അമേരിക്കയും സൗദിയും എണ്ണവില യുദ്ധത്തിൽ

ആഗോള വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഇടിയുന്നത് അമേരിക്കയും സൗദിഅറേബ്യയുടെ നേതൃത്വത്തിൽ എണ്ണ ഉല്പാദകരാഷ്ട്ര ങ്ങളും തമ്മിൽ തുടരുന്ന 'വിലയുദ്ധം" മൂലം. എണ്ണവില ഇനിയും ഇടിയാനാണ് സാദ്ധ്യത. അമേരിക്കയിലെ 'ഷെയ്‌ൽ എണ്ണ' ഉല്പാദനം നഷ്ടക്കച്ചവടമാക്കാനുള്ള ശ്രമത്തിലാണ് സൗദിഅറേബ്യയും മറ്റ് 'ഒപെക് ' രാഷ്ട്രങ്ങളും. വില ഒരു പരിധിയിലേറെ ഇടിഞ്ഞാൽ ഷെയ്‌ൽ എണ്ണ ഉല്പാദനം ആദായകരമാകില്ല. കളിമൺകട്ട പോലുള്ള ഷെയ്‌ലിൽ നിന്ന് എണ്ണ വേർപെടുത്തുന്നത് താരതമ്യേന ചെലവേറിയ പ്രക്രിയയിലൂടെയാണ്. അമേരിക്കയാകട്ടെ, വൻതോതിൽ എണ്ണ കയറ്റുമതി ചെയ്ത് 'ഒപെക് ' രാഷ്ട്രങ്ങളെ സാമ്പത്തികമായി ശ്വാസംമുട്ടിക്കാനാണ് ഒരുങ്ങുന്നത്. പ്രതിദിനം ഒരു ദശലക്ഷം ബാരൽ എണ്ണ കയറ്റുമതി ചെയ്യാൻ യു.എസ് വാണിജ്യവകുപ്പ് അനുമതി നൽകിക്കഴിഞ്ഞു. നാല് പതിറ്റാണ്ടായി തുടരുന്ന എണ്ണ കയറ്റുമതി നിരോധനം പിൻവലിച്ചുകൊണ്ടാണ് ഈ നടപടി.

ആഗോളവിപണിയിൽ എണ്ണയുടെ ലഭ്യത വർദ്ധിച്ചാൽ വില ഇനിയും ഇടിയും. എണ്ണവില ഇടിയുമ്പോൾ 'ഒപെക് " രാഷ്ട്രങ്ങൾ മുമ്പ് ഉല്പാദനം കുറയ്ക്കുമായിരുന്നു. എണ്ണ വില ബാരലിന് 100 ഡോളറിലും താഴെ പോകാതിരിക്കാൻ മുമ്പ് ശ്രദ്ധ പുലർത്തിയിരുന്നത് സൗദിഅറേബ്യയാണ്. എന്നാൽ, ഇപ്പോഴത്തെ 'വിലയുദ്ധ"ത്തിൽ പിന്നോട്ടുപോകേണ്ടതില്ലെന്നാണ് സൗദി ഭരണകൂടത്തിന്റെ നിലപാട്. ഷെയ്‌ൽ എണ്ണയെ ആഗോള വിപണിയിൽ നിന്ന് കെട്ടുകെട്ടിക്കുകയാണ് ലക്ഷ്യം. വിലയുദ്ധം ഗുണം ചെയ്യുന്നത് എണ്ണ ഇറക്കുമതി ചെയ്യുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങൾക്കാണ്. കെടുതി അനുഭവിക്കുന്ന രാജ്യങ്ങളിൽ മുന്നിൽ റഷ്യയും നൈജീരിയയുമാണ്. രണ്ട് രാജ്യങ്ങളിലെയും കറൻസിയുടെ മൂല്യം ഇടിഞ്ഞുകഴിഞ്ഞു. വെനസ്വേലയാണ് ബുദ്ധിമുട്ടിലായ മറ്റൊരു പ്രമുഖ എണ്ണ ഉല്പാദകരാജ്യം.

