Special Stories

അന്ധവിശ്വാസികളും സദാചാരവാദികളും

വര്‍ഷങ്ങളുടെ  വിപ്ലവകരമായ മാറ്റത്തെ തട്ടി മാറ്റാന്‍ ശ്രമിക്കുന്ന കമ്പോളവത്കരിക്കപെട്ട ഒരു സമൂഹത്തിലാണ് നമ്മള്‍ എത്തിപെട്ടിരിക്കുന്നത്. .കേരള സമൂഹത്തെ കുറിച്ച് വാചാലരാകുന്ന പലരും അതിനെ കുറിച്ച ബോധവാനല്ല എന്നുള്ളതാണ് സത്യം.

അന്ധവിശ്വാസങ്ങളും സദാചാര വാഴ്ചകളും  അടിച്ചേല്‍പ്പിക്കപ്പെടുന്നത്  സ്ത്രീകളിലാണ്  എന്നുള്ളത് ശ്രദ്ധേയമാണ്. സ്ത്രീകള്‍ മുന്‍പന്തിയിലേക്ക്  വരുന്നത് തടയുക എന്നുള്ളതാണ് ഇവരുടെ ലക്ഷ്യം. ചിലപ്പോഴൊക്കെ അത് സാധ്യമാകുന്നുമുണ്ട്. ചൊവ്വയും കണ്ടക ശനിയും ആയുധമാക്കി തകര്‍ത്താടുന്ന ജോത്സ്യനും മന്ത്രവാദിയും സാമൂഹ്യ വിപ്ലവം കൊണ്ട് മുന്‍ നിരയിലെത്തിയ ജനവിഭാഗത്തെ പിന്നോട്ട് വലിക്കുന്നു. ചെറു പ്രായത്തിലെ പീഡനത്തിനിരയാകുന്ന ബാല്യങ്ങളെ കാണാത്തവര്‍ പരസ്പര സമ്മതത്തോടെ സ്നേഹം കൈമാറുന്ന മനുഷ്യരെ അടിച്ചോടിക്കാനാണ് ശ്രമിക്കുന്നത്. എന്താണീ സംസ്കാരം? സ്ത്രീയെ വീടിന്റെ ഒരു കോണില്‍ അടച്ചിടുന്നതാണോ സംസ്കാരം? സ്ത്രീയെ പിച്ചിചീന്തി തെരുവിലെക്കെറിയുന്നതാണോ സംസ്കാരം? സംസ്കാരമെന്ന മുഖം മൂടിയും ധരിച്ചു അരങ്ങ് തകര്‍ത്താടുന്ന സദാചാരവാദികളെയും വിശ്വാസമെന്ന മാര്‍ഗം ഉപയോഗിച്ച്  സമൂഹത്തെ പിന്നിലേക്ക്‌ വലിക്കുന്ന ദുര്‍മന്ത്രവാദികളെയും  നമ്മള്‍ കണ്ടില്ലെന്നു നടിക്കരുത്.

പുരോഗമനപരമായി ചിന്തിക്കുന്ന വിഭാഗത്തെ  തല്ലി കെടുത്തുക  എന്നുള്ളത് മത വര്‍ഗീയവാദികളുടെ ലക്ഷ്യമാണ്‌. വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും പേര് പറഞ്ഞ് മാറ്റത്തെ ഇല്ലാതാക്കുവാന്‍ അവര്‍ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു.

ചുംബന സമരവും സ്നേഹ ശ്രിംഖലയുമെല്ലാം സമൂഹം രണ്ടു കയ്യും നീട്ടി സ്വീകരിക്കേണ്ടതാണ്. അതിനെതിരെ നില കൊള്ളുന്നവര്‍ പൊട്ടകിണറ്റിലെ തവളകളാണെന്നേ പറയാന്‍ കഴിയുകയുള്ളൂ. ഉയര്‍ന്ന ചിന്താഗതിയും അടിയുറച്ച ആദര്‍ശവും ഉള്ള ഒരു സമൂഹത്തിന് മാത്രമേ മതവര്‍ഗീയ വാദികളെതടഞ്ഞു നിര്‍ത്താന്‍ കഴിയു.

