ഇന്ത്യയില്‍ സ്ത്രീകളുടെ ജീവിതാവസ്ഥയും പദവിയും ഒരുപോലെ അപമാനവീകരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഭരണകൂടത്തിന്റെയും പൊതുസമൂഹത്തിന്റെയും മനോഭാവവും സമീപനവും സ്ത്രീവിരുദ്ധതയുടെ പാരമ്യതയിലെത്തിനില്‍ക്കുന്നു. സര്‍ക്കാര്‍തലത്തിലും ഉദ്യോഗസ്ഥതലത്തിലും രൂപീകരിക്കുന്ന നയങ്ങളും അവയുടെ നടപ്പാക്കലും സ്ത്രീയെ ഒരു സാമൂഹ്യവ്യക്തിയായി കണ്ടുകൊണ്ടുള്ളതല്ല. സ്വതന്ത്ര ഇന്ത്യ പതിറ്റാണ്ടുകളായി അതു തുടര്‍ന്നുവരികയാണ്. സാമ്പത്തികം, നിയമം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഏതു മേഖലയുമായി ബന്ധപ്പെട്ട നയങ്ങളും ആവിഷ്കരിക്കപ്പെടുന്നത് സ്ത്രീയെ വെറുമൊരു ശരീരമോ പ്രത്യുല്‍പ്പാദനത്തിനുള്ള ഒരുപകരണമോ ആയിമാത്രം പരിഗണിച്ചാണ്. പരമ്പരാഗതമായ സ്ത്രീസങ്കല്‍പ്പങ്ങളില്‍ സാമൂഹ്യോല്‍പ്പാദന പ്രക്രിയയില്‍ പങ്കാളിയായ സ്ത്രീയെ കാണാനാവില്ല. അമ്മ, മകള്‍, സഹോദരി എന്നിങ്ങനെ അലിഖിതമായി നിര്‍വചിക്കപ്പെട്ടിരിക്കുകയും പൊതുബോധത്തില്‍ രൂഢമൂലമായിരിക്കുകയും ചെയ്യുന്ന കടമകള്‍ഭനന്നായി നിര്‍വഹിക്കാന്‍ പെണ്‍കുട്ടിയെ പ്രാപ്തയാക്കുക എന്നതുമാത്രമാണ് സ്ത്രീകള്‍ക്കായി ആവിഷ്കരിക്കുന്ന പദ്ധതികളും ലക്ഷ്യംവയ്ക്കുന്നത്. സ്ത്രീയിലെ പ്രത്യുല്‍പ്പാദനപ്രകിയയും സ്ത്രീശരീരത്തിന്റെ ജീവശാസ്ത്രപരമായ സവിശേഷതകളും കാരണം അഭിമുഖീകരിക്കേണ്ടിവരുന്ന മനുഷ്യാവകാശ നിഷേധങ്ങള്‍ ഭരണകൂടവും പൊതുസമൂഹവും ലാഘവത്തോടെ അവഗണിക്കുന്നു. ഛത്തീസ്ഗഡിന്റെ തലസ്ഥാന നഗരമായ റായ്പുരില്‍ വന്ധ്യംകരണത്തിനു വിധേയരായ 15 സ്ത്രീകള്‍ കൊല്ലപ്പെട്ടതും ബോക്സിങ് മത്സരത്തില്‍ പങ്കെടുക്കാന്‍ ജപ്പാനിലേക്ക് പോകേണ്ട എട്ടു സ്ത്രീകളെ ഗര്‍ഭപരിശോധനയ്ക്കു വിധേയരാക്കിയതും മേല്‍പ്പറഞ്ഞ മനോഭാവത്തിന്റെ തെളിവുകളാണ്.