ഷെയ്‌ൽ എണ്ണയുടെ ഉല്പാദന രീതിയിൽ വന്ന സാങ്കേതിക മാറ്റമാണ് അമേരിക്കയെ മത്സരത്തിന് പ്രാപ്തമാക്കുന്നത്. 'ഹൊറിസോണ്ടൽ ഡ്രില്ലിംഗ്", 'ഹൈഡ്രോളിക് ഫ്രാക്ചറിംഗ്" എന്നീ വിദ്യകൾ സംയോജിപ്പിച്ചാണ് അമേരിക്കയിൽ വടക്കൻ ഡെക്കോട്ടയിലെ ബേക്കനിലും ടെക്സസിലെ ഈഗിൾ ഫോർഡിലും എണ്ണ ഉല്പാദനം. പ്രതിദിനം 9.14 ദശലക്ഷം ബാരൽ എണ്ണയാണ് ഉല്പാദിപ്പിക്കുന്നത്.

ലോകത്ത് ആവശ്യമുള്ള എണ്ണയുടെ 40 ശതമാനം ലഭ്യമാകുന്നത് 'ഒപെക് " രാഷ്ട്രങ്ങളിൽ നിന്നാണ്. 30 ദശലക്ഷം ബാരൽ എണ്ണയാണ് പ്രതിദിന ഉല്പാദനം. അമേരിക്കയിലെ എണ്ണ ഉല്പാദനം ഇപ്പോൾ ഇതിന്റെ മൂന്നിലൊന്നോളം വരുമെന്ന് അർത്ഥം.

ഷെയ്‌ൽ എണ്ണ

'കെറോജൻ" എന്ന ജൈവസംയുക്തം അടങ്ങിയ കളിമൺകട്ട പോലുള്ളതാണ് ഷെയ്‌ൽ. ഭൂമിക്കടിയിൽ കാണപ്പെടുന്നു. കെറോജനിൽ നിന്ന് അസംസ്കൃത എണ്ണ വേർപെടുത്താൻ കഴിയും. പ്രകൃതിദത്തമായ അസംസ്കൃത എണ്ണയിൽ നിന്ന് അല്പം വ്യത്യസ്തമാണ് 'ലൈറ്റ് ക്രൂഡ് ഓയിൽ" എന്ന് അറിയപ്പെടുന്ന ഷെയ്‌ൽ എണ്ണ. ഉല്പാദനച്ചെലവ് താരതമ്യേന കൂടുതലാണ്. അമേരിക്കയിൽ 5800 കോടി ബാരൽ ഷെയ്‌ൽ എണ്ണ നിക്ഷേപമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ലോകത്തെ മൊത്തം നിക്ഷേപം 34500 കോടി ബാരൽ.

വിമാനവശിഷ്ടങ്ങളെന്ന് കരുതുന്ന ഭാഗങ്ങള്‍ കണ്ടെത്തി

കാണാതായ എയര്‍ ഏഷ്യ വിമാനത്തിന്‍റേതെന്ന് കരുതുന്ന ഭാഗങ്ങള്‍ കടലില്‍ കണ്ടെത്തിയതായി ഇന്തോനേഷ്യ. എമര്‍ജന്‍സി സ്ലൈഡ്, വിമാനത്തിന്‍റെ വാതില്‍ എന്നിവയുമായി സാദൃശ്യമുള്ള ഭാഗങ്ങളാണ് കണ്ടെത്തിയിട്ടുള്ളത്. വിമാനം അവസാനമായി റഡാറില്‍ പ്രത്യക്ഷപ്പെട്ട സ്ഥലത്തു നിന്നും പത്ത് കിലോമീറ്റര്‍ അകലെയായാണ് ഇവ കണ്ടെത്തിയതെന്ന് ഇന്തോനേഷ്യന്‍ വ്യോമസേന അധികൃതര്‍ അറിയിച്ചു.  പത്തോളം വലിയ  ഭാഗങ്ങളും വെള്ള നിറത്തിലുള്ള നിരവധി ഭാഗങ്ങളുമാണ് കണ്ടതെന്നും  അധികൃതര്‍ പറഞ്ഞു. കണ്ടെത്തിയ പത്ത് വലിയ വസ്തുക്കളുടെ ഫോട്ടോയും വ്യോമസേന ഉദ്യോഗസ്ഥനായ ആഗസ് പുട്രാന്‍ടോ പ്രദര്‍ശിപ്പിച്ചു.

