ഇയര്‍ ഇന്‍ റിവ്യൂ പാളി; ഫെയ്‌സ്ബുക്ക്‌ മാപ്പ്‌ പറഞ്ഞു

ഉപയോക്‌താക്കളുടെ വാര്‍ഷിക അവലോകനം (ഇയര്‍ ഇന്‍ റിവ്യൂ) അവതരിപ്പിച്ചതിന്‌ ഫെയ്‌സ്ബുക്കിന്റെ ക്ഷമാപണം. ഫെയ്‌സ്ബുക്ക്‌ ഉപയോക്‌താക്കളുടെ 2014ലെ ചിത്രങ്ങള്‍ കൂട്ടിയിണക്കിയാണ്‌ ഫെയ്‌സ്ബുക്ക്‌ വാര്‍ഷിക അവലോകനം അവതരിപ്പിച്ചത്‌. ഫെയ്‌സ്ബുക്ക്‌ അക്കൗണ്ട്‌ ഉടമകള്‍ക്ക്‌ ഒരു വര്‍ഷത്തെ ഓര്‍മകള്‍ അയവിറക്കാന്‍ 'ഇയര്‍ ഇന്‍ റിവ്യൂ' സഹായകമായി. എന്നാല്‍ ചിലര്‍ക്ക്‌ ഈ അവലോകനം ദുഃഖിപ്പിക്കുന്ന ഓര്‍മകളാണ്‌ സമ്മാനിച്ചത്‌. പ്രിയപ്പെട്ടവരുടെ മരണത്തിന്റെ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയാണ്‌ ചിലര്‍ക്ക്‌ ഇയര്‍ ഇന്‍ റിവ്യൂ ലഭിച്ചത്‌. ഇതേതുടര്‍ന്നാണ്‌ ഫെയ്‌സ്ബുക്ക്‌ ക്ഷമാപണം നടത്തിയത്‌. എഴുത്തുകാരനും വെബ്‌ ഡിസൈന്‍ കണ്‍സള്‍ട്ടന്റുമായ എറിക്ക്‌ മെയറിനെ ഇയര്‍ ഇന്‍ റിവ്യൂ ഓര്‍മ്മപ്പെടുത്തിയത്‌ മസ്‌തിഷ്‌കാര്‍ബുദം ബാധിച്ച്‌ മരിച്ച അദ്ദേഹത്തിന്റെ മകളെയാണ്‌. ഇതേക്കുറിച്ച്‌ എറിക്ക്‌ ഹൃദയാവര്‍ജകമായ ഒരു കുറിപ്പ്‌ എഴുതിയിരുന്നു. ഇതേതുടര്‍ന്നാണ്‌ ഫെയ്‌സ്ബുക്ക്‌ ഖേദം പ്രകടിപ്പിച്ചത്‌.

എറിക്ക്‌ എഴുതിയ കുറിപ്പിന്‌ മറുപടിയായി ഫെയ്‌സ്ബുക്ക്‌ പ്രോഡകറ്റ് മാനേജര്‍ ജൊനാഥന്‍ ഗെല്ലര്‍ ഖേദം പ്രകടിപ്പിക്കുകയായിരുന്നു. ഇയര്‍ ഇന്‍ റിവ്യൂ ആപ്ലിക്കേഷന്‍ അവതരിപ്പിച്ച ടെക്‌നിക്കല്‍ ടീം അതിന്റെ പോരായ്‌മകള്‍ പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും ഗെല്ലര്‍ അറിയിച്ചു. എറിക്കിനെപ്പോലെ പ്രിയപ്പെട്ടവരുടെ മരണം ഓര്‍മ്മിപ്പിച്ച്‌ ഇയര്‍ ഇന്‍ റിവ്യൂ ദുഃഖിപ്പിച്ചവരുടെ ആശങ്കകള്‍ പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൂടുതല്‍ ലൈക്കുകളും കമന്റുകളും ലഭിച്ച ഫോട്ടോകളാണ്‌ ഇയര്‍ ഇന്‍ റിവ്യൂ തയ്യാറാക്കുന്നതിന്‌ ഫെയ്‌സ്ബുക്കിന്റെ അല്‍ഗോരിതം തെരഞ്ഞെടുത്തത്‌.

ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തേക്ക് ഒറ്റക്ലിക്ക് വിദ്യയുമായി ഗൂഗിള്‍

ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്തേക്ക് ഗൂഗിള്‍ എങ്ങിനെയായിരിക്കും കാലെടുത്തുവെക്കുക? നെറ്റിലെ ഇക്കണ്ട വിപ്ലവങ്ങലെല്ലാം തീര്‍ത്ത ഗൂഗിളിന് ഈ വഴി വരാതിരിക്കാനാകില്ലെന്ന് അറിയാവുന്നവരൊക്കെ ചോദിച്ച ചോദ്യമാണിത്. ഒടുവില്‍ ആ ചോദ്യത്തിന് ഉത്തരവുമായി വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നു. സ്വന്തമായി ഷോപ്പിങ് വെബ്‌സൈറ്റ് തുടങ്ങുകയാവുമെന്ന, എല്ലാവരും പ്രതീക്ഷിച്ച ഉത്തരമല്ല അത്.

സെര്‍ച്ച് പേജില്‍ ഒറ്റക്ലിക്കിന് സാധനങ്ങള്‍ വാങ്ങാനുള്ള ഓപ്ഷനുമായാണ് ഗൂഗിളെത്തുന്നതെന്നാണ് വാര്‍ത്ത. ഗൂഗിള്‍ സെര്‍ച്ചിന് ഇടയിലോ, അല്ലെങ്കില്‍ നിലവിലുള്ള ഷോപ്പിങ് സെര്‍ച്ച് പേജില്‍ തന്നെയോ വണ്‍ക്ലിക്ക് ബട്ടനുമായാകും ഗൂഗിളെത്തുക. ഗൂഗിള്‍ ഈ മേഖലയില്‍ ഗവേഷണം നടത്തുന്നുവെന്നല്ലാതെ റിപ്പോര്‍ട്ടുകളൊന്നും അവര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ആമസോണ്‍ ഈയിടെ പരീക്ഷിച്ച് വിജയിച്ച വണ്‍ ക്ലിക്ക് പദ്ധതിക്ക് സമാനമായ സംവിധാനമായിരിക്കും ഇത്. ആമസോണില്‍ സെറ്റിങ്‌സില്‍ ചെന്ന് വണ്‍ക്ലിക്ക് രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ സെര്‍ച്ചിനിടെ 'ബൈ നൗ' ബട്ടണ്‍ ഒറ്റത്തവണ ക്ലിക്ക് ചെയ്ത് സാധനങ്ങള്‍ വാങ്ങാം. അതിന് ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം, അഡ്രസ് എന്നിവയെല്ലാം സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. പിന്നെ ഒറ്റക്ലിക്കിന് കച്ചവടം സക്‌സസ്.

ഇതേ സംവിധാനം ഗൂഗിള്‍ നടപ്പാക്കുമ്പോള്‍ ആമസോണിലേതുപോലെ പെയ്‌മെന്റ്, അഡ്രസ് രജിസ്‌ട്രേഷനുകളും ഇവിടെ വേണ്ടിവരും. നമ്മുടെ ഗൂഗിള്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് കാര്‍ഡ്, നെറ്റ്ബാങ്കിങ് വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്യേണ്ടിവരും. അതോടെ ഗൂഗിളിനുള്ളില്‍ നിന്നുകൊണ്ടു തന്നെ മറ്റ് ഓണ്‍ലൈന്‍ കച്ചവട സൈറ്റുകളുടെ സാധനങ്ങള്‍ ബോധ്യപ്പെട്ടാല്‍ അവിടെ ചെല്ലാതെ തന്നെ അവ വാങ്ങിക്കാം. എന്നാല്‍ കച്ചവടകാര്യത്തില്‍ ഉത്തരവാദിത്തം ഗൂഗിളിനായിരിക്കില്ല, കച്ചവട വെബ്‌സൈറ്റുകള്‍ക്കായിരിക്കും.