,p> "ഇന്നലെ വിരിഞ്ഞ പൂമൊട്ടുകള്‍ നാളെ പൂവാകുമ്പോള്‍ മുള്ളുകള്‍ കൊണ്ട് കുത്തി നോവിക്കാന്‍ വരുന്നവര്‍ക്ക് മുന്നില്‍ സുഗന്ധം പരത്തുക തന്നെ വേണം നാളെയുടെ യുവത്വം".

കുട്ടനാട് ക്യാമ്പസ്സ് : തട്ടിക്കൂട്ട് ക്യാമ്പസ്സ്

ഉന്നത ശാസ്ത്ര സാങ്കേതിക പഠന ഗവേഷണത്തിന്റെ ഉത്തുംഗ മാതൃകയാകേണ്ട ഭാവി തലമുറയെ വാര്‍ത്തെടുക്കുവാന്‍ ബാദ്ധ്യതപ്പെട്ട കൊച്ചി സര്‍വകലാശാല പല രൂപത്തിലും അതിന്‍റെ ദയനീയമായ രൂപവും ഭാവവും പുറത്തെടുക്കുകയാണ് . കച്ചവടക്കാര്ക്ക് സഹായകമാകുന്ന തരത്തില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ആളെ എത്തിച്ചു കൊടുക്കുന്ന ഏര്‍പ്പാടാണ് ഇവിടെ നടന്നുവരുന്നത്.

കുട്ടനാട് ക്യാമ്പസ് എന്ന പേരില്‍ ആലപ്പുഴ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പഠനകേന്ദ്രം പരാധീനതകളുടെ ഉറവിടമാണ്.ഇവിടെ പഠിക്കുന്ന വിദ്യര്‍ത്തികളും അവരെ അറിയുന്ന സമൂഹവും ഇനി മേലാല്‍ ഒരാളോടും കൊച്ചിന്‍ യൂണിവേഴ്സിറ്റിയുടെ കുട്ടനാട് ക്യാമ്പസ്സില്‍ പഠനത്തിനു പോകുവാന്‍ അനുവദിക്കില്ല. അത്രമാത്രം ദയനീയമാണ് ഇവിടത്തെ സ്ഥിതിഗതികള്‍.

ഇവിടെ പഠിക്കുന്ന വിദ്യാര്‍ത്തികള്‍ക്ക് ലാബ് സൌകര്യവും ഹോസ്റ്റല്‍ സൌകര്യവും ഇല്ല. ഇവിടത്തെ വിദ്യാര്‍ത്തികള്‍ അനാഥരെപോലെയാണ്. ഉന്നത വിദ്യാഭ്യാസം തേടി വന്നവര്‍ കുട്ടനാട്ടിലെ കായലിലും വയല്‍ വരമ്പിലും ചേറിലും ചെളിയിലും അലയേണ്ട അവസ്ഥയാണ്.

ഉന്നത ശാസ്ത്ര സാങ്കേതിക പഠന കേന്ദ്രത്തില്‍ അതും സര്‍വകലാശാലയില്‍ ലാബ് ഇല്ല എന്നത് ആധുനിക സമൂഹത്തിനു നാണക്കേടാണ്.ഇവിടത്തെ വിദ്യാര്‍ത്തികള്‍ ലാബ് സൌകര്യത്തിനുവേണ്ടി മെയിന്‍ ക്യാമ്പസ്സിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ് ഉള്ളത്. അന്‍പതും അറുപതും കിലോമീറ്റര്‍ യാത്ര ചെയ്തു തോടും തുറയും താണ്ടിവേണം കുട്ടനാട് ക്യാമ്പസ്സിലെ വിദ്യാര്‍ത്ഥികള്‍ക്ക് മെയിന്‍ ക്യാമ്പസ്സില്‍ എത്തുവാന്‍.

