ഗുരുവായൂരില്‍ ആനകളെ നടയിരുത്തുന്നത് നിര്‍ത്തണമെന്ന് വിദഗ്ദ്ധ സമിതി

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആനകളെ നടയിരുത്തുന്ന സമ്പ്രദായം പൂര്‍ണമായി നിര്‍ത്തലാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് വിദഗ്ദ്ധ സമിതി നല്‍കിയ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തു.

ഭക്തര്‍ ആനകളെ നടയിരുത്തുന്നതും ആനകളെ ദാനമായി ദേവസ്വം സ്വീകരിക്കുന്നതും കൈമാറ്റം ചെയ്യുന്നതും മുഖ്യ വനപാലകര്‍ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്നും ഡോ. സുവര്‍ണ ഗാംഗുലി അധ്യക്ഷയായ സമിതി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള കേന്ദ്ര മൃഗക്ഷേമ ബോര്‍ഡിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചു. ഗുരുവായൂരിലെ ഗജക്ഷേമത്തിലെ വീഴ്ചകളെ കുറിച്ച് പൊതുജനങ്ങളും സംഘടനകളും സംസ്ഥാന വനം വകുപ്പിന്റെ വന്യജീവി ഉപദേശക സമിതിയും ഉന്നയിച്ച പരാതികളെ തുടര്‍ന്നാണ് അന്വേഷണത്തിനായി വിദഗ്ദ്ധ സമിതിയെ നിയോഗിച്ചത്. ഗുരുവായൂരില്‍ ഗജക്ഷേമമില്ലെന്നും ഗജപീഡനവും ക്രൂരതയും നിയമ ലംഘനവും നടക്കുന്നതായും സമിതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ കീഴിലുള്ള പുന്നത്തൂര്‍ കോട്ടയിലുള്ള 59 ആനകളുടെ പരിതാപകരമായ സ്ഥിതിയാണ് വിദഗ്ദ്ധ സമിതി പരിശോധിച്ചത്. ഗജക്ഷേമത്തിനുള്ള വന്യജീവി സംരക്ഷണ നിയമവും നാട്ടാന പരിപാലന ചട്ടങ്ങളും നഗ്നമായി പുന്നത്തൂര്‍ കോട്ടയില്‍ ലംഘിക്കപ്പെടുന്നതായി സമിതി വ്യക്തമാക്കി.

90 ശതമാനം ആനകള്‍ക്കും പാദ രോഗങ്ങള്‍ ഉണ്ട്. ആനകളുടെ ആരോഗ്യ പരിപാലനത്തില്‍ ദേവസ്വം ഭരണകൂടം ഗുരുതരമായ വീഴ്ച വരുത്തിയിട്ടുണ്ട്. 59 ആനകള്‍ക്ക് പുന്നത്തൂര്‍ കോട്ടയില്‍ 18.42 ഏക്കര്‍ സ്ഥലമാണുള്ളത്. ആനകള്‍ ഈ സ്ഥലത്ത് ശ്വാസം മുട്ടി കഴിയുന്ന നിലയിലാണ്. പ്രതിദിനം അഞ്ച് ടണ്‍ വരെ മാലിന്യങ്ങള്‍ ഇവിടെയുണ്ടാകുന്നുണ്ട്. അവ നീക്കുന്നതില്‍ ഫലപ്രദമായ നടപടികള്‍ യാതൊന്നുമില്ല. പൊതുവെ ദുസ്സഹമായ അന്തരീക്ഷത്തിലാണ് ദേശീയ പൈതൃക മൃഗമായ ആന കഴിഞ്ഞുകൂടുന്നത്. കേന്ദ്ര മൃഗശാല അതോറിട്ടിയുടെ മാര്‍ഗരേഖകള്‍ അനുസരിച്ച് 59 ആനയ്ക്ക് 90 ഏക്കര്‍ സ്ഥല സൗകര്യം കൂടിയേ തീരൂ. ഇത് കര്‍ശനമായി പാലിച്ചില്ലെങ്കില്‍ ചട്ടപ്രകാരം മൃഗങ്ങളോട് കാണിക്കുന്ന ക്രൂരതയായിട്ടു മാത്രമേ കണക്കാക്കാനാവൂ. അതിനാല്‍ നിലവിലുള്ള സൗകര്യം പൂര്‍ണമായും അസ്വീകാര്യമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. ചട്ടപ്രകാരം പുന്നത്തൂര്‍ കോട്ട വികസിപ്പിക്കേണ്ടത് അനിവാര്യമാണ്. സംസ്ഥാന സര്‍ക്കാര്‍ പ്രാബല്യത്തില്‍ കൊണ്ടുവന്നിട്ടുള്ള നാട്ടാന പരിപാലന നിയമവും പുന്നത്തൂര്‍ കോട്ടയില്‍ കര്‍ശനമായി പാലിച്ചിരിക്കണം. ഇത്തരം നഗ്നമായ നിയമ ലംഘനങ്ങള്‍ നടന്നിട്ടും അധികൃതര്‍ കണ്ണുകള്‍ തുറന്ന് പ്രവര്‍ത്തിക്കാത്തതില്‍ സമിതി ആശ്ചര്യം രേഖപ്പെടുത്തിയിട്ടുണ്ട്.

