ശിവഗിരി മഠത്തിലെ സന്യാസിമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സന്യാസിമാര്‍ ത്യാഗികളാകണമെന്നും അധികാരത്തിനുവേണ്ടി വടംവലിക്കാന്‍ പാടില്ലെന്നും കോട്ടയത്ത് നാഗമ്പടം ക്ഷേത്രാങ്കണത്തില്‍ ശിവഗിരി തീര്‍ഥാടന പതാക ഘോഷയാത്ര ഉദ്‌ഘാടനം ചെയ്‌ത് അദ്ദേഹം പറഞ്ഞു. സ്വാമിമാര്‍ക്കിടയില്‍ നൂറു ഗ്രൂപ്പാണെന്നും അധികാരത്തിനുവേണ്ടി അവര്‍ കോടതികള്‍ കയറിയിറങ്ങുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
സന്യാസിമാരെ കാണാനായല്ല തീര്‍ഥാടകര്‍ ശിവഗിരിയിലെത്തുന്നത്. സമാധിമണ്ഡപം കണ്ടു പ്രാര്‍ഥിക്കാനായാണ്. തീര്‍ഥാടകര്‍ക്ക് ആത്മീയ അടിത്തറയൊരുക്കുന്ന സഥലമാണു ശിവഗിരി. തീര്‍ഥാടകര്‍ക്കു യോഗം സൗകര്യങ്ങള്‍ ഒരുക്കും. അതു യോഗത്തിന്റെ ബാധ്യതയാണ്. തീര്‍ഥാടകര്‍ക്കു കഞ്ഞി കൊടുക്കാന്‍ സ്‌ഥലം ചോദിച്ചിട്ടു പോലും നല്‍കിയില്ല, വാടക നല്‍കാമെന്നു പറഞ്ഞിട്ടും സ്‌ഥലം നല്‍കാന്‍ കൂട്ടാക്കിയില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു.
ശിവഗിരിയില്‍ എന്തോ തെറ്റിദ്ധാരണയുണ്ട്. മദ്യനിരോധനമെന്ന നിലപാടാണു മഠത്തിന്റേത്. മദ്യ നിരോധനമല്ല, മദ്യവര്‍ജനമാണു വേണ്ടത്. ശിവഗിരിയില്‍നിന്നു പറയുന്നതിന് ആരെങ്കിലും വില കല്‍പ്പിക്കുന്നുണ്ടോ? മദ്യനിരോധനം എന്ന ആവശ്യം ഉന്നയിച്ചിരുന്ന ബിഷപ്പുമാരെ വരെ ഉമ്മന്‍ചാണ്ടി കൈയിലാക്കി. എന്നിട്ടും ശിവഗിരിമഠം എന്തിനാണ് ഇക്കാര്യത്തില്‍ വാശി പിടിക്കുന്നതെന്നു മനസിലാകുന്നില്ല.
കള്ളുകച്ചവടക്കാരുടെ പണം വേെണ്ടന്നു ശ്രീനാരായണ ഗുരു പറഞ്ഞിട്ടില്ല. അദ്ദേഹം കള്ളുകച്ചവടക്കാരുടെ വീട്ടില്‍ താമസിക്കുകയും അവരുടെ സമ്പത്ത് വാങ്ങുകയും ചെയ്‌തിട്ടുണ്ട്. പ്രായോഗിക തീരുമാനങ്ങളാണു വേണ്ടത്.
ജാതിവ്യവസ്‌ഥയില്‍നിന്നു മാറി ജനാധിപത്യം വന്നിട്ടും ഈഴവരെപ്പോലുള്ളവര്‍ക്കു നീതി ലഭിക്കുന്നില്ലെന്നും വോട്ടു ബാങ്ക് മാത്രം ലക്ഷ്യമിട്ടുള്ള ഭരണ പരിഷ്‌കാരമാണു ഭരണനേതൃത്വം നടത്തുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.
ചാതുര്‍വര്‍ണ്യത്തിന്റെ പേരിലാണ് പണ്ട് നീതി നിഷേധിച്ചിരുന്നത്, ഇപ്പോള്‍ നിയമങ്ങളും ചട്ടങ്ങളും പറഞ്ഞാണു നീതി നിഷേധിക്കുന്നത്. യോഗവും ശിവഗിരി മഠവും തമ്മില്‍ ഭിന്നതയില്ലെന്നും ഇതില്‍ വെള്ളം ചേര്‍ക്കാന്‍ ഏതു സ്വാമി വിചാരിച്ചാലും നടക്കില്ലെന്നും സമ്മേളനത്തിനുമുമ്പ് വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ബാര്‍ വിഷയത്തില്‍ സുധീരന്‍ വെള്ളത്തിലായെന്നും സര്‍ക്കാരിന്റെ നയങ്ങളില്‍ പലതും ന്യുനപക്ഷ പ്രീണനത്തിന്റെ ഭാഗമായുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ എസ്.എന്‍.ഡി.പി. കോട്ടയം യൂണിയന്‍ പ്രസിഡന്റ് എ.ജി. തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍. രാജീവ്, കൗണ്‍സിലര്‍ എം. മധു, കെ.വി. ശശികുമാര്‍, എം.ആര്‍. പ്രദീപ് കുമാര്‍, പി. അനില്‍കുമാര്‍, റിജേഷ് സി. ബ്രീസ്‌വില്ല, വി.എം. ശശി, ഗിരീഷ് കോനാട്ട് എന്നിവര്‍ പ്രസംഗിച്ചു.