ലാബില്ലാത്ത സര്‍വകലാശാല ക്യാമ്പസ് ലോകചരിത്രത്തില്‍ തന്നെ ആദ്യമായിരിക്കും.ഇങ്ങനെ ഒരു ക്യാമ്പസ് ആര്‍ക്കു വേണ്ടിയാണ്.എന്തിനുവേണ്ടിയാണ്. ആര്‍ക്കും അറിഞ്ഞുകൂടാ. ആരോടാണ് ചോദിക്കുക.ആരുമില്ല കൃത്യമായി ഉത്തരം പറയുവാന്‍.അപ്പോള്‍ ആരോടും ചോദിക്കുകയും വേണ്ട.

ലാബ് മാത്രമല്ല.ഹോസ്റ്റലും കുട്ടനാട് ക്യാമ്പസ്സില്‍ ഇല്ല.ദൂരെ സ്ഥലങ്ങളില്‍ നിന്നും വന്നു പഠിക്കുന്നവര്‍ക്ക്താ താമസ സൗകര്യം ഏര്‍പ്പാടക്കുക എന്നത് അധികൃതരുടെ പ്രാഥമികമായ ചുമതലയാണ്.അതുപോലും ഇവിടെ നിനിര്‍വഹിക്കപെട്ടിട്ടില്ല. കുട്ടനാട് പോലൊരു പ്രദേശത്ത് സ്വകാര്യ ഹോസ്റ്റല്‍ സൌകര്യങ്ങള്‍ ഇല്ല. ഈ അവസ്ഥയില്‍ ഇവിടത്തെ വിദ്യാര്‍ഥികള്‍ ഹോം സ്റ്റെകളിലും മറ്റുമാണ് താമസിക്കുന്നത്.ഇത്തരം താമസങ്ങള്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വത്തിനും സ്വസ്ഥമായ പഠനത്തിനും തടസ്സമാണെന്നു ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

ഈ സാഹശ്ചര്യത്തില്‍ ആരും ചോദിച്ചുപോകും ആരുടെ താല്പര്യത്തിനാണ് ഇത്തരം സംവിധാനങ്ങള്‍ ഉണ്ടാക്കിയതെന്ന്. ആരുടെയൊക്കെയോ സ്ഥാപിത താല്‍പര്യങ്ങലള്‍ക്കോ വെട്ടിപ്പിനോ അഴിമതിക്കോ വേണ്ടിയാകും ഇത്തരം സ്ഥാപനങ്ങള്‍ ഉണ്ടാക്കിയതെന്ന് ആരെങ്കിലും സംശയിച്ചുപോയാല്‍ അവരെ കുറ്റം പറയുവാന്‍ ആകുകയില്ല.

ഉന്നത ശാസ്ത്ര സാങ്കേതിക ഗവേഷണ പഠന സ്ഥാപനങ്ങളെ ഇമ്മാതിരി അധപതിച്ച അവസ്ഥയിലേക്ക് എത്തിക്കുന്നതിന്റെ ലക്ഷ്യമെന്താണ്‌. സാധാരാണക്കാര്ക്ക് ആശ്രയമാകെണ്ടുന്ന ഇത്തരം സംവിധാനങ്ങളെ തകര്‍ക്കുന്നത് സമ്പന്ന താല്‍പര്യങ്ങളെ പ്രോത്സാഹിപ്പിക്കലാണ്. ഇതിനെതിരെയാണ് വിദ്യാര്‍ഥി സമൂഹം സമര രംഗത്ത്‌ ഇറങ്ങിയിട്ടുള്ളത്.അനിശ്ചിതകാല നിരാഹാര സമരവും മുദ്രാവാക്ക്യങ്ങളും പ്രകടനങ്ങളുമായി കുസാറ്റിലെ പോരടിക്കുന്ന വിപ്ലവകാരികള്‍ സമരമുഖത്തേക്ക് വന്നത് അധികൃതരുടെ അനാസ്ഥകള്‍ കൊണ്ടുതന്നെയാണ്.