വേണ്ടത്ര പരിശീലനം കിട്ടാത്ത പാപ്പാന്മാര്‍ ആനകളോട് കാണിച്ചിട്ടുള്ള ക്രൂരതയെ കുറിച്ച് സമിതി വിശദമായ അന്വേഷണം നടത്തിയിട്ടുണ്ട്. ആനകളുടെ ദേഹത്തുള്ള മുറിവുകളും വ്രണങ്ങളും അതിന് സാക്ഷ്യം വഹിക്കുന്നു. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നത് തടയുന്നതിനുള്ള നിയമത്തെ ഇത്തരം ക്രൂരകൃത്യങ്ങളിലൂടെ ലംഘിക്കുന്നു.

പല ആനകളെയും 24 മണിക്കൂറും ചങ്ങലയില്‍ ബന്ധിച്ചിടുന്നു. അതും ഗൗരവമായ നിയമ ലംഘനമാണ്. വേണ്ടത്ര കുടിവെള്ളം പോലും ആനകള്‍ക്ക് നല്‍കുന്നില്ല. വേണ്ടത്ര തീറ്റ ആനകള്‍ക്ക് കിട്ടുന്നുണ്ടോ എന്നും സംശയമാണ്. കാരണം അത് സംബന്ധിച്ചുള്ള രജിസ്റ്ററുകള്‍ ലഭ്യമല്ല. മൃഗ ഡോക്ടര്‍മാരുടെ ഫലപ്രദമായ പരിപാലനം ആനകള്‍ക്ക് കിട്ടുന്നില്ല. ചൂടേറിയ ടാറിട്ട റോഡിലൂടെ ആനകളെ മണിക്കൂറുകള്‍ നടത്തിക്കൊണ്ടു പോയിട്ടുള്ളതും ക്രൂരതയാണ്.

ആനകളുടെ ആരോഗ്യ പരിപാലനം സംബന്ധിച്ചുള്ള രേഖകള്‍ നിര്‍ബന്ധമായും സൂക്ഷിച്ചിരിക്കേണ്ടതാണ്. പരിശോധനയില്‍ ഇത്തരം രജിസ്റ്ററുകള്‍ അവയുടെ അഭാവം കൊണ്ട് തങ്ങളുടെ പ്രത്യേക ശ്രദ്ധ നേടിയിട്ടുണ്ടെന്ന് സമിതി പറഞ്ഞു. ആനകള്‍ക്ക് നേരിട്ട രോഗങ്ങള്‍ എന്തെന്നും അവ എങ്ങനെ ചികിത്സിച്ചുവെന്നും തെളിയിക്കാന്‍ ഒരൊറ്റ രജിസ്റ്റര്‍ പോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആനകളെ പല ആവശ്യങ്ങള്‍ക്കായി എവിടെയെല്ലാം കൊണ്ടുപോയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ ഇല്ല. ആനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകളും വിശ്വാസ യോഗ്യമല്ല.

പ്രായമേറിയതും ആരോഗ്യ സ്ഥിതി മോശമായതുമായ ആനകളെ വനം വകുപ്പിന്റെ റസ്‌ക്യൂ സെന്ററിലേക്ക് മാറ്റി പാര്‍പ്പിക്കണം. മറ്റ് ക്ഷേത്രങ്ങളിലെ ഉത്സവ പരിപാടികള്‍ക്കും മറ്റ് ആഘോഷങ്ങള്‍ക്കും ദേവസ്വത്തിന്റെ ആനകളെ വിട്ടുകൊടുക്കുന്ന സമ്പ്രദായം ക്രമേണ അവസാനിപ്പിക്കണം. ഉത്സവങ്ങള്‍ക്കും മറ്റും ആനകളെ നല്‍കുന്നത് വന്യജീവി നിയമ ലംഘനമാണ്. അങ്ങനെ നിയമമുള്ളപ്പോള്‍ അത് ലംഘിക്കാനുള്ള അവസരം അധികൃതര്‍ നല്‍കരുത്. ആനകളുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് നിലവിലുള്ള രേഖകള്‍ അപൂര്‍ണമാണ്.

പുന്നത്തൂര്‍ കോട്ടയില്‍ സി.സി.ടി.വി. ക്യാമറകള്‍ അടിയന്തരമായി സ്ഥാപിക്കണം. ആനകളുടെ പരിരക്ഷ ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് ഫലപ്രദമായ നിരീക്ഷണം ഉറപ്പുവരുത്താനാണ് ഈ നടപടി.സമിതി റിപ്പോര്‍ട്ട് മൃഗക്ഷേമ ബോര്‍ഡ് പരിശോധിച്ച ശേഷം കേന്ദ്ര സര്‍ക്കാറിന് കൈമാറും.