വിമാന അവശിഷ്ടങ്ങളെന്ന് കരുതുന്ന ഭാഗങ്ങള്‍ കണ്ടെത്തിയ നിരീക്ഷണ വിമാനത്തിലുണ്ടായിരുന്ന ഒരു എഎഫ്പി ഫോട്ടോഗ്രാഫറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. ലൈഫ് ജാക്കറ്റുകള്‍, വലിയ ഓറഞ്ച് ട്യൂബ് തുടങ്ങിയവയുമായി സാദൃശ്യമുള്ള വസ്തുക്കളാണ് കണ്ടതെന്ന് ഇദ്ദേഹം പറഞ്ഞു.

കാണാതായ എയര്‍ഏഷ്യ വിമാനത്തെ കുറിച്ചുള്ള ദുരൂഹത തുടരുകയാണ്​. ക‍ഴിഞ്ഞ ദിവസം തെരച്ചില്‍ നടത്തുന്ന ഓസ്‍ട്രേലിയന്‍ വിമാനം എയര്‍ഏഷ്യ അപ്രത്യക്ഷമായ സ്ഥലത്തുനിന്ന്​ 1120 കിലോമീറ്റര്‍ അകലെനിന്ന്​ ചില വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത്​ കാണാതായ വിമാനത്തിന്റേതല്ലെന്ന്​ പിന്നീട്​ സ്ഥിരീകരിച്ചു. സമുദ്രാന്തര്‍ഭാഗങ്ങളില്‍ തെരച്ചില്‍ നടത്താന്‍ ആവശ്യമായ സംവിധാനങ്ങല്‍ ഇല്ലാത്ത സാഹചര്യത്തില്‍ ബ്രിട്ടന്‍റേയും ഫ്രാന്‍സിന്റേയും സഹായം സ്വീകരിച്ച ഇന്തോനേഷ്യ അമേരിക്കയുടെ സഹായവും ആവശ്യപ്പെട്ടിട്ടുണ്ട്​. ഇന്തോനേഷ്യയുടെ അഭ്യര്‍ഥന പരിഗണനയിലുള്ളതായി യു.എസ്​ വിദേശകാര്യ വക്താവ്​ പറഞ്ഞു.

155 യാത്രക്കാരും ഏ‍ഴ്​ ജീവനക്കാരുമായാണ്​ ഇന്തോനേഷ്യയില്‍ നിന്ന്​ സിംഗപ്പൂരിലേക്ക്‌ പുറപ്പെട്ട മലേഷ്യയുടെ എയര്‍ ഏഷ്യ വിമാനം കാണാതായത്​. തകര്‍ന്ന വിമാനം കടലിന്റെ അടിത്തട്ടിലേക്ക്‌ താ‍ഴ്‍ന്നു പോയെന്നാണ്​ തെരച്ചില്‍ സംഘത്തിന്റെ നിഗമനം. ഇന്തോനേഷ്യയുടെയും സിംഗപ്പൂരിന്‍റയും 30 നാവികക്കപ്പലുകളും 15 വിമാനങ്ങളും അത്രയും തന്നെ ഹെലിക്കോപ്‍റ്ററുകളുമാണ്​ ഇപ്പോള്‍ തെരച്ചില്‍ സംഘത്തിലുള്ളത്​. കാണാതായവരുടെ കുടുംബങ്ങള്‍ക്ക്‌ നഷ്‍ടപരിഹാരം നല്‍കാനുള്ള നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണെന്ന്​ എയര്‍ഏഷ്യ സി.ഇ.ഒ ടോണി ഫെര്‍ണാണ്ടസ്​ പറഞ്ഞു.

സിംഗപൂരിലേക്ക് പോയ എയര്‍ ഏഷ്യാ വിമാനം കാണാതായി

ജക്കാര്‍ത്ത: 162 ഓളം യാത്രക്കാരുമായി ഇന്തോനേഷ്യയില്‍ നിന്നും സിംഗപൂരിലേക്ക് യാത്ര തിരിച്ച എയര്‍ ഏഷ്യാ വിമാനം കാണാതായി. ഇന്തോനേഷ്യയിലെ സുരബായില്‍ നിന്ന് ഇന്ന് രാവിലെ യാത്ര തിരിച്ച വിമാനമാണ് യാത്രാ മദ്ധ്യേ കാണാതായത്. എയര്‍ ഏഷ്യയുടെ ക്യൂ ഇസഡ് 8501 വിമാനമാണ് കാണാതായത്.