ആമസോണ്‍ മാത്രമല്ല, ട്വിറ്ററും ഈ പരീക്ഷണം നടപ്പാക്കി വിജയം കണ്ടു കഴിഞ്ഞു. ട്വിറ്റര്‍ സന്ദേശങ്ങള്‍ക്കൊപ്പം വരുന്ന ബൈ നൗ ബട്ടണ്‍ വഴിയാണ് ഇവിടെ ഒറ്റക്ലിക്കിന് സാധനങ്ങള്‍ വാങ്ങുന്ന വിദ്യ നടപ്പാക്കിയത്. കഴിഞ്ഞ ജൂണില്‍ ഫെയ്‌സ്ബുക്കും ഈ രംഗത്തേക്കിറങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

എന്തായാലും ഔദ്യോഗിക അറിയിപ്പുമായി ഗൂഗിളിന്റെ വരവ് കാത്തിരിക്കുകയാണ് ആരാധകര്‍. ഒറ്റ ഗൂഗിള്‍ അക്കൗണ്ടുകൊണ്ട് ഒട്ടേറെ കാര്യങ്ങള്‍ നടപ്പാക്കുന്ന ഗൂഗിളില്‍ നിന്ന് ഷോപ്പിങും ഉടന്‍ പ്രതീക്ഷിക്കാം.

പാനസോണിക് പി 55 കേരള വിപണിയില്‍

പാനാസോണിക്കിന്റെ ഏറ്റവും പുതിയ ഫാബ്ലറ്റ് പി55 വിപണിയില്‍. ടൈല്‍ഡ് പാറ്റേണ്‍ ബായ്ക്ക് ഡിസൈന്‍ ഫാബ്ലറ്റിന് 5.5 ഇഞ്ച് സ്ക്രീനാണുള്ളത്. സ്ലീപ് മോഡില്‍ ആകുമ്പോള്‍പ്പോലും തൊടുന്നത് തിരിച്ചറിയാന്‍കഴിയുന്ന സവിശേഷമായ ടാപ് പ്ലേ ഫീച്ചര്‍ ഇതിന്റെ പ്രത്യേകതയാണ്. ഫാബ്ലറ്റ് പ്രവര്‍ത്തനക്ഷമമാകാന്‍ രണ്ടുപ്രാവശ്യം തുടര്‍ച്ചയായി ടാപ് ചെയ്താല്‍ മതിയാകും. തിരികെ സ്ലീപ് മോഡിലേക്കു പോകുന്നതിനും ഇതേപോലെ രണ്ടുപ്രാവശ്യം ടാപ് ചെയ്താല്‍ മതി. പവര്‍ ബട്ടണില്‍ അമര്‍ത്തി ഓരോ പ്രാവശ്യവും മോഡ് മാറ്റേണ്ടതില്ല എന്നതാണ് സൗകര്യം. എട്ട് എംപി പിന്‍ ക്യാമറ, രണ്ട് എംപി മുന്‍ ക്യാമറ എന്നിവയും 1080 പിക്സല്‍ എച്ച്ഡി വീഡിയോ റിക്കോഡിങ് സൗകര്യവും ഉണ്ട്. ഓട്ടോഫോക്കസ്, എല്‍ഇഡി ഫ്ളാഷ് ഫീച്ചറുകളുണ്ട്. 2500 എംഎഎച്ച് ബാറ്ററി ഉള്ളതിനാല്‍ ദീര്‍ഘനേരം ഉപയോഗിക്കാന്‍ കഴിയും. പാനാസോണിക്കിന്റെ മറ്റു ട്രേഡ്മാര്‍ക്ക് ഫീച്ചറുകളായ ജെസ്റ്റര്‍ പ്ലേ, മ്യൂസിക് കഫേ എന്നിവയുള്ളതിനാല്‍ ഒരുകൈ കൊണ്ടുതന്നെ കൈകാര്യംചെയ്യാന്‍ കഴിയും. ബ്ലാക്ക്, ബ്ലൂ, പേള്‍ വൈറ്റ് എന്നിങ്ങനെ മൂന്നു നിറങ്ങളില്‍ ലഭ്യമാണ്. വില 10,490 രൂപ.