ജനശ്രീ’ മിഷന്‍ ചടങ്ങില്‍നിന്ന് സുധീരന്‍ വിട്ടുനിന്നു: ഗ്രൂപ്പ്‌ പോര്‍ മുറുകുന്നു

തിരുവനന്തപുരം: കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരനെതിരായ നീക്കങ്ങള്‍ക്ക് 'എ'-'ഐ' ഗ്രൂപ്പുകള്‍ ആക്കം കൂട്ടുന്നതിനിടയില്‍ 'ജനശ്രീ' മിഷന്റെ സംസ്ഥാനതല ചടങ്ങില്‍നിന്ന് സുധീരന്‍ വിട്ടുനിന്നു. മിഷന്റെ സംസ്ഥാനക്യാമ്പ് ശനിയാഴ്ച രാവിലെ തിരുവനന്തപുരത്ത് സുധീരനാണ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത്.

വ്യക്തിപരമായ അസൗകര്യങ്ങള്‍മൂലമാണ് ചടങ്ങിനെത്താത്തതെന്ന് അദ്ദേഹം സംഘാടകരെ അറിയിച്ചിരുന്നു. എന്നാല്‍, ജനശ്രീ മിഷന്റെ ചെയര്‍മാന്‍കൂടിയായ കെ.പി.സി.സി. വൈസ് പ്രസിഡന്റ് ഹസ്സന്‍ തനിക്കെതിരായി നടത്തിയ വിമര്‍ശനങ്ങളിലുള്ള നീരസമാണ് സുധീരന്‍ ഇതിലൂടെ പ്രകടിപ്പിച്ചതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.

മദ്യനയവുമായി ബന്ധപ്പെട്ട് സുധീരന്‍ അവിടെ എന്തെങ്കിലും പറഞ്ഞാല്‍ അതിനെതിരെ വേദിയില്‍വെച്ചുതന്നെ വിമര്‍ശനം ചൊരിയാനുള്ള ആലോചന ഉണ്ടായിരുന്നുവെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, മദ്യനയം സംബന്ധിച്ച തന്റെ നിലപാട് പാര്‍ട്ടി ചടങ്ങുകളില്‍ ഉള്‍പ്പെടെ ആവര്‍ത്തിക്കാനാണ് സുധീരന്റെ തീരുമാനം. പക്ഷേ, അങ്ങനെ ഇനിയുണ്ടായാല്‍ വേദിയില്‍െവച്ചുതന്നെ അതിന് മറുപടി പറയുമെന്നാണ് 'എ'-'ഐ' നേതാക്കള്‍ പറയുന്നത്. ഇതോടെ കോണ്‍ഗ്രസ് ചടങ്ങുകളിലേക്ക് മദ്യനയം വടംവലി കടന്നുവരാനുള്ള സാധ്യതയേറുകയാണ്. എന്നാല്‍, അത്തരം കെണികളില്‍ വീഴില്ലെന്ന് സുധീരനെ അനുകൂലിക്കുന്നവര്‍ വ്യക്തമാക്കുന്നുമുണ്ട്. പാര്‍ട്ടിയുടെ പൊതുചടങ്ങുകളില്‍വരെ ഭിന്നത വരുന്നുവെന്ന് വരുത്തിത്തീര്‍ത്ത് പ്രശ്‌നം ഹൈക്കമാന്‍ഡിലെത്തിക്കാനാണ് എ, ഐ ഗ്രൂപ്പുകളുടെ നീക്കമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കോണ്‍ഗ്രസ് എം.എല്‍.എ.മാരുടെ യോഗം വിളിച്ചത് ഇതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമാണെന്ന് സുധീരനെ അനുകൂലിക്കുന്നവര്‍ സംശയിക്കുന്നു. ഈ യോഗത്തിന്റെ അനുബന്ധമെന്ന രീതിയില്‍ ജനവരി ഏഴിന് യു.ഡി.എഫ്. നിയമസഭാകക്ഷിയോഗവും ചേരുന്നുണ്ട്.മദ്യനയപ്രശ്‌നത്തില്‍ മുസ്ലിംലീഗിന്റെ ഭിന്നാഭിപ്രായം നിലനില്‍ക്കുമ്പോഴും മുന്നണി നിയമസഭാകക്ഷിയും സര്‍ക്കാരിനൊപ്പമാണെന്ന് സ്ഥാപിക്കാന്‍ കൂടിയാണ് ഈ യോഗം.