ജനങ്ങളില്‍ ഭൂരിഭാഗവും ആദിവാസികളുള്ള സംസ്ഥാനമാണ് ഛത്തീസ്ഗഡ്. തലസ്ഥാനമായ റായ്പുരില്‍ വന്ധ്യംകരണ ക്യാമ്പ് സംഘടിപ്പിച്ചത് സര്‍ക്കാരിന്റെ നേതൃത്വത്തിലാണ്. പതിനഞ്ച് സ്ത്രീകള്‍ കൊല്ലപ്പെട്ടതു കൂടാതെ നിരവധിപേര്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാല്‍ ആശുപത്രികളില്‍ കഴിയുകയാണ്. മരണസംഖ്യ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ജനിയന്ത്രണത്തെയോ കുടുംബാസൂത്രണത്തെയോ കുറിച്ചുള്ള ശാസ്ത്രീയമായ അറിവിന്റെ അടിസ്ഥാനത്തില്‍ സ്വയം വന്ധ്യംകരണത്തിനു തയ്യാറായവരല്ല ഈ സ്ത്രീകള്‍. ആദിവാസികളായ അവരുടെ അറിവില്ലായ്മയും ദാരിദ്ര്യവും സര്‍ക്കാര്‍ ചൂഷണം ചെയ്യുകയായിരുന്നു. സാമ്പത്തിക പ്രതിഫലം വാഗ്ദാനംചെയ്തും മറ്റു ചില വാഗ്ദാനങ്ങള്‍ നല്‍കിയുമാണ് തങ്ങളെ പ്രലോഭിപ്പിച്ചതെന്ന് വന്ധ്യംകരണത്തിനു വിധേയരായ സ്ത്രീകള്‍ ഗാര്‍ഡിയന്‍ പത്രത്തോട് പറഞ്ഞിരിക്കുന്നു. 1400 രൂപ നല്‍കാമെന്നു പറഞ്ഞുവെങ്കിലും ശസ്ത്രക്രിയ കഴിഞ്ഞപ്പോള്‍ 30 രൂപ മാത്രമാണ് നല്‍കിയതെന്നും ബാക്കി തുക ശസ്ത്രക്രിയക്കു ചെലവായതായി പറഞ്ഞുവെന്നും സ്ത്രീകള്‍ പരാതിപ്പെടുന്നുണ്ട്.
സന്താനിയന്ത്രണം ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും താല്‍പ്പര്യമനുസരിച്ചാവണം എന്നത് ജനാധിപത്യത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും ബോധം ഏറ്റവും ഉയര്‍ന്ന സാഹചര്യത്തില്‍ നടപ്പാവേണ്ട ഒന്നാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇപ്പോഴത്തെ അവസ്ഥയില്‍ ജനിയന്ത്രണ മാര്‍ഗങ്ങള്‍ അനിവാര്യമായിത്തീരുന്നു. വന്ധ്യംകരണമെന്ന ആശയത്തിന് ഇന്ത്യയില്‍ പതിറ്റാണ്ടുകളുടെ ചരിത്രമുണ്ട്. അടിയന്തരാവസ്ഥക്കാലത്ത് കര്‍ശനമായി വന്ധ്യംകരണം നടപ്പാക്കാനുള്ള ശ്രമങ്ങളുണ്ടായി. ജനിയന്ത്രണവും കുടുംബാസൂത്രണവും മുമ്പെന്നത്തേക്കാളും കാര്യക്ഷമമായി ഇപ്പോള്‍ നടക്കുന്നുണ്ട് എന്നാണ് പൊതുധാരണ. അതേസമയം, അതില്‍ സ്ത്രീകള്‍ ഇരകളാവുകയാണ് എന്ന യാഥാര്‍ഥ്യം ഗൗരവത്തോടെ അഭിസംബോധന ചെയ്യപ്പെടാറില്ല. സുരക്ഷിതത്വത്തിന്റെയും ഫലപ്രാപ്തിയുടെയും കാര്യത്തില്‍ പുരുഷവന്ധ്യംകരണമാണ് അഭികാമ്യം എന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടും സ്ത്രീകള്‍ വ്യാപകമായ വിധത്തില്‍ വന്ധ്യംകരണത്തിനു വിധേയരാവേണ്ടിവരുന്നു. ഒരുവര്‍ഷം ശരാശരി നാലു ദശലക്ഷം സ്ത്രീകള്‍ ഈ പ്രക്രിയക്കു വിധേയരാവുമ്പോള്‍ സ്ത്രീകള്‍ക്കു നേരിടേണ്ടിവരുന്ന മരണമുള്‍പ്പെടെയുള്ള അപകടസാധ്യതകള്‍ വര്‍ധിക്കുകയാണ്. നിര്‍ധനരും നിരക്ഷരരുമായ സ്ത്രീകളെ അനായാസം നിര്‍ബന്ധത്തിനു വഴങ്ങുന്ന അവസ്ഥയിലെത്തിക്കാന്‍ ഡോക്ടര്‍മാര്‍ക്കും സ്വകാര്യ ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കും ആവുന്നുണ്ട്. ലാഭത്തിനുള്ള ഒരു മെച്ചപ്പെട്ട മേഖലയായി സ്ത്രീവന്ധ്യംകരണം നിലനില്‍ക്കുന്നു. ശസ്ത്രക്രിയയുടെ ഗുണനിലവാരമോ ഡോക്ടറുടെ ശേഷിയോ ക്ലിനിക്കിന്റെ ശുചിത്വമോ ആശുപത്രിയിലെ ഭൗതികസാഹചര്യങ്ങളോ ചോദ്യംചെയ്യപ്പെടാതെ തുടരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍ക്കും പദ്ധതികള്‍ നടപ്പാക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ക്കും അവര്‍ക്ക് പൂര്‍ത്തിയാക്കേണ്ട നിശ്ചിത എണ്ണം തികയ്ക്കുക എന്നതുമാത്രമാവുന്നു ലക്ഷ്യം.
സ്വയം സന്നദ്ധരായാണ് വന്ധ്യംകരണത്തിന് വിധേയരാവേണ്ടത്. അക്കാര്യം ഒരു സത്യവാങ്മൂലമായി സ്ഥാപനത്തിനു നല്‍കേണ്ടതുമാണ്. റായ്പുരില്‍ മാത്രമല്ല, ഇന്ത്യയിലൊരിടത്തും പൂര്‍ണമായും കാര്യങ്ങള്‍ ബോധ്യപ്പെട്ടല്ല സ്ത്രീകള്‍ വന്ധ്യംകരണത്തിന് സന്നദ്ധരാവുന്നത്. പല തരത്തിലുള്ള പ്രേരണകള്‍ അതിനു പിന്നിലുണ്ട്. വന്ധ്യംകരണത്തിനു വിധേയരാവുന്ന സ്ത്രീകള്‍ക്ക് പ്രതിഫലം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത് ഒരര്‍ഥത്തില്‍ പ്രേരണയാണ്. ദാരിദ്ര്യത്തിന്റെ തീവ്രത അനുഭവിക്കുന്നവരെ സംബന്ധിച്ച് സാമ്പത്തികപ്രതിഫലം വലിയ ആശ്വാസമാവുന്നു. ദിവസം ശരാശരി ഇരുപതുരൂപയില്‍ താഴെമാത്രം വരുമാനമുള്ള എണ്‍പതു ശതമാനത്തോളം ജനങ്ങളുള്ള ഒരു രാജ്യത്ത് ദാരിദ്ര്യമനുഭവിക്കുന്ന ഒരു സ്ത്രീക്ക് ലഭിക്കുന്ന 1400 രൂപ വിലമതിക്കാനാവാത്തതായിത്തീരും. സ്വാഭാവികമായും വന്ധ്യംകരണത്തിന് തയ്യാറാവും. കുടുംബത്തിലെ മറ്റ് അംഗങ്ങളും സാമ്പത്തികനേട്ടത്തിന്റെ പേരില്‍ സ്ത്രീകളെ നിര്‍ബന്ധിക്കും. ഇതുകാരണം ചെറിയ പ്രായത്തില്‍തന്നെ സ്ത്രീകള്‍ വന്ധ്യംകരണത്തിനു വിധേയരാവേണ്ടി വരുന്നുണ്ട്.
