സ്കൂള്‍ കലോത്സവങ്ങളില്‍ വിധി നിര്‍ണയം രൌദ്ര ഭാവങ്ങള്‍ കൈവരിക്കുമ്പോള്‍

സ്കൂള്‍ കലോത്സവത്തില്‍ വിധി നിര്‍ണ്ണയത്തിലെ പക്ഷപാദിത്വം  ഒരു കുരുന്നു ജീവനെടുത്തു

മട്ടന്നൂര്‍ സബ്ബ് ജില്ലാ കേരള സ്കൂള്‍ കലോത്സവത്തില്‍  സംസ്കൃത നാടകത്തിന്‍റെ വിധി നിര്‍ണ്ണയം കണ്ണൂര്‍ കൂടാളി ഗവ ഹയര്‍സെക്കണ്ടറി സ്കൂളിലെ കൊച്ചുകൂട്ടുകാരിയുടെ ജീവന്‍ കവര്‍ന്നു.

നാടകത്തില്‍ പുരുഷകഥാപാത്രത്തെ അവതരിപ്പിച്ച പെണ്‍കുട്ടി മാറുമറക്കാതെ സ്റ്റേജില്‍  വന്നിരുന്നെങ്കില്‍ ഒന്നാം സ്ഥാനം ലഭിക്കുമായിരുന്നു എന്ന വിധി കര്‍ത്താവിന്‍റെ പരമാര്‍ശത്തില്‍  മാനസീക പിരിമുറുക്കം അനുഭവിച്ച് കീര്‍ത്തന എന്ന കൊച്ചു കലാകാരി രക്തസമ്മര്‍ദ്ധം കുറഞ്ഞ് മരണമടഞ്ഞു.

വിധി കര്‍ത്താക്കള്‍ തങ്ങളുടെ മനോനിലവാരം അനുസരിച്ച് മത്സരാര്‍ത്തികളെ വിമര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന അപക്വമായ രീതികള്‍ അവസാനിപ്പിക്കാന്‍ അധികൃതര്‍ ഇടപെട്ടില്ലെങ്കില്‍   കീര്‍ത്തനമാര്‍ ഇനിയും  ജീവന്‍ വെടിയും.

