കുട്ടനാട്ടിലെ കര്‍ഷകര്‍ സമരത്തിനൊരുങ്ങുന്നു

ആലപ്പുഴ: സപ്ലൈക്കോ നല്‍കാനുള്ള കുടിശ്ശിക ആവശ്യപ്പെട്ട് കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പുതുവത്സരദിനത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നിരാഹാരം കിടക്കാനാണ് കര്‍ഷകരുടെ തീരുമാനം

നെല്ലെടുത്ത് അഞ്ച് ദിവസത്തിനകം പണം കര്‍ഷകന്റെ ബാങ്ക് അക്കൗണ്ടില്‍ വരുമെന്നായിരൂന്നു സര്‍ക്കാരിന്റെ ഉറപ്പ്. എന്നാല്‍ സംഭരണം കഴിഞ്ഞ് ദിവസം 120 ആയിട്ടും ഓഫിസുകള്‍ കയറി ഇറങ്ങുകയാണ് കൃഷിക്കാര്‍. ആലപ്പുഴ ജില്ലയില്‍ മാത്രം കൂടിശ്ശിക 35 കോടിക്കടുത്തു വരൂം. രണ്ടാം സ്ഥാനത്ത് പാലക്കാടാണ് 17 കോടി. സംസ്ഥാനത്തെ നാല് ജില്ലകളിലുമയാ മൊത്തം 68 കോടിയാണ് കൂടിശ്ശിക. ആദ്യകൃഷിയുടെ വിളവെടുപ്പ് കഴിഞ്ഞ് രണ്ടാം കൃഷി ആരംഭിച്ചിട്ടും പണം ലഭിക്കാത്തത് കര്‍ഷകര്‍ക്ക് വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

പണമില്ലാത്തതാണ് പ്രശ്‌നമെന്ന് സപ്ലൈകോ പറയുന്നു. എത്രയും പെട്ടെന്നു പ്രശ്‌നപരിഹാരം ഉണ്ടാകുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു .സര്‍ക്കാര്‍ ഇടപെടലനിയായി, സെക്രട്ടറിയേറ്റ് പടിക്കലേക്ക് നീങ്ങാനൊരൂങ്ങുകയാണ് കര്‍ഷകര്‍. നാല് ജില്ലകളില്‍ നിന്നുള്ളവര്‍ പുതുവത്സരത്തിന് നിരാഹാരം കിടക്കാനാണ് തീരുമാനം.

മുട്ട ആര്‍ക്കും വേണ്ട; കര്‍ഷകര്‍ പ്രതിസന്ധിയില്‍

ആലപ്പുഴ: പക്ഷിപ്പനി ബാധിതമേഖലയായ കുട്ടനാട്ടില്‍ താറാവ്മുട്ടകള്‍ കെട്ടിക്കിടക്കുന്നതു കര്‍ഷകരെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. പതിനായിരക്കണക്കിനു മുട്ടയാണ് വിവിധയിടങ്ങളില്‍ കെട്ടിക്കിടക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരണത്തോടെ മുട്ടയ്ക്ക് ആവശ്യക്കാര്‍ ഇല്ലാത്തതാണ് കാരണം. മുട്ട ഒന്നിനു ആറുമുതല്‍ ഏഴുരൂപവരെയാണ് വില. നേരത്തേ മുട്ടയ്ക്ക് നല്ല ഡിമാന്‍ഡുണ്ടായിരുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ രണ്ടുലക്ഷത്തോളം താറാവുളെ കുട്ടനാട്ടില്‍ മാത്രം കൊന്നൊടുക്കി. പലയിടങ്ങളിലും ഇപ്പോഴും താറാവുകള്‍ ചത്തുവീഴുന്നു. ചിലയിടങ്ങളില്‍ കോഴികളും കൂട്ടത്തോടെ ചാകുന്നു. പക്ഷിപ്പനി സംബന്ധിച്ച് ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശമനുസരിച്ചാണെങ്കില്‍ കുട്ടനാടന്‍ മേഖലയില്‍ ആറുമാസത്തേക്കെങ്കിലും താറാവുവളര്‍ത്തലിനു നിയന്ത്രണം വരും. ഇതിനുപുറമെയാണ് കെട്ടിക്കിടക്കുന്ന മുട്ടകള്‍ വിറ്റഴിക്കാന്‍ കഴിയാത്ത സാഹചര്യം. കുട്ടനാട്ടില്‍ നെല്ലുല്‍പാദനത്തിനു പുറമെ മത്സ്യക്കൃഷിയും താറാവുകൃഷിയുമാണ് പ്രധാന വരുമാനസ്രോതസ്. അശാസ്ത്രീയ റോഡുവികസനം കനാലുകളില്‍ നീരൊഴുക്ക് തടസപ്പെടുത്തിയതും മാലിന്യം കുമിഞ്ഞുകൂടുന്നതും കുട്ടനാട്ടിലെ ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് ഗണ്യമായി കുറച്ചു. അങ്ങനെ ഈ വഴിക്കുള്ള വരുമാനം ഇടിഞ്ഞെങ്കിലും താറാവുകൃഷി കര്‍ഷകരെ ജീവിക്കാന്‍ പ്രേരിപ്പിച്ചു. പക്ഷിപ്പനി ഈ പ്രതീക്ഷയാണ് തല്ലിക്കെടുത്തിയത്. അഖില കുട്ടനാടന്‍ പ്രദേശത്ത് ഒരു നെല്ലും മീനും പദ്ധതി, താറാവുകൃഷി എന്നിവ വ്യാപിപ്പിക്കണമെന്നും പ്രോത്സാഹിപ്പിക്കണമെന്നും ഡോ. എം എസ് സ്വാമിനാഥന്‍ പഠനറിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് കുട്ടനാട് പാക്കേജിലും ഈ പദ്ധതികള്‍ ഇടംപിടിച്ചു. ലക്ഷ്യം കാണാതെ പാക്കേജ് പാതിവഴിയില്‍ ഉപേക്ഷിച്ചതോടെ പെരുവഴിയിലായ കുട്ടനാടന്‍ കര്‍ഷകര്‍ കരകയറാന്‍ മാര്‍ഗമെന്തെന്നറിയാതെ ഉഴലുകയാണ്.