സുധീരനു മറുപടിയുമായി മുഖ്യമന്ത്രി; ആരോടും ഏറ്റുമുട്ടാനില്ല

അധികാരത്തിലുള്ളപ്പോള്‍ മാത്രമെ ആളുകള്‍ കൂടെയുണ്ടാകൂ എന്നത് എല്ലാവര്‍ക്കും ബാധകമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭ യോഗത്തിനു ശേഷമുള്ള പതിവു വാര്‍ത്താസമ്മേളനത്തിലാണ് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരനുള്ള പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി രംഗതെത്തിയത്. ആരോടും ഏറ്റുമുട്ടാനില്ല. പ്രതിപക്ഷത്തോടു പോലും ഏറ്റുമുട്ടുന്ന ആളല്ല താനെന്നും ഒഴിഞ്ഞു മാറി പോകുകയാണ് ശീലമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മദ്യ നയത്തില്‍ വലിയ മാറ്റം വരുത്തി എന്ന പ്രചരണമാണ് നടക്കുന്നത്. ഞായറാഴ്ച ഡ്രൈ ഡേ മാറ്റി എന്നതാണ് ഏക മാറ്റം. ഇതിന് പൂര്‍ണ ഉത്തരവാദി ഞാനാണ്. ഡ്രൈ ഡേ താനായിട്ട് കൊണ്ടുവന്ന തീരുമാനമാണ്. ചുരുങ്ങിയ കാലം കൊണ്ട് ഇത് തെറ്റാണെന്ന് മനസിലായി. ഇതിനാലാണ് പിന്‍വലിച്ചത്. ഇതുകൊണ്ട് മദ്യ ഉപയോഗം കൂടരുതെന്ന് ഉറപ്പുവരുത്താനായാണ് മദ്യ ഷാപ്പുകളുടെ ആകെയുള്ള പ്രവൃത്തി സമയം കുറച്ചത്. ഏതൊരു നയവും നടപ്പിലാക്കുമ്പോള്‍ പ്രോയോഗികത കണ്ട് ആവശ്യാനുസരണം മാറ്റം വരുത്തുക സ്വാഭാവികതയാണ്. ചാരായ നിരോധനത്തിന് ശേഷമാണ് 338 റീട്ടെയില്‍ ഷോപ്പുകള്‍ ബീവറേജസ് കോര്‍പ്പറേഷന്‍ ഏറ്റെടുത്തത്. ഇപ്പോള്‍ എതിര്‍ സ്വരമുയര്‍ത്തുന്നവര്‍ അന്ന് എവിടെയായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. അത്തരമൊരു തീരുമാനത്തെ താന്‍ എതിര്‍ക്കുന്നില്ലെന്നും അത് അന്നത്തെ സാഹചര്യത്തില്‍ പ്രായോഗികമായ തീരുമാനമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മദ്യ ലോബിക്ക് കീഴടങ്ങുന്ന സര്‍ക്കാരല്ല തന്‍റേതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമില്ലെന്നും സര്‍ക്കാര്‍ ഇടപെടേണ്ട സാഹചര്യം ഇപ്പോഴില്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

കെഎസ്ആര്‍ടിസി പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കും

തിരു: കെഎസ്ആര്‍ടിസിയിലെ ശമ്പള- പെന്‍ഷന്‍ കുടിശിക നല്‍കാന്‍ പെന്‍ഷന്‍ ഫണ്ട് രൂപീകരിക്കും. മാസത്തില്‍ സര്‍ക്കാരും കെഎസ്ആര്‍ടിസിയും 20 കോടി രൂപ വീതം നിക്ഷേപിക്കാനാണ് ഉന്നതതലയോഗത്തില്‍ തീരുമാനമായത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും അംഗീകൃത തൊഴിലാളി സംഘടനകളുടെ പ്രതിനിധികളും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.

കൂടുതല്‍ ബസ്സുകള്‍ നിരത്തിലിറക്കി ദിവസം 60 ലക്ഷം രൂപ അധിക വരുമാനമുണ്ടാക്കും. ലാഭകരമല്ലാത്ത റൂട്ടുകള്‍ ഒഴിവാക്കും. പെന്‍ഷന്‍ ഫണ്ട് ഏപ്രിലില്‍ രൂപീകരിക്കും. കെഎസ്ആര്‍ടിസിയുടെ വായ്പകള്‍ ഓഹരികളായി പരിഗണിക്കും. ജീവനക്കാരുടെ 15000 രൂപ വരെയുള്ള പെന്‍ഷന്‍ കൃത്യമായി നല്‍കും. ബാക്കിയുള്ളത് ഗഡുക്കളായി ജൂലൈ, ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ നല്‍കും. പെന്‍ഷന്‍ കുടിശികകള്‍ സമയബന്ധിതമായി വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി.