വിലകുറഞ്ഞ വിൻഡോസ് ഫോണുമായി സെൽകോൺ

വിൻഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന മെബൈൽഫോണുകളുടെ നിരയിലേക്ക് ഇന്ത്യൻ കമ്പനിയായ സെൽകോണണും. തങ്ങളുടെ ആദ്യ വിൻഡോസ് ഫോൺ ‘വിൻ 400’ എന്ന പേരിൽ പുറത്തിറക്കി. ഓൺലൈൻ ഷോപ്പുകളിലൂടെ ലഭ്യമാകുന്ന ഫോണിന് 4999 രൂപയാണ് വില. നിലവിൽ ലഭ്യമായ ഏറ്റവും വിലകുറഞ്ഞ വിൻഡോസ് ഫോൺ എന്ന സ്ഥാനം ഇതിലൂടെ സെൽകോണിന് സ്വന്തമാകും. 4 ഇഞ്ച് എച്ച്.ഡി ഐ.പി.എസ് ഡിസ്​പ്ളേ,​ 1.3 ക്വാഡ്കോർ സ്നാപ്ഡ്രാഗൺ പ്രൊസസർ,​ 512 റാം എന്നിവയാണ് സവിശേഷതകൾ. പുറകുവശത്ത് 5 മെഗാ പിക്സൽ ക്യാമറയും മുൻവശത്ത് 1.3 മെഗാ പിക്സൽ ക്യാമറയും ഉപയോഗിച്ചിരിക്കുന്നു. 4 ജി.ബി ബിൽട്ട് ഇൻ സ്റ്റോറേജ് സ്​പേസ് മെക്രോ എസ്.ഡി കാർഡ് വഴി 32 ജിബി വരെ വർദ്ധിപ്പിക്കാനാവും. 1500 എം.എ.എച്ച് ആണ് ബാറ്ററിയുടെ കപ്പാസിറ്റി.

ഫെയ്‌സ്ബുക്കില്‍ 2000 സുഹൃത്തുക്കളുള്ളവര്‍ക്ക്‌ പഞ്ചനക്ഷത്ര ഹോട്ടലില്‍ സൗജന്യ താമസം

സ്വീഡനിലെ 'നോര്‍ഡിക്‌ ലൈറ്റ്‌' എന്ന ഹോട്ടലാണ്‌ ഫെയ്‌സ്ബുക്ക്‌ പ്രേമികള്‍ക്ക്‌ 7 ദിവസം സൗജന്യ താമസം വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ഒരു രാത്രിക്ക്‌ 230 പൗണ്ട്‌ ചാര്‍ജ്‌ ഈടാക്കുന്ന ആഡംബര സ്യൂട്ടാണ്‌ തികച്ചും സൗജന്യമായി നല്‍കുന്നത്‌. ഫെയ്‌സ്ബുക്ക്‌ പേജിലോ ഇന്‍സ്‌റ്റഗ്രാമിലോ 100,000 ഫോളോവേഴ്‌സ് ഉള്ളവര്‍ക്കും സൗജന്യ താമസ സൗകര്യം ലഭിക്കും. താമസം സൗജന്യമാണെങ്കിലും ഇതിന്‌ പകരമായി സോഷ്യല്‍ മീഡിയയിലെ പ്രചരണമാണ്‌ നോര്‍ഡിക്‌ ലൈറ്റ്‌ ഹോട്ടല്‍ ആവശ്യപ്പെടുന്നത്‌.

