല്‍കാന്‍ കേന്ദ്രം തിരുമാനിച്ചത്. ഇതോടെ അഞ്ചാം വര്‍ഷക്കാരായ അപേക്ഷകര്‍ക്കു നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കുമെന്ന് ഉറപ്പായി. കേരളത്തില്‍ നിന്നു നാലാം വര്‍ഷക്കാരായ 3352 പേര്‍ക്കാണ് കഴിഞ്ഞവര്‍ഷം അവസരം നഷ്ടമായത്. ഇവര്‍ക്ക് പ്രത്യേക ഹജ്ജ് ക്വോട്ട അനുവദിക്കണമെന്നു കേരളം ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം പരിഗണിക്കാമെന്നാണു മറുപടി ലഭിച്ചത്. അടുത്ത ഹജ്ജ് അപേക്ഷാ ഫോം വിതരണവും സ്വീകരണവും ജനുവരി രണ്ടാംവാരം ആരംഭിക്കും. മികച്ച രീതിയില്‍ ഹജ്ജ് സര്‍വീസ് നിര്‍വഹിച്ച കേരളത്തെ യോഗത്തില്‍ അഭിനന്ദിച്ചു. എന്നാല്‍ കേരളം ഒഴികെയുളള സംസ്ഥാനങ്ങള്‍ക്കെല്ലാം നിരവധി പരാതികളാണ് ഉന്നയിക്കാനുണ്ടായിരുന്നത്. എയര്‍ ഇന്ത്യയുടെ ഹജ്ജ് സര്‍വീസിനെക്കുറിച്ചായിരുന്നു ഏറെ ആക്ഷേപം. ഇന്ത്യയില്‍ നിന്ന് 14 ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നാണ് എയര്‍ഇന്ത്യ ഈ വര്‍ഷം ഹജ്ജ് സര്‍വീസ് നടത്തിയത്. മറ്റുളള ഏഴ് സ്ഥലങ്ങളില്‍ നിന്ന് സൗദി എയര്‍ലൈന്‍സും സര്‍വീസ് നടത്തി. കേരളത്തില്‍ നിന്ന് സൗദി എയര്‍ലൈന്‍സാണ് ഹജ്ജ് സര്‍വീസ് നടത്തിയത്. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം.ബാപ്പുമുസ്ല്യാര്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റിയംഗം അബ്ദുസമ്മദ് പൂക്കോട്ടൂര്‍, ഹജ്ജ് അസി. സെക്രട്ടറി ഇ.സി.മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.

മലപ്പൂറം വീണ്ടും ഫുട്ബോള്‍ ലഹരിയിലേക്ക്

മലപ്പുറം: ഫുട്ബോള്‍ ലഹരിയില്‍ സ്വയം മറക്കാന്‍ മലപ്പുറം വീണ്ടും ഒരുങ്ങുകയായി. ബോബി ആന്‍ഡ് മറഡോണ ട്രോഫിക്കു വേണ്ടിയുള്ള സംസ്ഥാന സീനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഞായറാഴ്ച കോട്ടപ്പടി സ്റ്റേഡിയത്തില്‍ തുടക്കമാകും. രണ്ടുവര്‍ഷത്തെ ഇടവേളക്കുശേഷം ടൂര്‍ണമെന്റ് വീണ്ടും മലപ്പുറത്തെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഫുട്ബോള്‍ പ്രേമികള്‍. കോട്ടപ്പടി മൈതാനം സ്റ്റേഡിയമാക്കിയ ശേഷമുള്ള ആദ്യ പ്രമുഖ ടൂര്‍ണമെന്റിനുള്ള ഒരുക്കം പൂര്‍ത്തിയായതായി സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ടൂര്‍ണമെന്റിനുള്ള അനുബന്ധ സൗകര്യങ്ങള്‍ സ്റ്റേഡിയത്തില്‍ ഒരുങ്ങി. 