അതേസമയം, സര്‍ക്കാരിനെ സംബന്ധിച്ച് രാജ്യത്തെ ജനസംഖ്യാവര്‍ധന കാരണമുണ്ടാവുന്ന സാമ്പത്തികച്ചെലവ് നിയന്ത്രിക്കാനുള്ള മാര്‍ഗമായി വന്ധ്യംകരണം മാറുന്നു. അതായത്, രാജ്യത്തിന്റെയും കുടുംബത്തിന്റെയും ഉദ്ദേശ്യം വ്യത്യസ്തമാണെങ്കിലും പ്രക്രിയ ഒന്നുതന്നെയാവുന്നു; സ്ത്രീ ഇരയായി തുടരുകയും ചെയ്യുന്നു. ഒരു വശത്ത് ചെലവുചുരുക്കലും മറുവശത്ത് തുച്ഛമെങ്കിലും പ്രതീക്ഷയുണര്‍ത്തുന്ന സാമ്പത്തികനേട്ടവും. സന്താനിയന്ത്രണത്തിനായി സ്ത്രീകളില്‍ ശസ്ത്രക്രിയ നടത്തുന്നതിനേക്കാള്‍ പുരുഷനില്‍ നടത്തുന്ന ശസ്ത്രക്രിയ കൂടുതല്‍ സുരക്ഷിതവും പരാജയസാധ്യത കുറഞ്ഞതുമാണ് എന്ന വസ്തുത ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. എന്നാല്‍, ഒരു വര്‍ഷം ഒരു ശതമാനം പുരുഷന്മാര്‍മാത്രമാണ് വന്ധ്യംകരണത്തിനു തയ്യാറാവുന്നത്. അതേസമയം, പത്തില്‍ നാലു സ്ത്രീകള്‍ എന്ന കണക്കിന് വന്ധ്യംകരണത്തിന് വിധേയരാവുന്നുണ്ട്. സമൂഹം പിന്തുടരുന്ന പുരുഷാധിപത്യ മൂല്യവ്യവസ്ഥയാണ് ഇതിനുകാരണം. വന്ധ്യംകരണത്തിനു വിധേയമായാല്‍ പുരുഷന്റെ കൊട്ടിഘോഷിക്കപ്പെട്ടുപോരുന്ന ആണത്തം നശിച്ചുപോകുമെന്ന ധാരണ അത്രമേല്‍ പ്രബലമാണ്. അതുകൊണ്ടുതന്നെ സാമൂഹ്യമായും സാംസ്കാരികമായും പുരുഷവന്ധ്യംകരണത്തെ സ്വീകരിക്കാന്‍ ഇന്ത്യന്‍ സമൂഹത്തിന് കഴിഞ്ഞിട്ടില്ല. സ്ത്രീയുടെ പദവി പുരുഷനു തുല്യമല്ലാത്തൊരു സമൂഹത്തില്‍ അനുസരിക്കാന്‍ സ്ത്രീ നിര്‍ബന്ധിതയാവുകയും ചെയ്യുന്നു.