കാണാതാകുന്നതിന് മുമ്പ് വിമാനത്തില്‍ നിന്ന് ജക്കാര്‍ത്ത കണ്‍ട്രോള്‍ റൂമുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കാണാതാകുന്നതിന് മുമ്പ് സ്ഥിരം യാത്രാവഴിയില്‍ നിന്ന് മാറിയതായും റിപ്പോര്‍ട്ടുകളുണ്ട്. പ്രാദേശിക സമയം രാവിലെ ആറിനാണ് വിമാനവുമായുള്ള വിനിമയ ബന്ധം നഷ്ടപ്പെട്ടത്. യാത്രക്കാരും ജീവനക്കാരുമായി 162 പേരാണ് വിമാനത്തിലുണ്ടായിരുന്നതെന്നാണ് ലഭ്യമായ വിവരങ്ങള്‍.

അതേസമയം വിമാനം കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. വിമാനത്തെ കുറിച്ച് ഈ സമയം വരെയും യാതൊരു വിവരവും ലഭിച്ചിട്ടില്ല.വിമാനം കണ്ടെത്താനുള്ള ശ്രമം തുടരുമെന്ന് ഇന്തോനേഷ്യന്‍ ഗതാഗത മന്താലയ വക്താവ് ഹാദി മുസ്തഫ അറിയിച്ചു.

ബുർജ് ഖലീഫയിലെ പുതുവർഷ ആഘോഷം; സുരക്ഷയ്ക്ക് 2,500 ഉദ്യോഗസ്ഥർ

ദുബായ്: പുതുവർഷ ആഘോഷങ്ങൾക്കായി ദുബായിലെ പ്രധാന ആകർഷണമായ ബുർജ് ഖലീഫ ഒരുങ്ങിക്കഴിഞ്ഞു. ഏകദേശം 2,500 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പുതുവർഷ ദിനത്തിൽ ബുർജ് ഖലീഫയ്ക്കും പരിസരത്തും സുരക്ഷ ഒരുക്കുന്നതിനും ട്രാഫിക് നിയന്ത്രിക്കാനും ചുമതലപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറുന്നതിനായി ഒരു ആൻഡ്രോയിഡ് ആപും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ആഘോഷങ്ങളുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ച് ഇവന്റ് സെക്യൂരിറ്റി കമ്മിറ്റി (ഇ.എസ്.സി) വിശദീകരിച്ചു. ദുബായ് പോലീസും സിവിൽ ഡിഫൻസുമാണ് ജനങ്ങൾക്കു വേണ്ട സുരക്ഷയൊരുക്കുന്നത്. അന്നേ ദിവസം ബുർജ് ഖലീഫ മെട്രോ സ്‌റ്റേഷൻ അടച്ചിടാനും, പകരം ബിസിനസ് ബേയും ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ സ്റ്റേഷനും പ്രയോജനപ്പെടുത്താനുമാണ് അധികാരികൾ ആലോചിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. ബുർജ് ഖലീഫയുടെ പരിസരത്തായി 16 സഹകരണ സേവന ടെന്റുകളും സജ്ജീകരിച്ചിട്ടുണ്ട്. അവിടെ ഡോക്ടർമാരും, പ്രാഥമിക ശുശ്രൂഷാ സംവിധാനങ്ങളും, ഹെൽപ് ഡെസ്‌കും, പോലീസ് എയ്ഡ് പോസ്റ്റും ഉണ്ടായിരിക്കും. 2013 ൽ 17 ലക്ഷം ആളുകളാണ് ബുർജ് ഖലീഫയിൽ നടന്ന പുതുവർഷ ആഘോഷത്തിൽ പങ്കെടുത്തത്. ഈ വർഷം 12-14 ലക്ഷം ആളുകളെ പ്രതീക്ഷിക്കുന്നതായി ഇ.എസ്.സി തലവൻ കേണൽ അബ്ദുള്ള ഖലീഫ അൽമേറി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ദിശ നിർദേശിക്കാനും വഴി കാണിക്കാനുമുള്ള ബോർഡുകളും സ്ഥാപിക്കും. പരിപാടിയെ കുറിച്ചും, പാർക്കിങ് സ്ഥലം, ശുചിമുറി, എ.ടി.എം, ഹെൽപ് ഡെസ്‌ക്, ഇൻഫർമേഷൻ സെന്റർ എന്നിവയെക്കുറിച്ചുമുള്ള വിവരങ്ങളും ആപിലൂടെ ലഭ്യമാകും. എവിടെയാണ് തങ്ങളുടെ വാഹനം പാർക്ക് ചെയ്തിരിക്കുന്നതെന്ന് രേഖപ്പെടുത്താനും ആപ് വഴി സാധിക്കും. പരിപാടിയിൽ പങ്കെടുക്കാനായി ഹോട്ടലിൽ മുറി ബുക്ക് ചെയ്തവർ വൈകിട്ട് ആറുമണിയോടെ യഥാ സ്ഥലത്ത് എത്തിച്ചേരാൻ ട്രാഫിക് അധികൃതർ മുന്നറിയിപ്പ് നൽകി. തിരക്കിനെ തുടർന്ന് റോഡ് ബ്ലോക്കാകാൻ സാധ്യതയുള്ളതിനാലാണിത്. പൊതുജനങ്ങൾക്കായി നാലിടങ്ങളിൽ നിന്നും സൗജന്യ ഷട്ടിൽ ബസ് യാത്രയും ഒരുക്കിയിട്ടുണ്ട്

