കൊച്ചി: കാക്കനാട് നിര്‍മിക്കുന്ന മെട്രോ ടൗണ്‍ഷിപ്പിനുള്ള വിശദമായ രൂപരേഖ സമര്‍പ്പിക്കാന്‍ കെഎംആര്‍എല്‍ പദ്ധതിയുടെ ട്രാന്‍സാക്ഷന്‍ അഡൈ്വസര്‍ ആയ ഏണസ്റ്റ് ആന്‍ഡ് യങ്ങിന് നിര്‍ദേശംനല്‍കി. ടൗണ്‍ഷിപ്പിന് യോജിച്ച പദ്ധതികള്‍ കണ്ടെത്തേണ്ട ചുമതലയാണ് ഏണസ്റ്റ് ആന്‍ഡ് യങ്ങിനെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇതിനായി സര്‍വേ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ അവലംബിക്കാം.
17 ഏക്കറിലാണ് ടൗണ്‍ഷിപ് തയ്യാറാക്കാന്‍ ഉദ്ദേശിക്കുന്നത്. മെട്രോ പദ്ധതിയുടെ ടിക്കറ്റിതര വരുമാനം കണ്ടെത്താനാണ് കാക്കനാട് ടൗണ്‍ഷിപ് ഉള്‍പ്പെടെയുള്ള മെട്രോ പ്ലാസ പദ്ധതികള്‍ തയ്യാറാക്കുന്നത്. ഇതില്‍ ഉള്‍പ്പെടുത്തി മെട്രോ റെയില്‍വേസ്റ്റേഷനുകള്‍ വികസിപ്പിക്കും. 22 സ്റ്റേഷനുകളില്‍ പത്തെണ്ണമാണ് ഇങ്ങനെ വികസിപ്പിക്കുക. ലാഭകരമായ രീതിയില്‍ വാണിജ്യസംരംഭങ്ങള്‍, വിനോദകേന്ദ്രങ്ങള്‍, പാര്‍പ്പിടം, വാഹന പാര്‍ക്കിങ്ങിനുള്ള ആധുനിക സംവിധാനം എന്നിവയാണ് പ്ലാസയില്‍ ഒരുക്കുക. പൊതു-സ്വകാര്യ സംരംഭമായോ ബിഒടി അടിസ്ഥാനത്തിലോ നിര്‍മിക്കാനാണ് പദ്ധതി.
ആലുവ, അമ്പാട്ടുകാവ്, മുട്ടം, കളമശേരി, കുസാറ്റ്, ഇടപ്പള്ളി ജങ്ഷന്‍, കലൂര്‍, എംജി റോഡ്, തൈക്കൂടം, പേട്ട എന്നീ സ്റ്റേഷനുകളാണ് വികസിപ്പിക്കുക. ഇതിനായി 39085 ചതുരശ്ര അടി സ്ഥലം കണ്ടെത്തേണ്ടിവരും. കെഎംആര്‍എലിന്റെ കൈവശമുള്ള ഭൂമി ഇതിനായി വിട്ടുനല്‍കും. ഒക്ടോബര്‍ 27 വരെയാണ് ഇതിന് താല്‍പ്പര്യപത്രം സമര്‍പ്പിക്കാന്‍ സമയം നല്‍കിയിരുന്നത്. എന്നാല്‍, ഇതു പിന്നീട് നീട്ടി.