18,112 ക്രിസ്മസ് പാപ്പമാര്‍: തൃശൂരില്‍ നടന്ന പാപ്പാ സംഗമം ഗിന്നസ് ബുക്കിലേക്ക്

തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെയും പൗരാവലിയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ക്രിസ്മസ് പാപ്പാ സംഗമത്തിന് ഗിന്നസ് റെക്കോര്‍ഡ്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന സംഗമത്തില്‍ 18,112 പാപ്പമാരാണ് അണിനിരന്നത്. ഗിന്നസ് ബുക്ക് പ്രതിനിധിനേരിട്ടെത്തി എണ്ണം തിട്ടപ്പെടുത്തി വേദിയില്‍ വെച്ചു തന്നെ ഗിന്നസ് റെക്കോര്‍ഡ് പ്രഖ്യാപിച്ചു. നോര്‍ത്ത് അയര്‍ലന്റിന്റെ പേരിലുണ്ടായിരുന്ന 13,000 സാന്റകള്‍ എന്ന റെക്കോര്‍ഡാണ് തൃശൂര്‍ തകര്‍ത്തത്.

എട്ട് വര്‍ഷം മുമ്പ് നടന്ന സംഗമത്തിലാണ് നോര്‍ത്ത് അയര്‍ലന്റ് 13,000 സാന്റകളെ അണിനിരത്തി റെക്കോര്‍ഡ് അടിച്ചെടുത്തത്. എന്നാല്‍ ഇന്ന് ആ റെക്കോര്‍ഡ് തിരുത്തിക്കൊണ്ട് പൂരങ്ങളുടെ നാടായ തൃശൂര്‍ സാന്റകളുടെ കൂടി നാടായി മാറി.ഒരു മാസത്തോളമായി നടന്നു വന്ന ക്രിസ്മസ് ആഘോഷ പരിപാടികളുടെ സമാപനം കൂടിയായിരുന്നു പാപ്പാസംഗമം.

‘ബാറുകാരില്‍നിന്നും പണം വാങ്ങിയത് നേതാക്കളുടെ നിര്‍ദേശപ്രകാരം’

തൃശൂര്‍: കെപിസിസി പ്രസിഡന്റിന്റെ ജനപക്ഷയാത്രയ്ക്ക് ബാറുകാരില്‍നിന്നും പണം സ്വീകരിച്ചത് മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശപ്രകാരമായിരുന്നെന്ന് കോണ്‍ഗ്രസ് തിരുവില്വാമല മണ്ഡലം പ്രസിഡന്റായിരുന്ന ജോര്‍ജ് പുളിങ്കാല. യാത്രയ്ക്ക് ബാറുകാരില്‍നിന്നും നിര്‍ബന്ധിത പിരിവ് നടത്തുന്നുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. "ബാറുകാരില്‍ നിന്ന് പണം സ്വീകരിച്ചതില്‍ താന്‍ മാത്രമല്ല കുറ്റക്കാരന്‍. സമാന രീതിയില്‍ മറ്റുള്ളവരും പിരിവ് നടത്തിയിട്ടുണ്ട്. പണം പിരിക്കാന്‍ നല്‍കിയ കൂപ്പണുകള്‍ കൊണ്ട് മാത്രം പിരിവ് നടത്തിയാല്‍ ജനപക്ഷയാത്രാ പരിപാടി വിജയിപ്പിക്കാനാവില്ല. അതുകൊണ്ടാണ് മണ്ഡലം കമ്മിറ്റി പ്രത്യേക രസീത് അടിച്ച് പിരിവ് നടത്തിയത്. ഇത് മുതിര്‍ന്ന നേതാക്കളുമായി ആലോചിച്ചായിരുന്നു.പണം പിരിക്കാന്‍ പോയതും ഒറ്റയ്ക്കല്ല. എന്നാല്‍ വാര്‍ത്തവന്നപ്പോള്‍ തനിക്കെതിരെ മാത്രം നടപടിയെടുക്കുകയായിരുന്നു. കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിന്റെ ഭാഗമാണ് തനിക്കെതിരായ നടപടി. പണപ്പിരിവ് നടത്തിയതിനെക്കുറിച്ച് സത്യസന്ധമായി അന്വേഷണം നടത്താന്‍ നേതൃത്വം തയ്യാറാകണമെന്ന് ജോര്‍ജ് പുളിങ്കാല ആവശ്യപ്പെട്ടു. പല സ്ഥലങ്ങളിലും പിരിവ് നടത്തിയത് നമ്പറുപോലുമില്ലാത്ത രസീത് ഉപയോഗിച്ചാണ്.