പക്ഷിപ്പനി

പക്ഷിപ്പനി ബാധിച്ച താറാവുകളെ അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ കൂട്ടത്തോടെ സംസ്കരിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ തുടര്‍ന്ന് കുട്ടനാട് മേഖല സംഘര്‍ഷത്തിലേക്ക് നീങ്ങുന്നു. ചത്ത താറാവുകളെ സംസ്കരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാത്തതും രോഗംബാധിക്കാത്തവയെ കൂട്ടത്തോടെ കൊല്ലാനുള്ള നീക്കവുമാണ് സംഘര്‍ഷം സൃഷ്ടിക്കുന്നത്. 22000 ഓളം താറാവുകള്‍ കുട്ടനാട്ടില്‍ മാത്രം ചത്തുവെന്നാണ് മൃഗസംരക്ഷണവകുപ്പ് നല്‍കുന്ന കണക്ക്. മേഖലയിലെ മൂന്നുലക്ഷത്തോളം താറാവുകളെ കൂട്ടത്തോടെ കൊല്ലാനാണ് സര്‍ക്കാര്‍ തീരുമാനം. മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കാതെ താറാവുകളെ കൂട്ടത്തോടെ കൊല്ലുന്നത് അന്തരീക്ഷമലിനീകരണത്തിനു കാരണമാകുമെന്നും പരിസ്ഥിതിക്ക് ദോഷമാകുമെന്നും കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതുമൂലം ബുധനാഴ്ച മുതല്‍ താറാവുകളെ കൊല്ലാനുള്ള തീരുമാനം മാറ്റിവച്ചു. തുടര്‍നടപടി സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാരിന് വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്നില്ല. താറാവുകളെ കൊല്ലുന്നത് വ്യാഴാഴ്ചയും നടക്കുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.