മാവോയിസ്റ്റ് ഭീഷണി:തൊണ്ടർനാടിന് 5 കോടിയുടെ പദ്ധതി

കൽപ്പറ്റ: വയനാട് ജില്ലയിലെ ഏറ്റവും പിന്നോക്ക പ്രദേശമായ തൊണ്ടർനാട് പഞ്ചായത്തിൽ അഞ്ചുകോടി രൂപയുടെ വികസന പദ്ധതികൾക്ക് സർക്കാർ അനുമതി നൽകി. മാവോയിസ്റ്റുകളുടെ ഇടപെടൽ ഇതിനു പ്രേരണയായെന്നാണ് സൂചന. തൊണ്ടർനാട് ഗ്രാമപഞ്ചായത്തിലെ ആദിവാസി കോളനികളിൽ സംയോജിത സുസ്ഥിര വികസന പദ്ധതി നടപ്പാക്കുമെന്ന് പട്ടികവർഗ്ഗക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി അറിയിച്ചിരുന്നു. തൊണ്ടർനാട് ഗ്രാമ പഞ്ചായത്തിൽ മാവോയിസ്റ്റുകളുടെ നിരന്തരമായ ഇടപെടൽ സർക്കാരിന്റെ കണ്ണ് തുറപ്പിക്കാൻ ഇടയാക്കിയെന്ന് വേണം കരുതാൻ. മന്ത്രിയുടെ നിർദ്ദേശപ്രകാരം വയനാട് ജില്ലാ കളക്ടർ കേശവേന്ദ്രകുമാർ സമർപ്പിച്ച പദ്ധതിക്ക് സർക്കാർ അതേപടി അംഗീകാരം നൽകുകയായിരുന്നു.

ഇത്രയും തിടുക്കം കാണിച്ചത് മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം കൊണ്ടുമാത്രം. പദ്ധതികൾ 2015 മാർച്ച് 31-നകം പൂർത്തിയാക്കുമെന്നും സർക്കാരിന്റെ അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, ഡിസംബർ 31നും ജനുവരി ഒന്നിനുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തൊണ്ടർനാട് പഞ്ചായത്തിലെ ആദിവാസികൾക്കൊപ്പം ചെലവഴിക്കുമെന്ന് ഈയിടെ വനാട്ടിൽ വന്നപ്പോൾ വ്യക്തമാക്കിയിരുന്നു.

കോമ്പാറ, ചുരുളി, മാറാടി, പെരിഞ്ചേരിമല, പന്നിപ്പാട്, ചാപ്പയിൽ- മുണ്ടയിൽ, കരിങ്കൽഇറ്റിലാടിയിൽ, കാട്ടിയേരി, കാട്ടിമൂല, കാർക്കൊട്ടിൽ, മട്ടിലയം, അരിമല എന്നീ കോളനികളെയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. വികസന പ്രശ്നങ്ങളിൽ സർക്കാർ മുഖംതിരിഞ്ഞ് നിൽക്കുന്ന സാഹചര്യത്തിലാണ് ആദിവാസി കോളനികളിൽ മാവോയിസ്റ്റുകൾ ഇടപെടാൻ തുടങ്ങിയത്.

തൊണ്ടർനാട് പഞ്ചായത്തിലെ ചപ്പ കോളനിക്ക് സമീപം ഡിസംബർ ഏഴിന് മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടിയിരുന്നു. തുടർന്ന് സ്ഥലം സന്ദർശിക്കാനെത്തിയ മാനന്തവാടി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ബിജുവിനെയും തൊണ്ടർനാട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുവിനെയും നാട്ടുകാർ തടയുകയുണ്ടായി.

തൊണ്ടർനാട് മാവോയിസ്റ്റ് സ്വാധീന മേഖല *15 വാർഡുകളുള്ള തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെ 56 ശതമാനവും വനമേഖല. *പട്ടികവർഗ്ഗക്കാർ 4374. മാവോയിസ്റ്റുകൾ മിക്ക വീടുകളും കയറിയിറങ്ങുന്നു. * കോറോം വനമേഖലയിലെ നിരവധി വീടുകളിലും മാവോയിസ്റ്റുകൾ വന്നുപോയി.

മദ്യനയം അട്ടിമറിച്ചു, മാറ്റത്തിനു പിന്നില്‍ മദ്യലോബിയെന്നു വി.എം സുധീരന്‍

തിരുവനന്തപുരം: മദ്യനയത്തില്‍ മന്ത്രിസഭ മാറ്റം വരുത്തിയതിനെതിരെ വിമര്‍ശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍ രംഗത്ത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനയത്തെ അട്ടിമറിച്ചുവെന്നു സുധീരന്‍ പറഞ്ഞു.

തീരുമാനത്തില്‍ ജനതാത്പര്യത്തേക്കാള്‍ മാനിക്കപ്പെട്ടത് മദ്യലോബിയുടെ താത്പര്യമാണ്. നയം മാറ്റത്തിനു സര്‍ക്കാര്‍ ആധാരമാക്കിയ തൊഴില്‍, ടൂറിസം സെക്രട്ടറിമാരുടെ ആഘാത പഠന റിപ്പോര്‍ട്ട് വിശ്വാസ യോഗ്യമല്ല. എല്ലാം ആരുടേയോ താത്പര്യത്തിനു വിധേയമായി തയ്യാറാക്കിയ തിരക്കഥയുടെ അടിസ്ഥാനത്തില്‍ നടന്നതാണെന്നും സുധീരന്‍ തുറന്നടിച്ചു.

ജനങ്ങളില്‍ പ്രത്യാശയും, പ്രതീക്ഷയും ഉണ്ടാക്കിയാണ് സര്‍ക്കാരിന്റെ മദ്യനയം നിലവില്‍ വന്നത്. ഈ ഘട്ടത്തിലാണ് മദ്യനയത്തില്‍ മാറ്റം കൊണ്ടുവന്നത്. ഇതു ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നും നിരാശപ്പെടുത്തിയെന്നും സുധീരന്‍ പറഞ്ഞു.