23 മുതല്‍ ഡിസംബര്‍ മൂന്നുവരെയാണ് ടൂര്‍ണമെന്റ്. 30, 31 തീയതികള്‍ ഒഴികെ എല്ലാ ദിവസവും മത്സരമുണ്ടാകും. കഴിഞ്ഞവര്‍ഷത്തെ ഒന്നാംസ്ഥാനക്കാരായ കാസര്‍കോടും രണ്ടാം സ്ഥാനക്കാരായ മലപ്പുറവും നേരിട്ട് ക്വാര്‍ട്ടറില്‍ മത്സരിക്കും. പ്രാഥമിക റൗണ്ടില്‍ 12 ടീമുകളാണുള്ളത്. ഇവയില്‍ നിന്ന് ആറ് ടീമുകള്‍ കൂടി ക്വാര്‍ട്ടറില്‍ പ്രവേശിക്കും. 23-ന് വൈകിട്ട് 6.30ന് ഉദ്ഘാടന മത്സരത്തില്‍ ആലപ്പുഴ പത്തനംതിട്ടയെ നേരിടും. കേരള ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ എം ഐ മേത്തര്‍ ടൂര്‍ണമെന്റ് ഉദ്ഘാടനംചെയ്യും. 25, 27, 28, ഡിസംബര്‍ മൂന്ന് ദിവസങ്ങളില്‍ രണ്ട് മത്സരങ്ങളുണ്ടാകും. ആദ്യ കളി വൈകിട്ട് നാലിനും രണ്ടാമത്തേത് 6.30നും.2012-ല്‍ അരീക്കോട് മൈതാനത്തായിരുന്നു ടൂര്‍ണമെന്റ്. അന്ന് താല്‍ക്കാലിക ഗ്യാലറിയിലിരുന്നാണ് കാണികള്‍ മത്സരം കണ്ടത്. ഇന്ന് മികച്ച ഗ്യാലറിയുണ്ടെങ്കിലും മത്സരം കാണാനെത്തുന്ന മുഴുവന്‍ ആളുകളെയും ഉള്‍ക്കൊള്ളാന്‍ പര്യാപ്തമാകുമോ എന്ന ആശങ്കയുണ്ട്. കോട്ടപ്പടി മൈതാനം മുമ്പ് രണ്ടുതവണ ടൂര്‍ണമെന്റിന് വേദിയായിട്ടുണ്ട്. ഡിസംബര്‍ ഒന്നിന് ആദ്യ സെമിയും രണ്ടിന് രണ്ടാം സെമിയും നടക്കും. മൂന്നിനാണ് ഫൈനല്‍. ലൂസേഴ്സ് ഫൈനല്‍ മൂന്നിന് രാവിലെ 7.15ന് നടക്കും. സന്തോഷ് ട്രോഫി, ദേശീയ ഗെയിംസ് എന്നിവയില്‍ പങ്കെടുക്കാനുള്ള ടീമിനെ ഇതോടൊപ്പം തെരഞ്ഞെടുക്കും. ഇതിനുള്ള സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളും മലപ്പുറത്തെത്തും. ടീമിനും ഒഫീഷ്യല്‍സിനും താമസിക്കാനുള്ള സൗകര്യം മലപ്പുറത്തുതന്നെ ഒരുക്കിയിട്ടുണ്ട്.മത്സരത്തിനുള്ള ടിക്കറ്റ് കൈകാര്യം ചെയ്യുന്നത് കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കാണ്. ഗ്യാലറിക്ക് 50ഉം കസേരക്ക് നൂറും രൂപയാണ് നിരക്ക്. കോട്ടപ്പടി ബോയ്സ്, ഗേള്‍സ് സ്കൂളുകളുടെ മൈതാനത്ത് വാഹന പാര്‍ക്കിങ്ങിന് സൗകര്യമുണ്ടാകും. ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ അബ്ദുള്‍കരീം, സെക്രട്ടറി എം മുഹമ്മദ് സലീം, ജോയിന്റ് കണ്‍വീനര്‍ കെ എ നാസര്‍, ട്രഷറര്‍ പി സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.