സൗജന്യ താമസം ലഭിക്കുന്നവര്‍ ഹോട്ടലിന്റെ പേര്‌ സഹിതം സോഷ്യല്‍ മീഡിയയില്‍ പ്രചരണം നല്‍കണം. ആദ്യം റിസര്‍വേഷന്‍ എടുക്കുമ്പോള്‍ ഇക്കാര്യം ഫെയ്‌സ്ബുക്കില്‍ പോസ്‌റ്റ് ഇടണം. പിന്നീട്‌ ഇവിടെ ചെക്ക്‌ ഇന്‍ ചെയ്യുമ്പോഴും ചെക്ക്‌ ഔട്ട്‌ ചെയ്യുമ്പോഴും ഇക്കാര്യങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പോസ്‌റ്റ് ചെയ്യണം ഇതാണ്‌ ഹോട്ടല്‍ അധികൃതര്‍ മുന്നോട്ട്‌ വയ്‌ക്കുന്ന നിബന്ധന. സൗജന്യ താമസത്തിന്‌ തെരഞ്ഞെടുക്കപ്പെടുന്നവര്‍ നോര്‍ഡിക്‌ ലൈറ്റിന്റെ ഫെയ്‌സ്ബുക്ക്‌ പേജ്‌ ലൈക്ക്‌ ചെയ്യണം, ഫെയ്‌സ്ബുക്ക്‌ പോസ്‌റ്റുകളില്‍ ഹോട്ടലിന്റെ പേര്‌ ടാഗ്‌ ചെയ്യണം തുടങ്ങിയവയാണ്‌ മറ്റ്‌ നിബന്ധനകള്‍. എല്ലാ പോസ്‌റ്റുകളിലും നോര്‍ഡിക്‌ ലൈറ്റ്‌ എന്ന ഹാഷ്‌ ടാഗും ഉപയോഗിക്കണം.

ഇനി ഫെയ്‌സ്ബുക്കില്‍ രണ്ടായിരം സുഹൃത്തുക്കള്‍ ഇല്ലാത്തവര്‍ വിഷമിക്കേണ്ട. രണ്ടായിരം സുഹൃത്തുക്കള്‍ ഇല്ലാത്തവര്‍ക്കും ഇവിടെ താമസിക്കാന്‍ അവസരമുണ്ട്‌. എന്നാല്‍ താമസം പൂര്‍ണ്ണ സൗജന്യമായിരിക്കില്ല എന്ന വ്യത്യാസം മാത്രം. 1500 എഫ്‌.ബി സുഹൃത്തുക്കള്‍ ഉള്ളവര്‍ക്ക്‌ ഹോട്ടല്‍ ബില്ലില്‍ 15 ശതമാനം ഡിസ്‌കൗണ്ട്‌ ലഭിക്കും. ആയിരം ഫെയ്‌സ്ബുക്ക്‌ സുഹൃത്തുക്കള്‍ ഉള്ളവര്‍ക്ക്‌ 10 ശതമാനം ഡിസ്‌കൗണ്ടും 500 സുഹൃത്തുക്കളുള്ളവര്‍ക്ക്‌ 5 ശതമാനം ഡിസ്‌കൗണ്ടും ലഭിക്കും. ഹോട്ടലിന്റെ നിബന്ധനകള്‍ പ്രകാരമുള്ള കൃത്യമായ പരിശോധനകള്‍ക്ക്‌ ശേഷമേ സൗജന്യ വാഗ്‌ദാനം ലഭിക്കൂ. നിബന്ധനകള്‍ പാലിക്കാത്ത പ്ര?ഫൈല്‍ ഉടമകളുടെ അപേക്ഷ നിരസിക്കും.

വാട്‌സ്ആപ്‌ ചതിക്കുന്ന പങ്കാളിയെ തല്ലും, തലോടും!