വിദേശ മദ്യത്തിന്റെയും ബിയറിന്റെയും വില്പന ഗണ്യമായി കുറഞ്ഞു. മദ്യപാനം മൂലമുണ്ടായ കുറ്റകൃത്യങ്ങളിലും കുറവുണ്ടായി. ഇതൊന്നും പരിഗണിക്കാതെയാണ് നയത്തില്‍ മാറ്റം വരുത്തിയതെന്നും അദ്ദേഹം വാർത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.

.............................................................. വി.എം സുധീരന്‍റെ വാർത്താക്കുറിപ്പിന്‍റെ പൂർണ രൂപം യു.ഡി.എഫ്. ഒറ്റക്കെട്ടായി തീരുമാനിച്ചതും, ജനങ്ങളില്‍ മഹാഭൂരിപക്ഷവും അംഗീകരിച്ചതുമായ മദ്യനയം ഫലത്തില്‍ അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.

ആഗസ്റ്റ് 21 ലെ യു.ഡി.എഫ് യോഗത്തില്‍ ഈ നയം ബഹു. മുഖ്യമന്ത്രി അവതരിപ്പിച്ചപ്പോള്‍ത്തന്നെ കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയില്‍ അതിനെ സമ്പൂര്‍ണ്ണമായി അഭിമാനപൂര്‍വ്വം സ്വീകരിക്കുകയാണ് ചെയ്തത്. ഈ നയം നടപ്പിലാക്കുന്നതിന് മന്ത്രിസഭ ഉല്‍സാഹപൂര്‍വ്വം നടപടികള്‍ സ്വീകരിച്ചു വരവേ, അതിന് ഉത്തേജനം നല്‍കുവാനും ജനപിന്തുണ വിപുലമാക്കുന്നതിനും വേണ്ടിയാണ് ലഹരിവിമുക്ത കേരളം, എന്നതുള്‍പ്പെടെയുള്ള ആശയങ്ങളുമായി ജനപക്ഷയാത്ര തുടങ്ങിയത്. ജനപക്ഷയാത്രയില്‍ ഉടനീളം ആവേശകരമായ ജനപങ്കാളിത്തവും, ജനപിന്തുണയുമാണ് പ്രകടമായത്.

മദ്യവും മയക്കുമരുന്നും നമ്മുടെ നാടിനെ നശിപ്പിക്കുന്നതില്‍ ജനങ്ങളാകെ ഉത്കണ്ഠപ്പെട്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് സര്‍ക്കാര്‍ ഈ നയം നടപ്പിലാക്കി തുടങ്ങിയതും, ജനപക്ഷയാത്ര വിജയകരമായി മുന്നോട്ടുനീങ്ങിയതും. അതുകൊണ്ടുതന്നെ ജനങ്ങളില്‍ പുതിയൊരു പ്രത്യാശയും, പ്രതീക്ഷയും വളര്‍ന്നു വന്നു. ഈ ഘട്ടത്തിലാണ് പ്രഖ്യാപിത നയത്തില്‍ നിന്നും സര്‍ക്കാര്‍ വ്യതിചലിക്കുന്നത്. ഇതു ജനങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. പാടെ നിരാശപ്പെടുത്തിയിരിക്കൂകയാണ്.

ജനതാല്‍പര്യത്തിന് മേല്‍ മദ്യലോബിയുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു എന്ന അവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് ഈ നയംമാറ്റത്തോട് ശക്തിയായി വിയോജിക്കുന്നു.

രണ്ടു വകുപ്പ് സെക്രട്ടറിമാര്‍ രണ്ടു ദിവസം കൊണ്ട് ആരുടെയോ തിരക്കഥ അനുസരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിന്റെ പേരിലാണ് ഇതൊക്കെ നടന്നതെന്നത് വിസ്മയകരമായിരിക്കുന്നു. 418 ബാറുകള്‍ അടച്ചതിനുശേഷം സമൂഹത്തിലുണ്ടായ ഗുണപരമായ മാറ്റങ്ങള്‍ കണക്കിലെടുക്കാതെയും ഇത് വിലയിരുത്തുന്നതിന് അനുയോജ്യരും പൊതുസ്വീകാര്യതയുമുള്ള വിദ്ഗ്ധന്മാരെ ഉള്‍പ്പെടുത്താതെയും ഏകപക്ഷീയമായി മെനഞ്ഞെടുത്തിട്ടുള്ള റിപ്പോര്‍ട്ടിന് എന്ത് വിശ്വാസ്യതയാണുള്ളത്?