കൊച്ചിന്‍ യൂണിവേഴ്സിറ്റിയില്‍ കുഞ്ഞാലിമരക്കാര്‍ക്കും രക്ഷയില്ല

അധിനിവേശ ശക്തികള്‍ക്കെതിരെ ആവേശോജ്വലമായ ചെറുത്തു നില്‍പ്പിലൂടെ പോരാട്ടവീര്യത്തിന്റെുയും ദേശസ്നേഹത്തിന്റെ‍യും ചരിത്ര പൈതൃകങ്ങളെ ഇതിഹാസ ദീപ്തമാക്കിയ മഹാനായ കുഞ്ഞാലിമരക്കാരുടെ പേരില്‍ സ്ഥാപിച്ചിട്ടുള്ള കൊച്ചി സര്വാകലാശാലയിലെ ഒരു സ്ഥാപനം കുഞ്ഞാലിമരക്കാര്ക്ക് അപമാനകരമായി തീര്‍ന്നെന്നാണ് അവിടെ പഠിച്ചിറങ്ങിയവര്‍ പറയുന്നത്.

ഏറെ കൊട്ടിഘോഷങ്ങളുമായി ആരംഭിച്ച കുഞ്ഞാലിമരക്കാര്‍ സ്കൂള്‍ ഓഫ് മറൈന്‍ എഞ്ചിനീയറിങ്ങ് എന്ന സ്ഥാപനത്തില്‍ പഠിച്ചിറങ്ങിയാല്‍ ഉടന്‍ ജോലി എന്നായിരുന്നു പ്രചരണം. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ അഞ്ഞൂറിനും ആയിരത്തിനും ഇടയില്‍ വിദ്യാര്ത്ഥികള്‍ ഇവിടെ നിന്നും പഠിച്ചിറങ്ങി എങ്കിലും ജോലി കിട്ടിയവര്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം.

ഒന്നര ലക്ഷം രൂപയാണ് ഫീസ്‌. താങ്ങാനാകുന്നതിലും അധികം ഫീസ്‌ കൊടുത്തു പഠിക്കുന്നവര്‍ പഠന ശേഷം ആശയറ്റു നരകിക്കുന്ന സ്ഥിതി ആണ് ഇവിടെയുള്ളത്. പരാധീനതകള്‍ക്കും പീഡനങ്ങള്‍ക്കും നടുവിലാണ് ഇവിടെ പഠിക്കുന്നവര്‍ അധികവും.സമുദ്ര ഗവേഷണമടക്കം കരയിലും കടലിലുമായി നടക്കുന്ന കുഞ്ഞാലി മരക്കാര്‍ സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങിലെ പഠനം പലപ്പോഴും അടിമ തുല്യമായ അവസ്ഥയിലാണെന്ന് വിദ്യാര്ഥിപകള്‍ സാക്ഷ്യപ്പെടുത്തുന്നു. അടിമത്വത്തിനെതിരെ പോരാടിയ ഒരു പോരാളിയുടെ പേരിലുള്ള സ്ഥാപനത്തില്‍ അടിമ തുല്യമായി അനുസരിക്കെണ്ടിവരുന്ന ഗതികൊടോര്‍ത്തു പലരും നെടുവീര്‍പ്പിടുന്നു.

"ചോദ്യം ചെയ്യാന്‍ ഭയക്കാതിരിക്കുവിന്‍" എന്ന് മഹാനായ വിപ്ലവ കവിയും നാടക കാരനുമായ ബര്ത്തോള്‍ട് ബ്രെഹറ്റ് ഉല്‍ബോധിപ്പിച്ചതടക്കമുള്ള നിരവധി കാവ്യ ശകലങ്ങള്‍ സര്‍വകലാശാലയുടെ ചുവര്‍ ഭിത്തികളില്‍ തട്ടി പ്രതിധ്വക്കുന്നുണ്ടെങ്കിലും സമുദ്രഗവേഷണ സാങ്കേതികത്വത്തിന്റെ് പഠന സങ്കേതങ്ങളില്‍ ഇതിനൊന്നും സ്ഥാനമില്ല. ഇവിടെ അധികൃതര്‍ക്ക് നിരക്കാത്തത് എന്തെങ്കിലും പറഞ്ഞുപോയാല്‍ അച്ചടക്കത്തിന്റെകയും ശിക്ഷയുടെയും പാഠഭാഗങ്ങളാകും പിന്നീട് പഠിക്കേണ്ടി വരുക.

