മമ്മൂട്ടിയും മോഹൻലാലും ദിലീപും മുതൽ ആസിഫ് അലിയും ഇന്ദ്രജിത്തും വരെയുള്ള മലയാളത്തിലെ മുൻനിര താരങ്ങൾക്കെല്ലാം തിരക്കോട് തിരക്ക്.ഇരുപതിലേറെ സിനിമകളുടെ ഷൂട്ടിംഗാണ് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിന് പുറത്തുമായി പുരോഗമിക്കുന്നത്.
മുൻനിര താരങ്ങളെപ്പോലെ ന്യൂജനറേഷൻ താരങ്ങൾക്കും നിന്നുതിരിയാൻ നേരമില്ലെന്നതാണ് സ്ഥിതി.
ഫയർമാൻ പൂർത്തിയാക്കിയശേഷം സ്വകാര്യ സന്ദർശനത്തിനായി ദുബായിൽ പോയ മമ്മൂട്ടി ഇന്ന് തിരിച്ചെത്തും. നാളെ മുതൽ മമ്മൂട്ടി സലിം അഹമ്മദിന്റെ പത്തേമാരിയുടെ സെക്കന്റ് ഷെഡ്യൂളിൽ ജോയിൻ ചെയ്യും. തൃശൂരിലും എറണാകുളത്തുമായാണ് പത്തേമാരിയുടെ രണ്ടാം ഘട്ട ചിത്രീകരണം പൂർത്തിയാകുന്നത്.
കുടുംബസമേതം അന്റാർട്ടിക്കൻ സന്ദർശനത്തിന് പോയിരുന്ന മോഹൻലാൽ കഴിഞ്ഞയാഴ്ച തിരിച്ചെത്തി. വീണ്ടും സത്യൻ അന്തിക്കാട് ചിത്രത്തിൽ ജോയിൻ ചെയ്ത മോഹൻലാൽ സത്യൻ ചിത്രം പൂർത്തിയാക്കിയശേഷം ജോഷിയുടെ ലൈലാ ഓ ലൈലയുടെ ബാലൻസ് വർക്കുകൾ തീർക്കും.
എം. മോഹനന്റെ മൈ ഗോഡ് എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ സെറ്റിലാണ് സുരേഷ്ഗോപി.
കോട്ടയത്തും കുട്ടനാട്ടിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ഷാജൂൺ കാര്യാൽ ചിത്രം സർ. സി.പിയുടെ സെറ്റിലാണ് ജയറാം.
പഴനിയിൽ നവാഗതനായ സുരേഷ് ദിവാകർ സംവിധാനം ചെയ്യുന്ന ഇവൻ മര്യാദരാമന്റെ അവസാനഘട്ട ചിത്രീകരണത്തിരക്കിലാണ് ദിലീപ്.
അമേരിക്കയിൽ ചിത്രീകരണമാരംഭിച്ച ശ്യാമപ്രസാദിന്റെ ഇവിടെയിൽ പൃഥ്വിരാജ് പന്ത്രണ്ട് മുതൽ അഭിനയിച്ച് തുടങ്ങും.
ഡോ. ബിജു സംവിധാനം ചെയ്യുന്ന വലിയ ചിറകുള്ള പക്ഷികൾ എന്ന ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണവുമായി ബന്ധപ്പെട്ട് കാനഡയിലാണ് കുഞ്ചാക്കോ ബോബൻ.
കാനഡയുടെ തലസ്ഥാനമായ ഒട്ടാവയിലാണ് ചിത്രീകരണം.
ചേർത്തലയിൽ ചിത്രീകരണം തുടരുന്ന ചിറകൊടിഞ്ഞ കിനാവുകളിൽ നിന്ന് അവധിയെടുത്താണ് ചാക്കോച്ചൻ കാനഡയ്ക്ക് പറന്നത്.
ജയസൂര്യ നായകനാകുന്ന ആട് ഒരു ഭീകരജീവിയാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ പൂർത്തിയായി.
മണിരത്നത്തിന്റെ തമിഴ് ചിത്രത്തിന്റെ മുംബയിലെ ലൊക്കേഷനിലാണ് ദുൽഖർ സൽമാൻ. കൊല്ലത്ത് മറിയംമുക്ക് പൂർത്തിയാക്കുന്ന തിരക്കിലാണ് ഫഹദ് ഫാസിൽ.
വിനീത് ശ്രീനിവാസന്റെ രചനയിൽ നവാഗതനായ പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തലശേരിയിലെ ലൊക്കേഷനിലാണ് നിവിൻ പോളി. വി.കെ.പി സഞ്ജയ് ബോബി ചിത്രത്തിലഭിനയിക്കുകയാണ് ആസിഫ് അലി. എറണാകുളമാണ് ലൊക്കേഷൻ.
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ഡബിൾ ബാരലിന്റെ ഗോവയിലെ സെറ്റിലാണ് ഇന്ദ്രജിത്ത്.ചെറായിയിൽ കാട്ടുമാക്കാൻ എന്ന ചിത്രം മുകേഷ് നാളെ പൂർത്തിയാക്കും