സമുദ്രനിരപ്പില്‍നിന്ന് ഒരുമീറ്റര്‍മുതല്‍ രണ്ടരമീറ്റര്‍വരെ താഴെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങള്‍ ഉള്‍പ്പെടുന്നതാണ് കുട്ടനാടന്‍മേഖല. ഇവിടെ പ്രത്യേകം കുഴിയെടുത്ത് വിറകും പെട്രോളും ഉപയോഗിച്ച് താറാവുകളെ സംസ്കരിക്കുന്നത് അപ്രായോഗികമാണ്. കുഴിയെടുത്താല്‍ അവിടെ വെള്ളക്കെട്ടാകുമെന്നതിനാല്‍ ഈ രീതിയിലുള്ള സംസ്കരണം നടക്കില്ലെന്ന് കര്‍ഷകര്‍ പറയുന്നു.ചത്ത താറാവുകളെ കൂട്ടിയിട്ട സ്ഥലങ്ങളില്‍ ദുര്‍ഗന്ധം ഉയര്‍ന്നു തുടങ്ങി. പലയിടത്തും ചത്ത താറാവുകള്‍ വയലിലും വെള്ളക്കെട്ടിലും തന്നെ കിടക്കുകയാണ്. നാട്ടുകാര്‍ക്ക് വെള്ളം ഉപയോഗിക്കാനാവുന്നില്ല. പകര്‍ച്ചവ്യാധി ഭീഷണിയും നിലനില്‍ക്കുന്നു. കുട്ടനാട്ടിലെ പുറക്കാട് മലയില്‍ത്തോട് തെക്ക് ഗതികെട്ട നാട്ടുകാര്‍ മുന്നൂറോളം താറാവുകളെ സംസ്കരിച്ചു. സുരക്ഷാകവചങ്ങളില്ലാതെ തുറസായ സ്ഥലത്ത് സംസ്കരിക്കാന്‍ തുടങ്ങിയെങ്കിലും അധികൃതര്‍ ഇടപെട്ട് കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമടക്കം മാസ്കും കയ്യുറകളും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കി.

കോട്ടയം ജില്ലയില്‍ താറാവുകളെ കൊന്നൊടുക്കാന്‍തുടങ്ങി. അയ്മനം പഞ്ചായത്തിലെ കൊല്ലത്തുകരിയില്‍ മൃഗസംരക്ഷണവകുപ്പ് ഉദ്യോഗസ്ഥര്‍ 1800 താറാവുകളെ കൊന്ന് കത്തിച്ചു. ഇതിനിടെ, പുറക്കാട് രണ്ട് കുടുംബത്തിലെ ഏഴുപേര്‍ക്ക് പക്ഷിപ്പനി ലക്ഷണങ്ങളുണ്ടെന്ന അഭ്യൂഹം കനത്ത ആശങ്ക ഉയര്‍ത്തി. ഇവര്‍ പുറക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി. തുടര്‍ന്ന് ഏഴുപേരെയും വീടുകളിലേക്ക് മടക്കിയയച്ചു. മാവേലിക്കര തെക്കേക്കര പഞ്ചായത്തിലെ ഒരാള്‍ക്കും രോഗബാധ ഉണ്ടെന്ന അഭ്യൂഹം പരന്നു. ഇവരിലൊന്നും പക്ഷിപ്പനി സംബന്ധിച്ച ലക്ഷണങ്ങള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സമിയാബീഗം "ദേശാഭിമാനി'യോട് പറഞ്ഞു.

കൊല്ലം ജില്ലയില്‍ പോരുവഴി, കുന്നത്തൂര്‍ പഞ്ചായത്തുകളിലായി കഴിഞ്ഞദിവസം നൂറുകണക്കിനു താറാവുകള്‍ ചത്തു. ചിലഭാഗങ്ങളില്‍ കോഴികളും ചത്തിട്ടുണ്ട്. ശൂരനാട് വടക്ക് പഞ്ചായത്തിലും പക്ഷിപ്പനിയുള്ളതായി വിവരമുണ്ട്. ചത്ത താറാവുകളുടെ സാമ്പിളുകള്‍ പാലോട്ടുള്ള ലാബിലേക്ക് അയച്ചു. തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുട, വേളൂക്കര, മാള, വേലൂര്‍ എന്നിവിടങ്ങളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തുവീണെങ്കിലും പക്ഷിപ്പനിയല്ല മരണകാരണമെന്ന് അധികൃതര്‍ പറയുന്നു. ഡല്‍ഹി ആസ്ഥാനമായ നാഷണല്‍ സെന്‍ട്രല്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിലെ മൂന്നംഗ വിദഗ്ധസംഘം കുട്ടനാട്ടിലെ വിവിധ മേഖലകളിലെത്തി വിവരങ്ങള്‍ ശേഖരിച്ചു. കുട്ടനാട്ടെ പക്ഷിപ്പനിബാധിത മേഖലകള്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍, സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ് ഐസക് എന്നിവര്‍ ബുധനാഴ്ച സന്ദര്‍ശിച്ചു.

താരങ്ങള്‍ക്ക് ചേര്‍ത്തലയില്‍ സ്വീകരണം നല്‍കി