ഇവിടെ ആവശ്യത്തിനു അധ്യാപകരില്ല. നിരവധി തസ്തികകള്‍ ഒഴിഞ്ഞു കിടക്കുന്നു. ഭീമമായ ഫീസ്‌ നല്‍കി പഠിക്കുന്നവരെ പാഠഭാഗങ്ങള്‍ പഠിപ്പിക്കുവാന്‍ ആളില്ലാത്ത അവസ്ഥ. പഠനം പാല്‍പായസമല്ല അത് കല്‍തുറുങ്കിലെ ജീവിതത്തെക്കാള്‍ ഭീകരമെന്ന് ഓര്‍മിപ്പിക്കുന്ന സ്ഥിതിവിശേഷമാണ് കുഞ്ഞാലിമരക്കാര്‍ സ്കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിലനില്ക്കുന്നത്.

പഠന സൌകര്യങ്ങളില്ലാതെ പഠിപ്പിക്കുവാന്‍ അദ്ധ്യാപകരില്ലാതെ ഉന്നത ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കെട്ടുകാഴ്ചയാകുകയാണ്. ഭരണകേന്ദ്രങ്ങളിലെ കെടുകാര്യസ്ഥതയും രാഷ്ട്രീയക്കാരുടെ ചക്കളാത്തി പോരാട്ടവും എല്ലാം സര്‍വ കലകളുടെയും വിളനിലമാകേണ്ട സര്‍വകലാശാലയെ സര്‍വകലയുടെയും കൊലയറയാക്കി മാറ്റിയിരിക്കുന്നു. ഇവിടെയാണ്‌ വിദ്യാര്‍ഥി പോരാട്ടങ്ങള്‍ പ്രസക്തമാകുന്നത്.

ഉന്നത പഠനം ദരിദ്രര്‍ക്ക് അന്ന്യം

ദരിദ്രരെ വിജ്ഞാന മേഖലകളില്‍ നിന്നും അകറ്റി നിര്‍ത്തുക എന്നത് പരമ്പരാഗതമായിത്തന്നെ ധനിക വര്‍ഗ്ഗം ബോധപൂര്‍വം നടപ്പിലാക്കി വരുന്ന ഗൂഡ തന്ത്രങ്ങളുടെ ഭാഗമാണ്.അസ്ത്ര വിദ്യ പഠിച്ചവന്റെ പെരുവിരല്‍ അറുത്തതും അക്ഷരം പഠിച്ചവരുടെ നാവു പിഴുതതും വേദം കേട്ടവരുടെ ചെവിയില്‍ ഈയം ഉരുക്കി ഒഴിച്ചതും എല്ലാം പൌരാണിക കാലം തൊട്ടേ ദരിദ്രര്‍ അറിവ് നേടരുതെന്ന സൈദ്ധാന്തിക ദര്‍ശനത്തിന്റെ ഭാഗമായി നിലനിന്നിരുന്നു.

കേരളത്തില്‍ ജനകീയ ഭരണ വ്യവസ്ഥയുടെയും നവോഥാന പുരോഗമന ഇടപെടലുകളുടെയും ഭാഗമായി വിദ്യാഭ്യാസ രംഗത്ത് ദരിദ്രര്‍ക്കും സാധാരണക്കാര്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കുകയും പ്രാഥമികവും ഉന്നതവുമായ വിദ്യാഭ്യാസത്തിനു സാര്‍വത്രികമായ പരിഗണന കൈവരുകയും ചെയ്തു. സമ്പന്ന ദരിദ്ര ഭേദമന്ന്യേ വിദ്യാഭ്യാസ രംഗം ഏവര്‍ക്കും തുറന്നു കിട്ടിയ ഇന്ത്യയിലെ അപൂര്‍വ്വം സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇന്ത്യാ രാജ്യത്തെ ബഹുഭൂരിപക്ഷം മേഖലയിലും നിരക്ഷരത നിലനില്ക്കുമ്പോഴും കേരളം സാക്ഷരതയില്‍ ഒന്നാമതെത്തിയത് പുരോഗമന പ്രസ്ഥാനങ്ങളുടെ കാര്യക്ഷമമായ സാന്നിധ്യം കൊണ്ടുമാത്രമാണ്.