വാട്‌സ്ആപ്‌ എന്ന മൊബൈല്‍ മെസേജിംഗ്‌ ആപ്ലിക്കേഷന്‍ സൂക്ഷിച്ച്‌ ഉപയോഗിക്കണം. പങ്കാളിയെ വഞ്ചിക്കുന്നതിന്‌ വാട്‌സ്ആപിനെ 'ഹംസ'മാക്കുന്നവരാണ്‌ പ്രത്യേകിച്ച്‌ ശ്രദ്ധിക്കേണ്ടതെന്ന്‌ ഇറ്റലിയില്‍ നിന്നുളള ഒരു വാര്‍ത്ത മുന്നറിയിപ്പ്‌ നല്‍കുന്നു. ഈ മാസം ആദ്യം 'ഇറ്റാലിയന്‍ അസോസിയേഷന്‍ ഓഫ്‌ മാട്രിമോണിയല്‍ ലോയേഴ്‌സ്' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടാണ്‌ വാര്‍ത്തയ്‌ക്ക് ആധാരം. ഇറ്റലിയിലെ 40 ശതമാനം വിവാഹമോചന കേസുകളിലും പരപുരുഷ/സ്‌ത്രീ ബന്ധം തെളിയിക്കാന്‍ വാട്‌സ്ആപ്‌ തെളിവാണ്‌ ഹാജരാക്കിയതത്രേ! എസ്‌എംഎസിനു പകരം 3ജിയും വൈഫൈയുമൊക്കെ ഉപയോഗിക്കുന്ന വാട്‌സ്ആപ്പ്‌ ആപ്ലിക്കേഷന്‍ നല്‍കുന്ന സൗകര്യമാണ്‌ ഉപയോക്‌താക്കളെ ആകര്‍ഷിക്കുന്നത്‌. സ്വന്തം സന്ദേശം പ്രിയപ്പെട്ടവര്‍ തുറന്നു വായിച്ചുവെന്ന് അറിയുമ്പോള്‍ ആര്‍ക്കായാലും സന്തോഷമുണ്ടാവും. എന്നാല്‍ അല്‍പ്പം അതിരുകടന്ന സൗഹൃദമുളളവര്‍ക്ക്‌ ഇത്‌ പാരയുമാവും. സന്ദേശങ്ങള്‍ അയയ്‌ക്കുന്നതും സ്വീകരിക്കപ്പെടുന്നതും തുറന്നു വായിക്കുന്നതുമൊക്കെ വ്യക്‌തമായി രേഖപ്പെടുത്തുമെന്നതിനാല്‍ എന്തെങ്കിലും ചൂറ്റിക്കളിയുണ്ടെങ്കില്‍ അത്‌ പങ്കാളിക്ക്‌ വ്യക്‌തമായി മനസ്സിലാക്കാന്‍ കഴിയും. അതാണ്‌ ഇറ്റലിയിലെ വിവാഹമോചന കേസുകളില്‍ വാട്‌സ്ആപ്പ്‌ സാക്ഷിക്കൂട്ടില്‍ അവരോധിക്കപ്പെടാന്‍ കാരണവും.

 

