ആദ്യമായി മലപ്പുറത്തേക്കെത്തുന്ന സന്തോഷ് ട്രോഫി ഫുട്‌ബോളിനെ സ്വീകരിക്കാന്‍ പന്തുകളിയുടെ നാട് ഒരുങ്ങുന്നു. സന്തോഷ് ട്രോഫിയുടെ ദക്ഷിണമേഖലാ റൗണ്ട് ജനവരി 15ന് തുടങ്ങാനാണ് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ നിര്‍ദേശം. സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് ചാമ്പ്യന്‍ഷിപ്പ് നടത്തുന്നത്. മൂന്നാഴ്ചയില്‍ കുറഞ്ഞ സമയംകൊണ്ട് ചാമ്പ്യന്‍ഷിപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും.
എന്നാല്‍ നേരത്തെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ടീമുകളുടെ എണ്ണം കൂട്ടിയതും മല്‍സരം രണ്ടു പൂളുകളിലാക്കിയതിന്റെയും ആശയക്കുഴപ്പം ജില്ലാ ഫുട്‌ബോള്‍ അസോസിയേഷനുണ്ട്. കേരള ഫുട്‌ബോള്‍ അസോസിയേഷനില്‍ നിന്ന് ഇതുസംബന്ധിച്ച വ്യക്തത വരുത്തിയശേഷം ടീമുകള്‍ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്നാണ് ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പറയുന്നത്. കേരളം അടക്കം ഏഴു ടീമുകളാണ് സന്തോഷ് ട്രോഫിയുടെ ദക്ഷിണ മേഖലാ റൗണ്ടില്‍ മല്‍സരിക്കുന്നത്.
ഫെഡറേഷന്‍ കപ്പ് ഫുട്‌ബോള്‍ വന്‍വിജയമാക്കിയ മലപ്പുറത്തിനുള്ള മറ്റൊരു സമ്മാനമായിട്ടാണ് കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ ഇവിടേക്ക് സന്തോഷ് ട്രോഫി അനുവദിച്ചിരിക്കുന്നത്. കാണികളുടെ നിറഞ്ഞ പങ്കാളിത്തം ഉറപ്പുള്ള മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഫ്ലഡ് ലൈറ്റ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തുടങ്ങിക്കഴിഞ്ഞു. ഫെഡറേഷന്‍ കപ്പ് ഫുട്‌ബോളിലേതുപോലെ താത്കാലിക ഫ്ലൂ്‌ലൈറ്റ് സംവിധാനമാകും സന്തോഷ് ട്രോഫിക്കും ഏര്‍പ്പെടുത്തുന്നത്.
മുന്‍ ചാമ്പ്യന്‍മാരായ സര്‍വീസസും പോണ്ടിച്ചേരിയും കൂടി വന്നതോടെ ഏഴു ടീമുകളാണ് മഞ്ചേരിയില്‍ പോരാട്ടങ്ങള്‍ക്കെത്തുന്നത്. കോട്ടപ്പടി മൈതാനിയിലും കൂട്ടിലങ്ങാടിയിലും മഞ്ചേരിയിലും പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആലോചിക്കുന്നത്.
ദിവസേന രണ്ടു മല്‍സരങ്ങള്‍ വീതമാകും മഞ്ചേരിയില്‍ നടക്കുന്നത്. ആദ്യ മല്‍സരം നാല് മണിക്കും രണ്ടാമത്തെ മല്‍സരം 6.30നും തുടങ്ങാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. കേരളം, കര്‍ണാടക, ആന്ധ്രപ്രദേശ്, ആന്‍ഡമാന്‍ എന്നിവര്‍ ഒരു പൂളിലും തമിഴ്‌നാട്, സര്‍വീസസ്, പോണ്ടിച്ചേരി എന്നിവര്‍ മറ്റൊരു പൂളിലുമായിരിക്കും മല്‍സരിക്കുന്നത്. ഫിക്‌സ്ചര്‍ പ്രകാരം കേരളം ആദ്യ മല്‍സരത്തില്‍ ആന്ധ്രപ്രദേശിനെ നേരിടും.