അന്‍പതുകളുടെ അവസാനം അധികാരത്തില്‍ വന്ന കമ്മ്യുണിസ്റ്റ് മന്ത്രിസഭയുടെ കാലം മുതല്‍ കേരളം വിദ്യാഭ്യാസ രംഗത്ത് അസാധാരണമായ സാമൂഹ്യ നീതിക്ക് സാഹശ്ചര്യമൊരുക്കിയിരുന്നു. വിദ്യാഭ്യാസ രംഗത്തെ നിര്‍ണ്ണായകമായ വികസന വഴിത്തിരിവുകള്‍ എല്ലാം അമ്പത്തേഴിലെ മന്ത്രിസഭയുടെ തീരുമാനങ്ങളെ ആശ്രയിച്ചാണ് ഉണ്ടായത്.

എന്നാല്‍ എണ്പതുകളുടെ പകുതിമുതല്‍ വിദ്യാഭ്യാസ രംഗത്ത്‌ കച്ചവടാത്മകമായ സമീപനങ്ങള്‍ കണ്ടുതുടങ്ങി. ഇപ്പോള്‍ വിദ്യാഭ്യാസം പൂര്‍ണമായും കച്ചവടവല്ക്കയരിക്കുവാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്. ഇതിന്റെ ഭാഗമായി വേണം കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ഇപ്പോള്‍ നടക്കുന്ന സംഭവങ്ങളെയും കാണുവാന്‍. പണമുള്ളവര്‍ മാത്രം പഠിച്ചാല്‍ മതിയെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് ഇവിടെ വന്‍തോതില്‍ ഫീസ്‌ വര്‍ദ്ധന അടിചെല്‍പ്പിക്കുന്നത്. ഓരോ അക്കാദമിക് വര്‍ഷത്തിലും അഞ്ച് ശതമാനം വീതം ഫീസ്‌ വര്‍ദ്ധിപ്പിക്കുന്നതിനാണ് സര്‍വകലാശാല അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. അയ്യായിരവും പതിനായിരവും എന്ന ക്രമത്തില്‍ നിന്ന് വര്‍ദ്ധനവിന്റെ തോത് കാല്‍ ലക്ഷവും അരലക്ഷവും ആയി വളരുവാന്‍ അധിക വര്‍ഷം വേണ്ടി വരില്ല. ഇപ്പോള്‍ തന്നെ ഫീസ്‌ നിരക്ക് താങ്ങാനാവാതെ സാധാരണക്കാരായ നിരവധി വിദ്യാര്ഥിദകള്‍ പഠന രംഗത്ത് നിന്നും പിന്മാറികൊണ്ടിരിക്കുന്നു.

യാതൊരു തത്വദീക്ഷയും ഇല്ലാതെ ഫീസ്‌ വര്‍ദ്ധിപ്പിക്കുന്നതിന്റെ ലക്‌ഷ്യം സാധാരണക്കാരെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നിന്നും അകറ്റുക എന്നത് തന്നെയാണ്. വന്‍തുക ഫീസ്‌ നല്കിി പഠിക്കുവാന്‍ കഴിയാതെ വരുന്ന സാധാരണക്കാര്‍ ഉന്നത വിദ്യാഭ്യാസ മേഖല വിട്ടുപോകുന്നതോടെ ഈ ഒഴിവുകളിലേക്ക് സമ്പന്നരെ ഉള്‍പെടുത്തുക എന്നതാകും സര്‍വകലാശാല ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസം കച്ചവട വല്‍ക്കരിക്കുകയും അതുവഴി ലാഭാധിഷ്ട്ടിത വ്യവസായമായി വിദ്യാഭ്യാസത്തെ പരിവര്‍ത്തനം ചെയ്യിക്കുക എന്നതും സര്‍വകലാശാലയെ നിയന്ത്രിക്കുന്നവര്‍ ആഗ്രഹിക്കുന്നുണ്ടാകും.