അബുദബി വിമാനത്താവളത്തിലെ നവീകരിച്ച റണ്‍വേ തുറന്നു

അബുദബി വിമാനത്താവളത്തിലെ നവീകരിച്ച റണ്‍വേ ഔദ്യോഗികമായി തുറന്നു. 830 മില്യണ്‍ ദിര്‍ഹം ചെലവിട്ട് നവീകരിച്ച റണ്‍വേയുടെ പ്രവര്‍ത്തനോദ്ഘാടനം ഇത്തിഹാദ് എയര്‍വേസിന്റെ സൂപ്പര്‍ ജമ്പോ വിമാനമായ എ380 പറന്നുയര്‍ന്നും തിരിച്ചിറങ്ങിയുമാണ് നടന്നത്. അബുദബി എയര്‍പോര്‍ട്ട്സ് കമ്പനി ചെയര്‍മാന്‍ അലി മാജിദ് അല്‍ മന്‍സൂരി റണ്‍വേയുടെ ഔദ്യോഗിക പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. ലോകത്തിലെ ഏറ്റവും വലിയ യാത്രാ വിമാനമായ എ380 അടക്കം എല്ലാ വിമാനങ്ങള്‍ക്കും ഇറങ്ങാന്‍ റണ്‍വേയെ സജ്ജമാക്കികഴിഞ്ഞു എന്ന് അധികൃതര്‍ അറിയിച്ചു. 21 എയര്‍ക്രാഫ്റ്റ് സ്റ്റാന്‍റുകളാണ് പുതിയ റണ്‍വേയില്‍ ഉള്ളത്. മണിക്കൂറില്‍ 34 വിമാനങ്ങള്‍ക്ക് റണ്‍വേ ഉപയോഗിക്കാന്‍ കഴിയും. ഇതോടെ വര്‍ഷത്തില്‍ രണ്ട് റണ്‍വേകളിലുമായി അഞ്ച് ലക്ഷം വിമാനങ്ങള്‍ക്ക് പറന്നുയരാനും ഇറങ്ങാനും സാധിക്കും. 2017ല്‍ പൂര്‍ത്തീകരിക്കുന്ന വിമാനത്താവളത്തിലെ മിഡ്ഫീല്‍ഡ് ടെര്‍മിനല്‍ കോംപ്ളക്സ് വികസനത്തിന്റെ ഭാഗമാണ് നവീകരണ പ്രവര്‍ത്തനം. ഇതോടെ പ്രവര്‍ത്തന സജ്ജമായ രണ്ട് വലിയ റണ്‍വേകളുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളങ്ങളുടെ നിരയിലേക്ക് അബുദബി ഉയര്‍ന്നു.

ജോർദ്ദാൻ പൈലറ്റിനെ ഐ.എസ് ബന്ദിയാക്കി

അമ്മാൻ: വടക്കൻ സിറിയയിൽ തകർന്നുവീണ ജോർദ്ദാൻ യുദ്ധവിമാനത്തിന്റെ പൈലറ്റിനെ ഐ.എസ്.ഐ.എസ് തീവ്രവാദികൾ ബന്ദിയാക്കി. ലഫ്റ്റനന്റ് മൊയാസ് യൂസഫ് അൽ കസബേയാണ് തീവ്രവാദികളുടെ പിടിയിലുള്ളത്. റാഖാ പട്ടണത്തിന് സമീപത്ത് വച്ച് വിമാനം വെടിവച്ചിട്ടതായാണ് നേരത്തെ ഐ.എസ് തീവ്രവാദികൾ അവകാശപ്പെട്ടിരുന്നത്. സെപ്തംബറിൽ അമേരിക്കൻ സഖ്യസേന വ്യോമാക്രമണം ആരംഭിച്ചതിനു ശേഷം ഐ.എസ് ശക്തികേന്ദ്രത്തിൽ തകരുന്ന ആദ്യത്തെ വിമാനമാണിത്.