മാലിന്യംനിറഞ്ഞ് ദേശീയ “കാ”പാത

കണ്ണൂര്‍: സഞ്ചാരത്തിനിടയില്‍ റോഡരികില്‍ മാലിന്യം പൊതിഞ്ഞ് വലിച്ചെറിയുന്നവരെ എങ്ങനെ കുറ്റം പറയും? ഇരുവശവും കാടുമൂടി കാനപാതയായിരിക്കുകയാണ് ദേശീയപാത അടക്കമുള്ള റോഡുകള്‍. പച്ചപിടിച്ചുപിണഞ്ഞ ഈ പൊന്തകളാണ് ഇപ്പോള്‍ പലരുടെയും മാലിന്യനിക്ഷേപ കേന്ദ്രം. മാന്യന്മാരായി കാറില്‍ പോകുന്നവരും കാല്‍നടയായി എത്തുന്നവരുമെല്ലാം മാലിന്യം വലിച്ചെറിയാന്‍ പാതയോരങ്ങളെ ഉപയോഗിക്കുന്നു. രോഗങ്ങളും പകര്‍ച്ചവ്യാധിയും നാടാകെ പരത്തുന്നതില്‍ ഈ പാതകള്‍ക്ക് ചെറുതല്ലാത്ത സ്ഥാനമാണ്.ദേശീയപാതയുടെ ഓരങ്ങള്‍ പലയിടത്തും വന്‍കാടുകളായി മാറി. ഇവ കൃത്യസമയത്ത് വെട്ടിമാറ്റാന്‍ അധികൃതര്‍ ഒരുക്കമല്ല. വാഹനാപകടങ്ങള്‍ക്കുവരെ കുറ്റിക്കാടുകള്‍ വഴിയൊരുക്കുന്നു. എതിരെ വരുന്ന വാഹനങ്ങളെ കാണാന്‍ സാധിക്കാത്തത് പൊന്തക്കാടുകളുടെ മറയുള്ളതുകൊണ്ടാണ്. കാല്‍നടക്കാരെ വാഹനമിടിക്കുന്നതിനും ഇത് കാരണമാകുന്നു. ദേശീയപാതയിലൂടെ സഞ്ചരിക്കുമ്പോല്‍ പലയിടത്തും മൂക്കുപൊത്തേണ്ട സ്ഥിതിയാണ്. അറവുശാലകളില്‍നിന്നും കല്യാണവീടുകളില്‍നിന്നുമുള്ള അവശിഷ്ടങ്ങള്‍ നിര്‍ബാധം തള്ളുകയാണ്. രാത്രി വാഹനങ്ങളിലെത്തി മാലിന്യം പാതയോരത്ത് ചൊരിയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ ഹൈവേ പട്രോളിങ് ടീം പരാജയമാണ്. ദേശീയപാത അധികൃതരും ഇക്കാര്യത്തില്‍ അലംഭാവം പുലര്‍ത്തുന്നു. എടക്കാട്, മുഴപ്പിലങ്ങാട്, ചാല പ്രദേശങ്ങളിലെല്ലാം പാതയോരം പൊന്തക്കാടുകളായി. അടുത്തടുത്ത കേന്ദ്രങ്ങളിലായി ഇവിടെയെല്ലാം മാലിന്യം വലിച്ചെറിഞ്ഞിരിക്കുന്നതും കാണാം. വളപട്ടണം പാലത്തിന് സമീപം പാപ്പിനിശേരിയിലെ കണ്ടല്‍ക്കാടുകളിലും ഇത്തരത്തില്‍ വന്‍തോതില്‍ മാലിന്യം വലിച്ചെറിയുന്നുണ്ട്. അയല്‍ സംസ്ഥാനങ്ങളില്‍നിന്നെത്തുന്ന ചരക്കുലോറികള്‍ വിശ്രമത്തിന്റെ ഭാഗമായി നിര്‍ത്തിയിടുമ്പോള്‍ അവശിഷ്ടങ്ങള്‍ ഒഴിവാക്കുന്ന സ്ഥിതിയുമുണ്ട്. പാതയോരത്തെ മാലിന്യം നീക്കാന്‍ ആരും സന്നദ്ധരാകാറില്ല. ശുചിത്വം പാലിക്കണമെന്നുള്ള നിര്‍ദേശ ബോര്‍ഡുകളുടെ ചുവട്ടില്‍വരെ മാലിന്യം തള്ളുന്നു. റോഡുകളില്‍ മാലിന്യം തള്ളുമ്പോള്‍ സമീപത്തെ വീടുകളിലെ കിണറുകളുമാണ് മലിനപ്പെടുന്നത്. ഇവയേക്കാളും ഭീകരമാണ് തെരുവുനായ്ക്കളുടെ കാര്യം. പലപ്പോഴും നഗരപ്രദേശങ്ങളില്‍ തെരുവുനായ്ക്കള്‍ പെരുകുന്നത് പാതയോരത്ത് വലിച്ചെറിയുന്ന അവശിഷ്ടങ്ങള്‍ ഭക്ഷിച്ചാണ്. പ്രദേശവാസികളുടെ കൂട്ടായ്മയുണ്ടെങ്കില്‍ പാതയോരങ്ങളെ മലിനീകരണത്തില്‍നിന്ന് തടയാം. തദ്ദേശസ്ഥാപനങ്ങളും സഹായിക്കണം. ലോറികള്‍ റോഡുകളില്‍ മീന്‍വെള്ളം ഒഴുക്കുന്നത് തടഞ്ഞത് യുവാക്കളുടെ കൂട്ടായ്മയാണ്. രാത്രി ഊഴമിട്ട് കാവലിരുന്നും മറ്റും സാമൂഹ്യദ്രോഹം ചെയ്യുന്നവരെ പിടികൂടാം. കാടുകള്‍ വെട്ടിത്തെളിച്ച് കൂട്ടായ്മകള്‍ക്ക് കൃഷിയും ആരംഭിക്കാം. ഏതിനും ദേശീയപാത അധികൃതരും ജനങ്ങളും ഒരുപോലെ മനസുവയ്ക്കണം. രാത്രി ഡ്യൂട്ടിയിലുള്ള ഹൈവേ പൊലീസ് "ഉണര്‍ന്ന്' പ്രവര്‍ത്തിക്കുന്നതും ഈ മുന്നേറ്റത്തിന് ശക്തിപകരും.