സ്വാശ്രയ കച്ചവട സ്ഥാപനങ്ങള്‍ക്ക് അനുകൂലമായ നിലപാട് സൃഷ്ട്ടിക്കുകയും ആധുനിക വിദ്യാഭ്യാസം കച്ചവടമാക്കുകയും ലാഭം കൊയ്യുകയും ചെയ്യുകയെന്ന വ്യാവാസായിക മനസ്സാണ് കുസാറ്റ് അധികാരികള്‍ സ്വീകരിക്കുന്നത്.

പരാധീനതകളുടെ സര്‍വകലാശാല

കേരളത്തിന്റെ സാങ്കേതിക സര്‍വകലശാല പരാധീനതകളുടെ നടുവിലാണ്. സാധാരണക്കാരന് കുറഞ്ഞ ചിലവില്‍ സാങ്കേതിക ശാസ്ത്ര ഗവേഷണ മേഖലയില്‍ വൈദഗ്ദ്യം നേടുന്നതിനുള്ള പരിജ്ഞാനം പകര്‍ന്നു നല്‍കേണ്ട കുസാറ്റ് അഥവാ കൊച്ചിന്‍ യൂണിവേഴ്സിറ്റി ദരിദ്രര്‍ക്ക് വിദ്യാഭ്യാസം വേണ്ടെന്ന കടുത്ത നിലപാടിലേക്ക് നീങ്ങുന്നു. വന്‍തോതില്‍ ഫീസ്‌ വര്‍ദ്ധിപ്പിച്ചും കരിനിയമങ്ങള്‍ നടപ്പിലാക്കിയും വിദ്യാര്‍ത്തികളെ ദ്രോഹിക്കുന്ന സര്‍വകലാശാലയുടെ ഏകാധിപത്യ നടപടികള്‍ക്കെതിരെ വിദ്യാര്‍ത്തികള്‍ എസ എഫ് ഐ നേതൃത്വത്തില്‍ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുകയാണ്. സാങ്കേതിക സര്‍വകലാശാല അതിന്‍റെ ലക്ഷ്യങ്ങളില്‍ നിന്നും അനുദിനം അകലുകയാണ്. വന്‍തോതില്‍ ഫീസ്‌ വര്‍ദ്ധിപ്പിച്ച സര്‍വകലാശാല അടിസ്ഥാന സൌകര്യങ്ങള്‍ എര്പെടുത്തുന്നതില്‍ വീഴ്ച്ചകാട്ടുന്നു. അധ്യാപകരില്ല ഹോസ്റ്റലില്ല ലാബില്ല അങ്ങനെ ദദുരിതപര്‍വ്വം താണ്ടിയൊരു സര്‍വകലാശാല. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ പരധീനതികളിലേക്ക് ഒരെത്തിനോട്ടം. നാളെ മുതല്‍ വായിക്കുക "പരാധീനതകളുടെ സര്‍വകലാശാല"

വസ്ത്രവ്യാപാര മേഖലയില്‍ കൊടിയ ചൂഷണം

കേരളത്തിലെ വസ്ത്രവ്യാപാര മേഖലയില്‍ പണിയെടുക്കുന്ന തൊഴിലാളികളെ കൊടിയ ചൂഷണത്തിനും പീഡനത്തിനും വിധേയമാക്കുന്നു. നക്കാപ്പിച്ച വേതനത്തിന് പണിയെടുക്കുന്ന തൊഴിലാളികളെ ഉടമകളും അവരുടെ കങ്കാണിമാരും ചേര്‍ന്ന് ഉപദ്രവിക്കുന്നത്  ആരും കണ്ടില്ലെന്നു നടിക്കുകയാണ്.

അയ്യായിരവും ആറായിരവും രൂപയ്ക്കു ജോലിചെയ്യുന്ന ഇവര്‍ ദിനം പ്രതി പന്ത്രണ്ടു മുതല്‍ പതിനാലും പതിനഞ്ചും മണിക്കൂര്‍ പണിയെടുക്കണം. ഇടവേളകളില്ലാതെയുള്ള ജോലി ചെയ്യല്‍.പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും സമയം തുച്ചം. നിശ്ചിത സമയത്തില്‍ കൂടുതല്‍ പ്രാഥമിക ആവശ്യങ്ങള്‍ക്കും ഭക്ഷണത്തിനും എടുതുപോയാല്‍ അതിനു പിഴയും ശകാരവും കേള്‍ക്കണം.രാവിലെ മുതല്‍ വൈകീട്ടുവരെ നില്‍പ്പോടു നില്‍പ്പ്.ഇരിക്കാന്‍ അനുവാദമില്ല.ഇരുന്നാല്‍ അതിനും ശിക്ഷയും ശകാരവും വേറെ.