പിടികൂടിയ പൈലറ്രിനെ വാഹനത്തിൽ തീവ്രവാദികൾ കൊണ്ടുപോവുന്ന ചിത്രം ഐ.എസ് അനുകൂല മീഡിയ സെന്റർ തങ്ങളുടെ ഫേസ് ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. പൈലറ്റിനെ തീവ്രവാദികൾ മർദ്ദിച്ചതായി ദൃശ്യങ്ങളിൽ വ്യക്തമാണ്. മുഖത്ത് നിന്ന രക്തം വാർന്നൊലിക്കുന്നുണ്ട്. കസബേയുടെ തിരിച്ചറിയിൽ കാർഡിന്റെ ചിത്രവും പേജിൽ നൽകിയിട്ടുണ്ട്.

ഐസിസ്‌ ലൈംഗിക അടിമകളാക്കിത്‌ ആയിരങ്ങളെ; പലരെയും വിറ്റത്‌ നിസ്സാര തുകക്ക്

ഇസ്ലാമിക്‌ സ്‌റ്റേറ്റ്‌ (ഐ എസ്‌) ഭീകരര്‍ ഷരിയ നിയമം തെറ്റായി വ്യാഖ്യാനിച്ച്‌ നടത്തുന്ന ലൈംഗിക അടിമക്കച്ചവടത്തെ കുറിച്ച്‌ പ്രമുഖ മനുഷ്യാവകാശ സംഘടനയായ 'ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്‌' ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടു. അതിക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയവരില്‍ 12 വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ ഉണ്ടെന്നും 25 ഡോളര്‍ വരെയുളള നിസ്സാര തുകയ്‌ക്കാണ്‌ കൂട്ടബലാത്സംഗമടക്കമുളള കൊടിയ പീഡനങ്ങള്‍ക്ക്‌ സ്‌ത്രീകളെ വിറ്റഴിക്കുന്നതെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്‌ വെളിപ്പെടുത്തി.

ഇറാഖിലെ സിഞ്ഞാറില്‍ നിന്ന്‌ തട്ടിക്കൊണ്ടുവന്ന യാസിദി സ്‌ത്രീകളാണ്‌ ഭൂരിഭാഗം ലൈംഗിക അടിമകളും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയും അവരുടെ അമ്മമാരെയും സഹോദരികളെയും മുടിയില്‍ പിടിച്ച്‌ വലിച്ചിഴച്ച്‌ കന്നുകാലികളെ പോലെ ട്രക്കിലിട്ടാണ്‌ വില്‍പ്പനയ്‌ക്കായി കൊണ്ടുപോവുന്നത്‌. ഇവരെ പരസ്യമായി ലേലം ചെയ്യുകയാണ്‌ പതിവ്‌. വില്‍പ്പനയ്‌ക്കു മുന്‍പ്‌ കുട്ടികള്‍, വിവാഹിതര്‍, അമ്മമാര്‍ എന്നിങ്ങനെ തരംതിരിക്കും. പലപ്പോഴും നിസ്സാര വിലയ്‌ക്കാവും വില്‍പ്പന. ചിലപ്പോള്‍ സംഘത്തിലെ 'ധീരനായ' യോദ്ധാവിന്‌ സമ്മാനമായും സ്‌ത്രീകളെ നല്‍കും. വിലകൊടുത്തു വാങ്ങുന്നവര്‍ക്ക്‌ സ്‌ത്രീകളെ ലൈംഗിക അടിമകളാക്കിയും വീട്ടുജോലിക്കായും ഉപയോഗിക്കാം. ക്രൂരമായ ബലാത്സംഗങ്ങള്‍ക്കിരയാക്കിയ ശേഷം കൂട്ടുകാരുമായി അടിമകളെ പങ്കുവയ്‌ക്കുക സാധാരണമാണ്‌. ഐസിസ്‌ കഴിഞ്ഞ അഞ്ച്‌ മാസമായി 2500 സ്‌ത്രീകളെയും പെണ്‍കുട്ടികളെയുമാണ്‌ ലൈംഗിക അടിമകളാക്കിയത്‌. ഇവരില്‍ 430 പേര്‍ രക്ഷപെട്ടു. തടവിലാക്കിയ 2000 യാസിദി പുരുഷന്‍മാരെ ഐസിസ്‌ വധിച്ചുവെന്നും സൂചനയുണ്ട്‌.

