രാമശ്ശേരി ഇഡ്ഡലി : കൈപുണ്ണ്യത്തിന്റെ മറ്റൊരു വിജയ ഗാഥ

പാലക്കാട് കോയമ്പത്തൂര്‍ നാഷണല്‍ ഹൈവേയും പാലക്കാട് പൊള്ളാച്ചിപ്പാതയേയും ബന്ധിപ്പിക്കുന്ന പുതുശേരി കുന്നാച്ചി റോഡ്. അവിടെയാണ് രാമശ്ശേരി. ആ ഗ്രാമത്തിലേക്കൊന്ന് പോകാം. അവിടെ വരവേല്‍ക്കാനിരിക്കുന്നത്  മറ്റൊന്നുമല്ല, ഇഡ്ഡലിയാണ്. അങ്ങനെ ഇഡ്ഡലിയുടെ പേരില്‍ അറിയപ്പെടുന്നൊരു ഗ്രാമം! രാമശ്ശേരി എന്ന്  കേട്ടു പരിചയമുളളവരുടെ ഉള്ളില്‍ ഓടിയെത്തുന്നത്  രാമശ്ശേരി ഇഡ്ഡലിയാണ്. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യമാണ് നാവിനെ കീഴടക്കുന്ന ഈ ഇഡ്ഡലിക്ക്.<p>65കാരിയായ  ഭാഗ്യലക്ഷ്മി അമ്മാള്‍ ആണ് ഇപ്പോൾ രാമശ്ശേരി ഇഡ്ഡലിയുടെ കൈപുണ്യം., ഭര്‍ത്താവിന്റെ അമ്മ അമ്മിണി അമ്മാളില്‍ നിന്നാണ്  രാമശ്ശേരി ഇഡ്ഡലിയുടെ രഹസ്യം കണ്ടറിഞ്ഞത്. ആളിപ്പോള്‍ ഇമ്മിണി വിഷമത്തിലാണ്. തനിക്ക് ശേഷം രാമശ്ശേരി ഇഡ്ഡലി ആരുണ്ടാക്കുമെന്ന ആശങ്ക. എന്നാലും രാമശ്ശേരി ഇഡ്ഡലിയുടെ രഹസ്യം വെളിയില്‍ വിടില്ല. അത് പാരമ്പര്യമായി തന്റെ ഭര്‍ത്തൃകുടുംബത്തില്‍ നിന്ന് കിട്ടിയതാണ്. തന്റെ പിന്‍ഗാമിയായി കുടുംബത്തിലുളള ആരെങ്കിലും വന്നാല്‍ അവരോട് മാത്രമേ വെളിപ്പെടുത്തുകയുളളു.</p><p>തമിഴ്നാട്ടിലെ മുതലിയാര്‍ വിഭാഗത്തില്‍പ്പെട്ടവരാണ് രാമശ്ശേരി ഇഡ്ഡിലിയുടെ സ്രഷ്ടാക്കള്‍. ജീവിക്കാന്‍വേണ്ടി കണ്ടെത്തിയ മാര്‍ഗം. പാലക്കാട്ട് അന്ന് നെല്‍കൃഷി വളരെ വ്യാപകമായിരുന്നു. കൃഷിപ്പണിക്കാര്‍ക്ക് കൃഷിയിടങ്ങളില്‍കൊണ്ട് പോയി വില്‍പ്പന നടത്തിക്കൊണ്ടായിരുന്നു തുടക്കം. പ്രത്യേക രീതിയില്‍ ഉണ്ടാക്കിയ ഇഡ്ഡലി കര്‍ഷകതൊഴിലാളികള്‍ക്കും വളരെ ഇഷ്ടമായി. പാലക്കാടന്‍ ഇഡ്ഢിലിയില്‍ നിന്നും തികച്ചും വ്യത്യസ്തമായിരുന്നു രാമശ്ശേരി ഇഡ്ഡലി. അത് ക്ലിക്കായി. കാഴ്ചയില്‍ ഒരു മിനി ദോശ പോലെ.</p><p>തോമസ് ഐസക്ക് ധനകാര്യമന്ത്രിയായിരുന്ന സമയത്ത് അതിര്‍ത്തിയിലെ വാണിജ്യ നികുതി ചെക്ക്‌പോസ്റ്റുകള്‍ സന്ദര്‍ശിച്ചപ്പോഴെല്ലാം രാമശ്ശേരി ഇഡ്ഡലി കഴിച്ചിട്ടേ പോയിട്ടുള്ളൂ. ഇപ്പോള്‍ രാമശ്ശേരിയിലെ നാല് മുതലിയാര്‍ കുടുംബങ്ങള്‍ മാത്രമാണ്  ഇഡ്ഡലിയുടെ ബന്ധുക്കള്‍. ഇതില്‍ ഭാഗ്യലക്ഷ്മി അമ്മാളാണ് മുന്നില്‍. ഒരു ദിവസം രണ്ടായിരം ഇഡ്ഡലി വിറ്റഴിക്കുന്നു. ഞായറാഴ്ചകളില്‍ ഇത് 5000 വരെയാകും.</p><p>രാമശ്ശേരി ഇഡ്ഡലി മാവിന്റെ രഹസ്യം പറയില്ല. പക്ഷേ ചേരുവയില്‍ അരി, ഉഴുന്ന്, ഉലുവ, ഉപ്പ് എന്നിവയുണ്ട്. വിറക് കൊണ്ടുളള അടുപ്പില്‍ മണ്‍പാത്രത്തിലാണ് ഉണ്ടാക്കുന്നത്. ഒരേ സമയം 100 ഇഡ്ഡലി വരെ ഉണ്ടാക്കും. ഒരെണ്ണത്തിന് അഞ്ചു രൂപ. പാലക്കാടന്‍ ഹോട്ടലുകളില്‍ എത്തുമ്പോള്‍ പത്ത് രൂപ.