ലോകത്തെ വായിക്കാന്‍ 6 കീമതി

സ്വതന്ത്ര സോഫ്റ്റ് വെയർ ലോകത്തിന്റെ അതിരില്ലാത്ത ലോകത്ത് ടൈപ്പിങ്ങിന്റെ പുതിയ സാധ്യതകള്‍ തുറക്കുകയാണ് കാസര്‍കോട്ടെ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥി നളിന്‍ സത്യന്‍. കംപ്യൂട്ടര്‍ കീ ബോര്‍ഡിലെ ആറ് കീ ഉപയോഗിച്ച്  (F, D, S, J, K, L)  ലോകത്തിലെ ഏതു ഭാഷയും ടൈപ്പ്ചെയ്യാമെന്ന സാധ്യത തുറന്നിട്ട നളിന് ഗൂഗിളിന്റെ അംഗീകാരവും.കാഴ്ചയില്ലാത്തവര്‍ ഉപയോഗിക്കുന്ന ബ്രെയില്‍ ലിപിയുടെ കംപ്യൂട്ടര്‍ പരാവര്‍ത്തനമാണ് നളിന്‍ സാധ്യമാക്കിയത്. ആറ് കീ കളിലൂടെ 64 ചേരുവകള്‍ സാധിച്ചെടുക്കുന്ന ബ്രെയില്‍ ലിപിയുടെ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് നളിന്‍ ഐബസ് ശാരദ ബ്രെയില്‍ എന്ന സ്വതന്ത്ര സോഫ്റ്റ്വെയര്‍ വികസിപ്പിച്ചത്. ലോകത്തിലെ മുഴുവന്‍ ഭാഷകളിലെയും അക്ഷരങ്ങളും അക്കങ്ങളും ടൈപ്പ് ചെയ്യാനും ലാംഗ്വേജ് എഡിറ്റിങ്, അബ്രിവിയേഷന്‍ എഡിറ്റിങ് എന്നിവ നടത്താനും ആറ് കീ മതി. ബ്രെയില്‍ ലിപിയിലെ ചുരുക്കെഴുത്ത് പൂര്‍ണമായും ഉപയോഗിക്കാന്‍ കഴിയുന്നതോടെ ടൈപ്പിങ്ങിന്റെ വേഗം പതിന്മടങ് വര്‍ധിപ്പിക്കും. കീബോര്‍ഡ് ചെറുതായി ചുരുക്കുമെന്നതും ഈ സോഫ്റ്റ്വെയറിന്റെ പ്രത്യേകതയാണ്. മൊബൈല്‍ ഫോണിലും ഐപാഡിലും ഈ സോഫ്റ്റ്വെയറിന്റെ സ്വീകാര്യതയും കൂടും. മലയാളം, ഹിന്ദി, തമിഴ്, ഇംഗ്ലീഷ്, സ്പാനിഷ് ഭാഷകള്‍ ഐബസ് ശാരദ ബ്രെയില്‍ കീ ഉപയോഗിച്ച് സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രവര്‍ത്തകര്‍ ടൈപ്പ് ചെയ്തു തുടങ്ങിയിട്ടുണ്ട്.സ്വതന്ത്ര മലയാളം കംപ്യൂട്ടിങ് എന്ന സംഘടന മുഖേനയാണ് ഈ പ്രോജക്ട് ഗൂഗിളിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത്. ഇത് രണ്ടാം തവണയാണ് നളിന് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡ് അംഗീകാരം ലഭിക്കുന്നത്. ഏഴുലക്ഷം രൂപ ഇതിന് സ്കോളര്‍ഷിപ്പായി ലഭിച്ചു. പോയവര്‍ഷം അന്ധവിദ്യാര്‍ഥികള്‍ക്ക് ഉപകാരപ്പെടുംവിധം ശബ്ദപിന്തുണകൂടി ഉള്‍പ്പെടുത്തി നളിന്‍ തയ്യാറാക്കിയ ടക്സ് ഫോര്‍ കിഡ്സിന്റെ ടക്സ് ടൈപ്പ്, ടക്സ് മാത്സ് സോഫ്റ്റ്വെയറുകള്‍ക്ക് ഗൂഗിള്‍ സമ്മര്‍ ഓഫ് കോഡിന്റെ അംഗീകാരം ലഭിച്ചിരുന്നു. അന്ധവിദ്യാര്‍ഥികള്‍ക്ക് കംപ്യൂട്ടര്‍ കളികളില്‍ ഏര്‍പ്പെടുമ്പോള്‍ ശബ്ദത്തിന്റെകൂടി സഹായത്തോടെ നിര്‍ദേശം നല്‍കുന്ന