കാണാതായ മലേഷ്യന്‍ വിമാനം അമേരിക്ക വെടിവെച്ചിട്ടതാണെന്ന് മുന്‍ ഫ്രഞ്ച് എയര്‍ലൈന്‍സ് മേധാവി

പാരീസ്: കാണാതായ മലേഷ്യന്‍ വിമാനം എം.എച്ച് 370 അമേരിക്ക വെടിവെച്ചിട്ടതാണെന്ന ആരോപണവുമായി മുന്‍ ഫ്രഞ്ച് എയര്‍ലൈന്‍സ് മേധാവി രംഗത്ത്. പ്രോട്ടിയസ് എയര്‍ലൈന്‍സ് മേധാവി മാര്‍ക് ഡുഗെയ്ന്‍ ആണ് ഇന്ത്യന്‍ മഹാസമുദ്രത്തിലെ അമേരിക്കയുടെ സൈനിക താവളമായ ഡീഗോ ഗാര്‍ഷ്യയ്ക്കു സമീപം അമേരിക്ക വിമാനം വെടിവെച്ചിടുകയായിരുന്നുവെന്ന ആരോപണമുന്നയിച്ചിരിക്കുന്നത്.

സെപ്റ്റംബര്‍ 11ലേതിനു സമാനമായ ഭീകരാക്രമണം ഭയന്നാണ് അമേരിക്ക ഇതു ചെയ്തതെന്നാണ് ഒരു ഫ്രഞ്ച് വാരികയ്ക്കു നല്‍കിയ ആറു പേജുള്ള ലേഖനത്തില്‍ അദ്ദേഹം വിശദീകരിക്കുന്നത്. വിമാനം താഴ്ന്നു പറക്കുന്നതു കണ്ട് വിമാനം ഭീകരര്‍ തട്ടിയെടുത്തെന്നും ഡീഗോ ഗാര്‍സ്യ ബേസിനു നേരെ ആക്രമണമുണ്ടാകുമെന്നും കരുതിയാണ് അമേരിക്ക വെടിയുതിര്‍ത്തതെന്ന് ആരോപിക്കുന്ന അദ്ദേഹം വിമാനം താഴ്ന്നു പറക്കുന്നത് കണ്ടെന്ന മാലിദ്വീപ് നിവാസികള്‍ പറഞ്ഞത് ഇതിന് തെളിവായി കൂട്ടിച്ചേര്‍ക്കുന്നു. നേരത്തെ ഇക്കാര്യം ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നെങ്കിലും യു.എസ് എംബസി വാര്‍ത്ത നിഷേധിക്കുകയായിരുന്നു ചെയ്തത്.

കഴിഞ്ഞ മാര്‍ച്ച് എട്ടിനാണ് ക്വാലാലംപൂരില്‍ നിന്നും ബീജിംഗിലേക്കു പുറപ്പെട്ട വിമാനം കാണാതാവുന്നത്. വിമാനത്തില്‍ യാത്രക്കാരും, ജീവനക്കാരുമടക്കം 239 പേരുണ്ടായിരുന്നു. വിമാനത്തിനായി തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താനായില്ല.