വിദേശമദ്യത്തിന്റെയും ബിയറിന്റെയും വില്‍പന ഗണ്യമായി കുറഞ്ഞതും ഗാര്‍ഹിക പീഡനങ്ങളിലും വാഹനാപകടങ്ങളില്‍ പ്രത്യേകിച്ച് ഇരുചക്രവാഹനാപകടങ്ങളില്‍ ഉണ്ടായിട്ടുള്ള വലിയതോതിലുള്ള കുറവും, തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ കുടുംബജീവതത്തില്‍ സമാധാന അന്തരീക്ഷവും സാമ്പത്തിക ഭദ്രതയും കൈവന്നതും മദ്യപാനം മൂലമുണ്ടായ കുറ്റകൃത്യങ്ങളുടെ കുറവും പരിഗണിക്കാതെയാണ് സര്‍ക്കാര്‍ മദ്യനയത്തില്‍ നിന്ന് പിന്നോക്കം പോയത് എന്നത് നിര്‍ഭാഗ്യകരമാണ്.

മദ്യനയം മൂലം തൊഴില്‍ നഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കേണ്ടത് തികച്ചും ന്യായമാണ്. കെ.പി.സി.സി.യും ഈ ആവശ്യത്തെ നേരത്തെ തന്നെ പിന്തുണച്ചിട്ടുള്ളതാണ്. സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി വിചാരിച്ചാല്‍ ഇതിന് പോംവഴികള്‍ കണ്ടെത്താനും കഴിയും. ഇത്തരം കാര്യങ്ങള്‍ ആലോചിക്കാതെ അടഞ്ഞുകിടക്കുന്ന ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കാവുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിക്കാനുള്ള വ്യഗ്രതയാണ് ഇപ്പോള്‍ കാണുന്നത്. അടഞ്ഞു കിടക്കുന്ന ബാറുകള്‍ തുറന്നു വച്ചാല്‍ മാത്രമേ വിദേശ സഞ്ചാരികള്‍ കേരളത്തിലേക്ക് വരികയുള്ളൂ എന്നൊക്കെ പറയുന്നത് യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കുന്നതല്ല.

മദ്യത്തിന്റെ ലഭ്യത, ഉപയോഗം, മദ്യാസക്തി ഇതൊക്കെ കുറച്ചുകൊണ്ടുവരിക എന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയത്തിന് വിരുദ്ധമാണ് ഇപ്പോഴത്തെ തീരുമാനം. പുതിയ തലമുറയെ മദ്യപാനത്തിലേക്ക് തള്ളിവിടുന്നതിന് ഇടവരുത്തുന്ന ബിയര്‍, വൈന്‍ പാര്‍ലറുകള്‍ വ്യാപകമായി ആരംഭിക്കുന്നത് തലമുറകളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണ്.

കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നയമായ സമ്പൂര്‍ണ്ണ മദ്യനിരോധനം എന്ന ലക്ഷ്യം നേടിയെടുക്കാനായിശക്തമായ പ്രവര്‍ത്തനങ്ങളുമായി കെ.പി.സി.സി. മുന്നോട്ടുപോകും.>/p>

ബാർ ഉടമകളുമായി സർക്കാർ ഒത്തുകളിക്കുന്നതായി പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു.

തിരുവനന്തപുരം: ബാർ ഉടമകളുമായി സർക്കാർ ഒത്തുകളിക്കുന്നതായി പ്രതിപക്ഷം നിയമസഭയിൽ ആരോപിച്ചു. മദ്യനയത്തിന്റെ പ്രായോഗിക മാറ്റങ്ങളെക്കുറിച്ച് ചർച്ചചെയ്യണമെന്ന് പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടു. മദ്യനയം സംബന്ധിച്ച് സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എ.പ്രദീപ് കുമാർ എംഎൽഎ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. അതേസമയം മദ്യനയത്തിൽ അടിസ്ഥാന പരമായ മാറ്റമുണ്ടാകില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി കെ.ബാബു പറഞ്ഞു. ബിയർ, വൈൻ പാർലറുകളുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇതുവരെ തീരുമാനമാകാത്ത കാര്യങ്ങളെ സംബന്ധിച്ച് മന്ത്രിസഭ ചർച്ച നടത്തുമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന് വിഷയ ക്ഷാമം ഉള്ളതുകൊണ്ടാണ് ബാർ വിഷയം ഉന്നയിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മറയൂര്‍ ശര്‍ക്കര ഓര്‍മ ആകുന്നു

കേരളത്തിന്റെ മധുരം കിനിയുന്ന കൈയൊപ്പാണ് മറയൂർ ശർക്കര. എന്നാൽ ഈ മധുരം വൈകാതെ മായുമോ എന്ന് ഉത്‌കണ്ഠപ്പെടേണ്ടിയിരിക്കുന്നു. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലായി 2500 ഏക്കർ കരിമ്പ് കൃഷി ഉണ്ടായിരുന്നത് 1000 ഏക്കറായി ചുരുങ്ങിക്കഴിഞ്ഞു.

