സമദൂര സിദ്ധാന്തം ആണുംപെണ്ണുംകെട്ട നടപടി: മലബാര്‍ നായര്‍ സമാജം :മലബാര്‍ നായര്‍ മഹാസമ്മേളനം നാളെ

കോഴിക്കോട്‌: എന്‍.എസ്‌.എസിന്റെ സമദൂര സിദ്ധാന്തം ആണും പെണ്ണും കെട്ട നടപടിയാണെന്നു മലബാര്‍ നായര്‍ സമാജം. ആണത്തമുള്ളവനു പറ്റിയ നിലപാടല്ല അത്‌. അധികാരത്തിന്റെ അപ്പക്കഷണം നുണയാനായാണ്‌ സമദൂരസിദ്ധാന്തവുമായി എന്‍.എസ്‌.എസ്‌. മുന്നോട്ടുപോകുന്നതെന്നും മലബാര്‍ നായര്‍ സമാജം രക്ഷാധികാരി കെ.ആര്‍. ഭാസ്‌കരന്‍പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവരുടെ ഭാഗത്തേക്കു ചായാനായാണ്‌ സമദൂര സിദ്ധാന്തം സ്വീകരിക്കുന്നത്‌. നായര്‍ സമുദായത്തിനു വേണ്ടി ഒന്നും ചെയ്യാത്ത നേതൃത്വം അഴിമതിയും കെടുകാര്യസ്‌ഥതയും സ്വജനപക്ഷപാതവും ധൂര്‍ത്തുമാണു നടത്തുന്നത്‌. എന്‍.എസ്‌.എസ്‌. ഇനിയെങ്കിലും ഹിതപരിശോധന നടത്താന്‍ തയാറാകണം. എന്‍.എസ്‌.എസ്‌. പോലുള്ള സംഘടന രാഷ്‌ട്രീയം കളിക്കാന്‍ പാടില്ല. ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുടെ തരംതാണ പ്രസ്‌താവനകള്‍ കേട്ട്‌ നായന്‍മാര്‍ക്കു ലജ്‌ജിച്ചു തല താഴ്‌ത്തേണ്ട അവസ്‌ഥയാണ്‌. എന്‍.എസ്‌.എസിന്റെ 102 സ്‌കൂളുകളില്‍ 40 എണ്ണവും ആവശ്യത്തിനു വിദ്യാര്‍ഥികളില്ലാതെ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്‌. മലബാറില്‍ പതിനായിരത്തോളം ഏക്കര്‍ ഭൂമിയും അരഡസന്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങളും ഉള്‍പ്പെടെ രണ്ടായിരത്തിലധികം കോടി രൂപയുടെ ആസ്‌തിയുണ്ടായിട്ടും സാധാരണക്കാരായ നായര്‍ സമുദായാംഗങ്ങള്‍ക്കായി യാതൊന്നും ചെയ്‌തിട്ടില്ല. മലബാറിന്‌ മതിയായ പ്രാതിനിധ്യം നല്‍കാതെ പെരുന്നയിലേയും മറ്റും ഒരു വിഭാഗം പേരെ മാത്രം നേതൃസ്‌ഥാനങ്ങളിലേക്ക്‌ അവരോധിക്കുന്നതില്‍ പ്രതിഷേധിച്ചാണ്‌ മലബാറിലെ നായര്‍ സമുദായാംഗങ്ങള്‍ ചേര്‍ന്ന്‌ മലബാര്‍ നായര്‍ സമാജത്തിന്‌ രൂപം നല്‍കിയത്‌. എന്‍.എസ്‌.എസിനെ ശിഥിലമാക്കുകയല്ല ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. മലബാര്‍ നായര്‍ മഹാസമ്മേളനം നാളെ കോഴിക്കോട്‌: മലബാര്‍ നായര്‍ സമാജത്തിന്റെ പ്രഥമ സമ്മേളനം മലബാര്‍ നായര്‍ മഹാസമ്മേളനം എന്ന പേരില്‍ നാളെ തളി ഗുരുവായൂരപ്പന്‍ ഹാളില്‍ നടക്കും. രക്ഷാധികാരി കെ.ആര്‍. ഭാസ്‌കരന്‍പിള്ള പതാകയുയര്‍ത്തും. രാവിലെ പത്തിന്‌ പ്രതിനിധി സമ്മേളനം സ്വാമി വിവേകാമൃത ചൈതന്യ ഉദ്‌ഘാടനം ചെയ്യും. സാമൂതിരി കെ.സി. ഉണ്ണി അനുജന്‍ രാജ ഭദ്രദീപം തെളിക്കും. ഉച്ചയ്‌ക്കു രണ്ടിനു നടക്കുന്ന പൊതുസമ്മേളനം മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ ഉദ്‌ഘാടനം ചെയ്യും. സിനിമാ സംവിധായകന്‍ മേജര്‍ രവി മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തില്‍ എം.പി. പ്രദീപ്‌കുമാര്‍, ജനറല്‍ സെക്രട്ടറി എം. ശ്രീറാം, ഒ.കെ. ഹരിദാസന്‍, എ.എം. ഹരികൃഷ്‌ണന്‍, ദേവിദാസന്‍ എന്നിവര്‍ പങ്കെടുത്തു.  

