ബെംഗളൂരു സ്ഫോടനം ഭീകരാക്രമണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു. സ്ഫോടനത്തിന് പിന്നില്‍ നിരോധിത സംഘടനയായ സിമിയുടെ പങ്ക് അന്വേഷിച്ചു വരികയാണ്. കര്‍ണാടക സര്‍ക്കാരിന് എല്ലാ സഹായവും നല്‍കുമെന്ന് കിരണ്‍ റിജ്ജു അറിയിച്ചു. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്‍റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.
ആഭ്യന്തരസെക്രട്ടറി, ഐ.ബി ഉന്നതഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. അന്വേഷണത്തിനായി രണ്ട് എന്‍.ഐ.എ സംഘങ്ങള്‍ ബെംഗളൂരുവിലെത്തി. എന്നാല്‍ അന്വേഷണം പൂര്‍ണമായും എന്‍.ഐ.എ ഏറ്റെടുത്തിട്ടില്ല. സംശയിക്കുന്ന ആറു പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ട്. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ വിളിച്ചുചേര്‍ത്ത ഉന്നതഉദ്യോഗസ്ഥരുടെ യോഗവും ഇന്ന് ചേരും. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട സ്ത്രീയുടെ കുടുംബത്തിന് അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. ജനങ്ങള്‍പരിഭ്രാന്തരാകേണ്ടതില്ലെന്നും സര്‍ക്കാര്‍ ജനങ്ങളുടെ സുരക്ഷയ്ക്കായുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം അദ്ദേഹം പറഞ്ഞു. ഇന്നലെ രാത്രി എട്ടരയ്ക്ക് ചര്‍ച്ച് സ്ട്രീറ്റിലുണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീ കൊല്ലപ്പെടുകയും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഡല്‍ഹിയും മുംബൈയും അടക്കമുളള രാജ്യത്തെ പ്രധാനനഗരങ്ങളിലും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചര്‍ച്ച് സ്ട്രീറ്റിലെ കോക്കനട്ട് ഗ്രൗവ് റസ്റ്റോറന്‍റിന്‍റെ ഗേറ്റിനുസമീപമായിരുന്നു സ്ഫോടനം. ചെന്നൈ സ്വദേശി ഭവാനിയാണ് മരിച്ചത്. സ്ഫോടനത്തില്‍ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഭവാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റ ചെന്നൈ സ്വദേശി കാര്‍ത്തിക്കിന്‍റെ നില ഗുരുതരമല്ല. ചര്‍ച്ച് സട്രീറ്റിന് പിന്നാലെ മറ്റിടങ്ങളിലും സ്ഫോടനം നടന്നതായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത് ആശങ്കയുണ്ടാക്കി. പുതുവല്‍സരാഘോഷങ്ങള്‍ സജീവമായ സാഹചര്യത്തില്‍ ഭീതിപരത്താന്‍ ലക്ഷ്യമിട്ട് നടത്തിയ സ്ഫോടനമാണിതെന്നാണ് പൊലീസ് നിഗമനം.