ജാര്‍ഖണ്ഡില്‍ ബി.ജെ.പിയും ജമ്മു കശ്മീരില്‍ പി.ഡി.പിയും മുന്നില്‍

ന്യൂഡല്‍ഹി: വോട്ടെണ്ണല്‍ ആദ്യ ഘട്ടം പിന്നിടുമ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ചുകൊണ്ട് ജാര്‍ഖണ്ഡില്‍ ബി.ജെ.പിയും ജമ്മു കശ്മീരില്‍ പി.ഡി.പിയും മുന്നേറുന്നു. 81 അംഗ ജാര്‍ഖണ്ഡ് നിയമസഭയില്‍ 17 സീറ്റിലെ ഫലസൂചനകള്‍ ലഭിക്കുമ്പോള്‍ 11 സീറ്റിലും ബി.ജെ.പിയാണ് മുന്നില്‍. ഭരണകക്ഷിയായ ജെ.എം.എം മൂന്ന് സീറ്റില്‍ മുന്നിലാണ്. കോണ്‍ഗ്രസിനും ജെ.വി.എമ്മിനും ഓരോ സീറ്റില്‍ ലീഡുണ്ട്. ജമ്മു കശ്മീരില്‍ പി.ഡി.പിയുടെ മുന്നേറ്റമാണ് ആദ്യ ഘട്ടത്തില്‍ ദൃശ്യമാകുന്നത്. 87 അംഗ നിയമസഭയില്‍ 36 സീറ്റുകളിലെ സൂചനകള്‍ പ്രകാരം പി.ഡി.പി 18 സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു. 13 സീറ്റില്‍ ലീഡ് ചെയ്യുന്ന ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സിനും കോണ്‍ഗ്രസിനും കേവലം രണ്ട് സീറ്റിലാണ് ലീഡുള്ളത്. ജമ്മു മേഖലയില്‍ ബി.ജെ.പി ലീഡ് പിടിച്ചപ്പോള്‍ കശ്മീര്‍ താഴ്‌വരയിലെ സീറ്റുകളിലാണ് പി.ഡി.പി വ്യക്തമായ ലീഡ് നിലനിര്‍ത്തുന്നത്.

സഭയിലെ ചിലര്‍ക്ക് അധികാരക്കൊതിയും ആത്മീയ മറവി രോഗവുമെന്ന് മാര്‍പാപ്പ

വത്തിക്കാന്‍: വത്തിക്കാനിലെ ഉദ്യോഗസ്ഥ വാഴ്ചയ്‌ക്കെതിരെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ രൂക്ഷവിമര്‍ശനം. സഭയിലെ ചിലര്‍ക്ക് അധികാരക്കൊതിയും ആത്മീയ മറവി രോഗവുമാണെന്നും മാര്‍പാപ്പ കുറ്റപ്പെടുത്തി. ക്രിസ്മസിന് മുമ്പ് കര്‍ദിനാള്‍മാര്‍ക്ക് നല്‍കിയ സന്ദേശത്തിലായിരുന്നു മാര്‍പാപ്പയുടെ വിമര്‍ശനം. കത്തോലിക്ക സഭയുടെ ഭരണകാര്യാലയമായ കൂരിയയെ ബാധിച്ച 15 അപചയങ്ങള്‍ വ്യക്തമാക്കിയാണ് ഫ്രാന്‍സിസ് മാര്‍പ്പയുടെ വിമര്‍ശനം.

സഹപ്രവര്‍ത്തകരേയും സഹോദരങ്ങളേയും അപകീര്‍ത്തിപ്പെടുത്തി അധികാരം കൈക്കലാക്കാന്‍ ശ്രമിക്കുന്നവര്‍ സഭയിലുണ്ട്. പലരും പരദൂഷണവും സ്വാര്‍ത്ഥതയും ബാധിച്ചവര്‍. ഒത്തിണക്കം ഒരിടത്തുമില്ല. കാപട്യമാണ് മുഖമുദ്ര. വാദ്യമേള സംഘത്തില്‍ താളം തെറ്റി സംഗീതോപകരണം വായിക്കുന്നയാളെപ്പോലെയാണ് കത്തോലിക്ക സഭയുടെ ഉന്നത ഭരണസമിതിയിലെ അംഗങ്ങളെന്നും മാര്‍പാപ്പ കുറ്റപ്പെടുത്തി.

പുതുവര്‍ഷം പിറക്കുന്നതോടെ ഇവയൊക്കെ ഇല്ലാതാകുമെന്ന് പ്രത്യാശിക്കുന്നയും മാര്‍പാപ്പ പറഞ്ഞു. കത്തോലിക്ക സഭയിലെ ഭരണകാര്യാലയത്തില്‍ പരിഷ്‌കരണം ആവശ്യമാണെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കിയാണ് മാര്‍പാപ്പ സന്ദേശ പ്രസംഗം പൂര്‍ത്തിയാക്കിയത്. ഭരണസിതിയിലെ അധികാരം താഴെതട്ടിലേക്ക് കൈമാറുന്നതടക്കം താന്‍ തുടങ്ങിവച്ച പരിഷ്‌കരണങ്ങളുമായി മുന്നോട്ടുപോകുമെന്ന ശക്തമായ സന്ദേശമാണ് മാര്‍പ്പ നല്‍കിയത്.