ഡിസംബര്‍ 23ന് പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനം അവസാനിച്ചതിന്റെ പിറ്റേന്ന് ചേര്‍ന്ന യോഗം ഇന്‍ഷുറന്‍സ്, കല്‍ക്കരി ഓര്‍ഡിനന്‍സുകള്‍ക്കും ഇ-റിക്ഷാ ഓര്‍ഡിനന്‍സിനും അംഗീകാരം നല്‍കിയിരുന്നു. ഖനി-ധാതു നിയമഭേദഗതി ഓര്‍ഡിനന്‍സിനും ഉടന്‍ അംഗീകാരം നല്‍കും. ബുധനാഴ്ചകളിലാണ് മന്ത്രിസഭായോഗം ചേരുക പതിവെങ്കിലും ഭൂമി ഏറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് പാസാക്കാന്‍ മാത്രമായി തിങ്കളാഴ്ച അടിയന്തരയോഗം ചേര്‍ന്നു. പ്രതിപക്ഷത്തായിരിക്കെ ഓര്‍ഡിനന്‍സ് മാര്‍ഗത്തെ എതിര്‍ത്ത ബിജെപിയാണ് അധികാരത്തിലെത്തി ആറുമാസത്തിനകം അഞ്ച് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. ഇതില്‍ ഭൂരിഭാഗവും വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പ്പര്യാര്‍ഥം.</p><p>
പാര്‍ലമെന്ററി ജനാധിപത്യത്തെ അപഹസിക്കുന്നതാണ് ഓര്‍ഡിനന്‍സ് രാജ് എന്ന് ഇടതുപക്ഷ പാര്‍ടികള്‍ അഭിപ്രായപ്പെട്ടു. ഇന്‍ഷുറന്‍സ്-കല്‍ക്കരി ഓര്‍ഡിനന്‍സുകളില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സിപിഐ എം രാഷ്ട്രപതിക്ക് നേരത്തെ കത്തയച്ചിരുന്നു. മുഖ്യമായും രണ്ട് ഭേദഗതികളാണ് ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. ഒന്ന്, പ്രതിരോധം അടക്കമുള്ള അഞ്ച് മേഖലകളില്‍ ഭൂമി ഏറ്റെടുക്കലിനുള്ള നിയന്ത്രണങ്ങള്‍ നീക്കുക. രണ്ട്, റെയില്‍വേ-മെട്രോ നിര്‍മാണം- ദേശീയപാത വികസനം, ആണവോര്‍ജം തുടങ്ങി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ വരുന്ന 13 മേഖലകളെ കൂടി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരിക. മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തില്‍ 13 മേഖലകളിലെ ഭൂമി ഏറ്റെടുക്കല്‍ വ്യവസ്ഥകളെ ഒഴിവാക്കിയിരുന്നു. അവകൂടി നിയമത്തില്‍ ഉള്‍പ്പെടുന്നതോടെ ഭൂവുടമകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരം ലഭിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.</p><p>
പ്രതിരോധം ഉള്‍പ്പെടെയുള്ള അഞ്ച് മേഖലകളില്‍ ഭൂമി ഏറ്റെടുക്കല്‍ വ്യവസ്ഥകളില്‍ ഇളവ് വരുന്നതോടെ സ്വകാര്യപദ്ധതികള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂവുടമകളില്‍ 80 ശതമാനം പേരുടെ സമ്മതവും പിപിപി പദ്ധതികളുടെ കാര്യത്തില്‍ 70 ശതമാനം പേരുടെ സമ്മതവും വേണമെന്ന വ്യവസ്ഥ ഇല്ലാതാകും. പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം തേടുന്നത് അടക്കമുള്ള സാമൂഹിക ആഘാത പഠനവും ഒഴിവാക്കപ്പെടും. വിപണിവിലയുടെ നാലിരട്ടി നഷ്ടപരിഹാരമെന്ന വ്യവസ്ഥ തല്‍ക്കാലം തുടരും. പ്രതിരോധ നിര്‍മാണ രംഗത്ത് നൂറുശതമാനം വിദേശനിക്ഷേപം അനുവദിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ഈ മേഖലയിലെ ഭൂമി ഏറ്റെടുക്കല്‍ വ്യവസ്ഥകളില്‍ ഇളവുകള്‍ കൊണ്ടുവരുന്നത്.</p>