സമാനമായ വിവേചനമാണ് അന്താരാഷ്ട്ര ബോക്സിങ് മത്സരത്തില്‍ പങ്കെടുക്കേണ്ട അവിവാഹിതരും പ്രായപൂര്‍ത്തിയാകാത്തവരുമടക്കം എട്ടുസ്ത്രീകളെ ഗര്‍ഭപരിശോധനയ്ക്കു വിധേയമാക്കിയതില്‍ കണ്ടത്. സ്ത്രീയുടെ ശരീരത്തിന്റെയും അതിന്റെ ജീവശാസ്ത്രപരമായ പ്രവര്‍ത്തനങ്ങളുടെയും പേരില്‍ തുല്യമായ തൊഴില്‍സാഹചര്യമോ തുല്യമായ അവസരങ്ങളോ അനുഭവിക്കാനുള്ള സാഹചര്യം സ്ത്രീകള്‍ക്ക് നിഷേധിക്കുകയാണ്. ബോക്സിങ്ങില്‍ പങ്കെടുക്കുന്ന സ്ത്രീയുടെയോ പെണ്‍കുട്ടിയുടെയോ സുരക്ഷിതത്വത്തെക്കരുതി എര്‍പ്പെടുത്തിയ ഈ നിയമത്തെയും ഇന്ത്യ ദുരുപയോഗിക്കുന്നു. 2014 ആഗസ്ത് 31ന് നിലവില്‍വന്ന അന്താരാഷ്ട്ര നിയമമനുസരിച്ച് ബോക്സിങ്ങില്‍ പങ്കെടുക്കുന്ന സ്ത്രീകള്‍ ഗര്‍ഭാവസ്ഥയിലല്ലെന്ന് സത്യവാങ്മൂലം നല്‍കിയാല്‍ മതിയാവും. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളുടെ സത്യവാങ്മൂലത്തില്‍ രക്ഷാകര്‍ത്താക്കളിലാരുടെയെങ്കിലും ഒപ്പുകൂടി ഉണ്ടാവണം. നിയമത്തില്‍ ഗര്‍ഭപരിശോധനയെക്കുറിച്ച് പറയുന്നതേയില്ല. എന്നാല്‍, ഇവിടെ ബോക്സിങ് ഇന്ത്യക്കുവേണ്ടി സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യ നിയമലംഘനവും മനുഷ്യാവകാശലംഘനവും നടത്തി. അതിനെ എതിര്‍ത്തതിന്റെ പേരില്‍ സ്പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടന്റായിരുന്ന ഡോ. പി എസ് എം ചന്ദ്രനെ നോട്ടീസ് പോലും നല്‍കാതെ ജോലിയില്‍നിന്ന് പിരിച്ചുവിടുകയുംചെയ്തു.
സമീപകാലത്തു നടന്ന ഈ രണ്ടു സംഭവങ്ങളും ഭരണകൂടത്തിനും അധികാരസ്ഥാപനങ്ങള്‍ക്കും പൊതുസമൂഹത്തിനും സ്ത്രീയോടുള്ള സമീപനം എന്താണെന്ന് വ്യക്തമാക്കുന്നു. കോര്‍പറേറ്റുകളെ നിലനിര്‍ത്താനുള്ള വ്യഗ്രതയ്ക്കിടയില്‍ ചവിട്ടിയരയ്ക്കപ്പെടുന്നത് സ്ത്രീയുടെ ജീവനും അവകാശങ്ങളുമാണ്. പ്രധാനമന്ത്രി സ്വന്തം രാജ്യാന്തരബന്ധങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ ഇന്ത്യയില്‍ നിര്‍ധനരായ സ്ത്രീകള്‍ രാജ്യത്തിന്റെ സാമ്പത്തികസുരക്ഷിതത്വം ഉറപ്പാക്കാനുള്ള പദ്ധതികളുടെ ഫലമായി കൊലചെയ്യപ്പെടുകയാണ് എന്ന യാഥാര്‍ഥ്യം, വന്ധ്യംകരിച്ചിരിക്കുന്ന സാമാന്യബോധത്തെ ജനാധിപത്യപരമായ ഉത്തരവാദിത്തത്തെക്കുറിച്ചാണ് ഓര്‍മിപ്പിക്കുന്നത്.