ഹഗ് ഓഫ് ലൗവുമായി ലോ കോളെജ് വിദ്യാര്‍ത്ഥികളും

കോഴിക്കോട്: മനുഷ്യന്റെ അവകാശങ്ങള്‍ നേടിയെടുക്കുക എന്ന ആവശ്യവുമായി കോഴിക്കോട് ലോക്കോളെജ് വിദ്യാര്‍ത്ഥികള്‍ ഹഗ് ഓഫ് ലൗ നടത്തുന്നു. എല്ലാ വിദ്യാര്‍ത്ഥി സംഘടനകളും ഹഗ് ഓഫ് ലൗവിനെ പിന്തുണക്കുന്നുണ്ട്. കോഴിക്കോട് ചുംബനസമരക്കാര്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ത്ഥികള്‍ ഈ സമരവുമായി മുന്നോട്ട് പോകുന്നത്. ഒരാലിംഗനത്തിലൂടെ സ്‌നേഹം പങ്കുവയ്ക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ലോകമനുഷ്യാവകാശദിനത്തില്‍ സമരങ്ങളിലൂടെ ഇത്തരം അവകാശങ്ങള്‍ നേടിയെടുക്കണമെന്ന സന്ദേശം പൊതുജനത്തിന് കൈമാറുകയാണ് വിദ്യാര്‍ത്ഥികളുടെ ലക്ഷ്യം.

കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട

കരിപ്പൂരില്‍ പത്ത് കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. എമിഗ്രേഷന്‍ വിഭാഗത്തിനടുത്തുള്ള ശുചിമുറിയില്‍നിന്നാണ് സ്വര്‍ണ്ണം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ ഡി.ആര്‍.ഐ ചോദ്യം ചെയ്യുകയാണ്. രഹസ്യവിവരത്തെ തുടര്‍ന്ന് ഡി.ആര്‍.ഐ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്. വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗത്തിനടുത്തുള്ള സ്ത്രീകളുടെ ശുചിമുറിയില്‍ നിന്നാണ് ബിസ്‌കറ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഡി.ആര്‍.ഐ ചോദ്യം ചെയ്യുകയാണ്. തിരുവനന്തപുരം സ്വദേശിയായ സ്ത്രീയെയും കാസര്‍ക്കോട് സ്വദേശിയെയുമാണ് ചോദ്യം ചെയ്യുന്നത്. രാവിലെ 6.30ന് ദുബൈയില്‍നിന്ന് കരിപ്പൂരില്‍ വന്ന എമിറേറ്റ്‌സ് വിമാനത്തില്‍ എത്തിയവരാണിവര്‍. കരിപ്പൂര്‍വിമാനത്താവളത്തില്‍ ശുചിമുറികളില്‍നിന്ന് നേരത്തെയും സ്വര്‍ണ്ണം പിടികൂടിയിട്ടുണ്ട്. ശുചിമുറിയില്‍ നിക്ഷേപിക്കുന്ന സ്വര്‍ണ്ണം വിമാനത്താവള ജീവനക്കാരുടെ സഹായത്തോടെ പുറത്തെത്തിക്കുകയാണ് രീതി.

‘കിസ്‌ ഇന്‍ ദി സ്‌ട്രീറ്റ്‌’ , കോഴിക്കോട്ട്‌ ഇന്ന് ചുംബന സമരം

കോഴിക്കോട്‌: കൊച്ചിക്കു പിന്നാലെ ചുംബന സമരത്തിന്റെ രണ്ടാംഘട്ടം ഇന്ന് കോഴിക്കോട്ട്‌ നടക്കും. "കിസ്‌ ഇന്‍ ദി സ്‌ട്രീറ്റ്‌" എന്ന പേരില്‍ കോഴിക്കോട്‌ മൊഫ്യൂസില്‍ ബസ്‌സ്‌റ്റാന്‍ഡിനു മുമ്പിലാണു പരിപാടി. കിസ്‌ ഇന്‍ ദി സ്‌ട്രീറ്റ്‌ പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. നേരത്തെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചുംബന പരിപാടി സംഘടിപ്പിക്കാനായിരുന്നു തീരുമാനമെങ്കിലും പിന്നീട്‌ ഒരു സ്‌ഥലത്തു മാത്രമായി കേന്ദ്രീകരിക്കുകയായിരുന്നു. അതേസമയം, കൊച്ചിയില്‍ നടന്ന ചുംബന സമരത്തോടുള്ള പോലീസിന്റെ പ്രതികരണം കോഴിക്കോട്ട്‌ ആവര്‍ത്തിക്കില്ലെന്നാണു സൂചന. സമരത്തെ എതിര്‍ക്കാനോ സമരക്കാരെ തടയാനോ പോലീസ്‌ രംഗത്തുണ്ടാവില്ല. ഇതിനായി പ്രത്യേക പോലീസ്‌ സേനയേയും വിന്യസിക്കില്ല.എന്നാല്‍, സമരത്തിനുനേരേ ഏതെങ്കിലും തരത്തിലുള്ള ആക്രമണമുണ്ടായാല്‍ പോലീസ്‌ ഇടപെടും. ചുംബനസമരത്തിനു കൊച്ചിയിലേതുപോലെ പ്രവര്‍ത്തകര്‍ സംഘടിക്കില്ലെന്നാണ്‌ ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍. കോഴിക്കോട്ട്‌ ഏകദേശം 300 പേര്‍ സമരത്തിനെത്തുമെന്നാണു സംഘാടകരുടെ കണക്ക്‌. എന്നാല്‍ നൂറിലധികം പേര്‍ ഉണ്ടാവില്ലെന്നാണ്‌ ഇന്റലിജന്‍സിന്റെ വിലയിരുത്തല്‍. സമൂഹത്തിന്റെ വിവിധതലങ്ങളില്‍ നിന്നുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുമെന്നു സംഘാടകര്‍ അറിയിച്ചു. ലൈംഗിക ന്യൂനപക്ഷങ്ങളും സമരത്തില്‍ പങ്കുചേരും. ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും സമരത്തിനാളുകള്‍ എത്തും.