വി.ആർ. ക്രിഷ്ണയ്യർ നീതിയുടെ പോരാളി പ്രകാശനം ചെയ്തു.

കൊച്ചി: ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരുടെ ജീവചരിത്രഗ്രന്ഥമായ "വി ആര്‍ കൃഷ്ണയ്യര്‍ നീതിയുടെ പോരാളി'യുടെ പരിഷ്കരിച്ച പതിപ്പിന്റെ പ്രകാശനം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി എം ബി രാജേഷ് എംപിക്ക് ആദ്യപ്രതി നല്‍കി നിര്‍വഹിച്ചു. പുസ്തകത്തിന്റെ ആദ്യപതിപ്പിന്റെ പ്രകാശനവേളയില്‍ വി ആര്‍ കൃഷ്ണയ്യരെക്കുറിച്ച് ഇ എം എസ് നമ്പൂതിരിപ്പാട് നടത്തിയ പ്രസംഗത്തിന്റെ സിഡി "വിശ്വപൗരന്റെ' പ്രകാശനവും നടന്നു. സിഡിയുടെ കോപ്പി ജസ്റ്റിസ് ടി വി രാമകൃഷ്ണനു നല്‍കി കെ വി തോമസ് എംപി പ്രകാശനംചെയ്തു. എറണാകുളം പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങ് പി രാജീവ് എംപി ഉദ്ഘാടനംചെയ്തു. പാവപ്പെട്ട രോഗികള്‍ക്ക് വിദഗ്ധചികിത്സ നല്‍കുന്നതിനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയ കൃഷ്ണയ്യര്‍ തെറ്റു കണ്ടാല്‍ വിമര്‍ശിക്കാനും മടിച്ചിരുന്നില്ലെന്ന് പുസ്തകം പ്രകാശനംചെയ്ത് പി കെ ശ്രീമതി പറഞ്ഞു. മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇതു സഹായിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. മനുഷ്യത്വത്തിന്റെ ആര്‍ദ്രത ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ പ്രൊഫ. എം കെ സാനു പറഞ്ഞു. ആര്‍ദ്രത ഒരു ദൗര്‍ബല്യമായി കൊണ്ടുനടന്നുവെന്നതാണ് കൃഷ്ണയ്യരെ മറ്റുള്ളവരില്‍നിന്നു വ്യത്യസ്തനാക്കുന്നത്. അടുത്ത തലമുറയ്ക്കെങ്കിലും ഈ ആര്‍ദ്രത പകര്‍ന്നുകിട്ടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണയ്യരുടെ തീക്ഷ്ണമായ ജീവിതാനുഭവങ്ങളെ പകര്‍ത്തിയ പുസ്തകം സമ്പൂര്‍ണമാണെന്നും അതു മഴവില്ലുപോലെ മനോഹരമാണെന്നും എം ബി രാജേഷ് എംപി പറഞ്ഞു. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ രവി കുറ്റിക്കാട് രചിച്ച പുസ്തകം തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രസാധനരംഗത്തെ പെണ്‍കൂട്ടായ്മയായ സമതയാണ് പ്രസിദ്ധീകരിച്ചത്. കവി എസ് രമേശന്‍ അധ്യക്ഷനായി. ഇ എം എസ് പഠനകേന്ദ്രത്തിന്റെ ഡയറക്ടര്‍ വി കെ പ്രസാദ് പുസ്തകം പരിചയപ്പെടുത്തി. സാഹിത്യകാരനായ കെ എല്‍ മോഹനവര്‍മ, ഡോ. സെബാസ്റ്റ്യന്‍ പോള്‍, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം സി ജോസഫൈന്‍, കെ രവികുമാര്‍ എന്നിവര്‍ സംസാരിച്ചു. സമതയുടെ മാനേജിങ് ട്രസ്റ്റി പ്രൊഫ. ടി എ ഉഷാകുമാരി സ്വാഗതവും അഡ്വ. അശോക് എം ചെറിയാന്‍ നന്ദിയും പറഞ്ഞു.