ഉത്‌പാദനച്ചെലവും സർക്കാരിന്റെ അവഗണനയുമാണ് മറയൂരിലെ കരിമ്പ് കൃഷിയുടെ കഴുത്ത് ഞെരിക്കുന്നത്. ഒരു കിലോ ശർക്കര ഉത്‌പാദനത്തിന് 42 രൂപ ചെലവാകുമ്പോൾ കർഷകന് ലഭിക്കുന്നത് 45 രൂപ മാത്രമാണ്. പത്ത് വർഷം മുൻപ് 50 രൂപ വരെ ലഭിച്ചിരുന്നതാണ്. ഇന്ന് കൂലിച്ചെലവും വളം വിലയും മൂന്നിരട്ടിയായിട്ടും 45 രൂപയ്ക്ക് വിൽക്കണം. ഇതുയർത്താൻ സർക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയില്ലെന്ന് കർഷകർ പരാതിപ്പെടുന്നു. ശർക്കരയ്‌ക്ക് 5 ശതമാനം നികുതിയാണ് കർഷകർ നൽകുന്നത്. തമിഴ്‌നാട്ടിൽ ശർക്കരയ്‌ക്ക് നികുതിയില്ല.

ജലസേചനത്തിനും വേണ്ടത്ര സൗകര്യമില്ല. പാമ്പാറിനെ ആശ്രയിച്ചാണ് മറയൂരിലെ കരിമ്പ് കൃഷി. പാമ്പാറിൽ നിന്നുള്ള ജലം കൈത്തോടുകൾ വഴി തിരിച്ചു വിട്ടാണ് കൃഷിക്ക് ഉപയോഗിക്കുന്നത്. വേനൽക്കാലത്ത് വെള്ളം കിട്ടാറുമില്ല.

നമ്പർ 13, 19 ഇനത്തിലെ ഗുണമേന്മയേറിയ കരിമ്പാണ് മറയൂരിൽ ശർക്കരയ്ക്കായി കൃഷി ചെയ്യുന്നത്. 12 -14 മാസം കൊണ്ടാണ് വിളവെടുക്കുന്നത്. കൃഷി നഷ്‌ടത്തിലായതോടെ ചിലർ പത്ത് മാസം കൊണ്ട് വിളവെടുക്കാൻ കഴിയുന്ന കരിമ്പിനങ്ങൾ കൃഷി ചെയ്യാൻ ആരംഭിച്ചു. ഇതോടെ ശർക്കരയുടെ ഗുണവും മധുരവും കുറഞ്ഞു. മറയൂർ ശർക്കര എന്ന പേരിൽ തമിഴ്‌നാട്ടിൽ നിന്നുള്ള വ്യാജനും വിപണിയിൽ വിലസുന്നുണ്ട്.

ദേവസ്വം ബോർഡിനും വേണ്ട മറയൂരിലെ കരിമ്പ് ഉത്‌പാദക സമിതി 2002 ൽ മറയൂരിലെയും തമിഴ്‌നാട്ടിലെയും ശർക്കര തമ്മിലുള്ള ഗുണനിലവാരം പരിശോധിച്ചിരുന്നു. മറയൂരിലെ ശർക്കരയ്‌ക്ക് ഉയർന്ന ഗുണനിലവാരം ഉണ്ടെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ സമിതി ഹൈക്കോടതിയിൽ റിട്ട് നൽകി. തുടർന്ന് ശബരിമല ഉൾപ്പെടെ ദേവസ്വം ബോ‌ർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ മറയൂർ ശർക്കര ഉപയോഗിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. എന്നാൽ ഇതാരും ചെവിക്കൊണ്ടില്ല.

പ്ളസ് ടു വരെ കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യയാത്ര

തിരുവനന്തപുരം: ഹയർ സെക്കൻഡറി തലം വരെ വിദ്യാർത്ഥികൾക്ക് കെ.എസ്.ആർ.ടി.സിയിൽ സൗജന്യയാത്ര നടപ്പാക്കുമെന്ന് ഗതാഗമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. കൺസെഷൻ ടിക്കറ്റുള്ളവർക്കായിരിക്കും ആദ്യഘട്ടത്തിൽ സൗജന്യം ലഭിക്കുകയെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. ഡീസൽ വില കുറഞ്ഞതിനെ തുടർന്ന് വർദ്ധിപ്പിച്ച യാത്രാ നിരക്ക് കുറയ്ക്കുമോയെന്ന വി.ടി.ബൽറാമിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി. ഫെബ്രുവരി മുതൽ ഒരു വർഷം പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കും. അതിനുശേഷമാവും വിപുലമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നത്. ദിവസം രണ്ടു തവണ സൗജന്യമായി യാത്ര ചെയ്യാം. പെൺകുട്ടികൾക്കും ബി.പി.എൽ വിഭാഗത്തിലുള്ള വിദ്യാർത്ഥികൾക്കും മുൻഗണന നൽകുക. ഡീസലിന്റെ വിലക്കുറവിനെ തുടർന്ന് ലഭിച്ച പണത്തിൽ നിന്നാവും സൗജന്യ യാത്രയ്ക്കു വേണ്ട പണം കണ്ടെത്തുകയെന്നും തിരുവഞ്ചൂർ പറഞ്ഞു.