സൗകര്യമാണ് ഇതില്‍ അധികമായി നളിന്‍ ഉള്‍പ്പെടുത്തിയത്. ഫ്രഞ്ചുകാരനായ സാമുവല്‍ ടിബല്‍ട്ട്, സ്വതന്ത്രസോഫ്റ്റ്വെയര്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന അനിവര്‍ അരവിന്ദ്, കാസര്‍കോട് സ്വദേശിയും കെല്‍ട്രോണിലെ സ്വതന്ത്ര സോഫ്റ്റ്വെയര്‍ തലവനുമായ അനില്‍കുമാര്‍ എന്നിവരാണ് ഐബസ് ശാരദ ബ്രെയില്‍ സോഫ്റ്റ്വെയര്‍ വികസിപ്പിക്കാന്‍ നളിന് വഴികാട്ടിയായത്. കാസര്‍കോട് അന്ധവിദ്യാലയത്തിലെ അധ്യാപകനായ അഛന്‍ കെ സത്യശീലനില്‍നിന്നാണ് ബ്രെയില്‍ ലിപിയുടെ സവിശേഷതകള്‍ നളിന്‍ തിരിച്ചറിഞ്ഞത്. കാഴ്ചയുടെ ലോകം അന്യമായ സത്യശീലന്‍ കാഴ്ചയില്ലാത്തവര്‍ക്ക് വായന സാധ്യമാകുന്ന ഉബുണ്ടു സോഫ്റ്റ്വെയര്‍ കണ്ടുപിടിച്ചതിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ അധ്യാപകനാണ്. അദ്ദേഹം രൂപകല്‍പ്പന ചെയ്ത ലിനക്സ് ഇന്റലിജന്റ് ഒസിആര്‍ സൊല്യൂഷന്‍ എന്നുപേരായ ഈ സോഫ്റ്റ്വെയര്‍ ഇപ്പോഴും പുതുതായി ആഴ്ചയില്‍ 120 ഓളം പേര്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കുന്നുണ്ട്. ഏതു ഭാഷയിലുള്ള പുസ്തകം വായിക്കാനും കാഴ്ചയില്ലാത്തവര്‍ക്ക് ഈ സോഫ്റ്റ്വെയര്‍ തുണയാകും. ഇത്തരം വായന സാധ്യമാക്കാന്‍ മുമ്പുതന്നെ കുത്തക സോഫ്റ്റ്വെയറുകള്‍ വിപണിയിലുള്ളതാണ്. പണം മുടക്കി സത്യശീലന്‍ ഒരിക്കല്‍ ഇങ്ങനെയൊരെണ്ണം വാങ്ങിയതുമാണ്. അതിന്റെ സാങ്കേതികതയിലും പണച്ചെലവിലും മനംമടുത്താണ് സ്വതന്ത്രസോഫ്റ്റ്വെയറിന്റെ പുതിയ ആകാശത്തേക്ക് കടന്നുചെന്നത്. ചെമ്മനാട് ദേളി സ അദിയ കോളേജില്‍ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ നളിന്‍, സ്വതന്ത്രസോഫ്റ്റവെയര്‍ കൂട്ടായ്മയില്‍ പുതിയ സാധ്യതകള്‍ക്ക് കോപ്പുകൂട്ടുകയാണ് ഇനിയും. ലോകത്താകെ വലവിരിച്ച ആ സൗഹൃദകൂട്ടായ്മയില്‍ നളിനൊപ്പം കൈപിടിച്ച് അച്ഛനുണ്ട്, ഇതുവരെ നേരിട്ടുകണ്ടിട്ടില്ലാത്ത, എന്നും അടുത്ത സമ്പര്‍ക്കമുള്ള ഫ്രാന്‍സിലെ സാമുവല്‍ ടിബല്‍ട്ടുണ്ട്. അച്ഛനൊപ്പം മാനസഗുരുവായി കൊണ്ടുനടക്കുന്ന സാക്ഷാല്‍റിച്ചാര്‍ഡ് സ്റ്റാള്‍മാനുമുണ്ട്.കാസര്‍കോട് സീതാംഗോളി അന്ധവിദ്യാലയത്തിനടുത്തുള്ള വീട്ടില്‍ അച്ഛനൊപ്പം തുടര്‍പരീക്ഷണങ്ങളിലാണ് നളിന്‍. അമ്മ ശാരദയുടെ പേരാണ് പുതിയ സോഫ്റ്റ്വെയറിന്. സഹോദരി ശാലിനി കാസര്‍കോട് ഗവ. കോളേജില്‍ ഗസ്റ്റ് അധ്യാപികയാണ്. നളിനെ ബന്ധപ്പെടാം:Nalin.x.Linux@gmail.com