ഇതിനെയെല്ലാം ചോദ്യം ചെയ്‌താല്‍ പിരിച്ചുവിടല്‍ ഉറപ്പ് .   യാതൊരു തൊഴില്‍ സുരക്ഷിതത്വവും ഇല്ലാതെ സംഘടനാ സ്വാതന്ത്ര്യമില്ലാതെ അടിമതുല്ല്യം പണിയെടുക്കുന്ന വലിയൊരു സമൂഹം കേരളത്തിലുണ്ടെന്ന് ആരും അറിയുന്നില്ല.

ഒറ്റ കടകള്‍ മാത്രമുള്ള സ്ഥാപനങ്ങള്‍ ചോദ്യം ചെയ്യുന്നവരെ പിരിച്ചുവിടുമെങ്കില്‍ കല്ല്യാന്‍ സാരീസ് പോലുള്ള ഒന്നിലധികം ശാഖകളുള്ള സ്ഥാപനങ്ങള്‍ ജീവനക്കാരെ സ്ഥലം മാറ്റിയും പക പോക്കുന്നു. തൃശൂരില്‍ ഈയിടെ ഇത്തരമൊരു സ്ഥലം മാറ്റം ഉണ്ടായി .സ്ത്രീ ജീവനക്കാര്‍ ആയതുകൊണ്ടും സംഘടന ഇല്ലാത്തതുകൊണ്ടും ഇവരുടെ നേരെ എന്തും ആകാം എന്ന  സ്ഥിതിയാണുള്ളത്.

തിരുവനന്തപുരത്ത് തമിഴ് നാട്ടില്‍ നിന്നുമാണ് ജോലിക്ക് ആളെ കൊണ്ടുവരുന്നത്. രാമചന്ദ്ര പോലുള്ള സ്ഥാപനങ്ങള്‍ കഞ്ഞിയാണ് ഉച്ചക്ക് നല്‍കുക. ഇവിടെ കൂലിയും കുറവാണ്. അതീവ ശോചനീയമായ അവസ്ഥയാണ് ഈ മേഖലയില്‍ നിലനില്‍ക്കുന്നത്.

അധികൃതര്‍ക്ക് പലരും പരാതികള്‍ നല്‍കിയെങ്കിലും യാതൊരു ഫലവും ഉണ്ടായിട്ടില്ല. കോഴിക്കോട് അന്വേഷിയുടെയും മറ്റും നേതൃത്വത്തില്‍ ജീവനക്കാര്‍ക്ക് ഇരിക്കുവാനുള്ള അവകാശത്തിനുവേണ്ടി സമരം നടത്തുക പോലും  ഉണ്ടായി.

കേരളം തൊഴില്‍ സുരക്ഷിതത്വത്തിനും ജനാധിപത്യ അവകാശങ്ങള്‍ക്കും പേരുകേട്ട ഇടമാണ് എങ്കിലും വന്‍കിട  വസ്ത്രവ്യാപാര സ്വര്‍ണ വിപണന മേഖലകളില്‍ ഇന്നും കൊടിയ ചൂഷണം നിലനില്‍ക്കുകയാണ്.

കൊച്ചി വിട്ടോടിയവര്‍

കൊച്ചി വികസനത്തിന്‍റെ ആകാശ വിതാനങ്ങള്‍ കീഴടക്കുമ്പോള്‍ കൊച്ചിയിലെ ആദിമ മനുഷ്യര്‍ കൊച്ചി വിട്ടോടുകയാണ്.ആദിമ മനുഷ്യരെന്നാല്‍ കഴിഞ്ഞ മുപ്പതു നാല്പതു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ കൊച്ചിയില്‍ കണ്ടിരുന്ന ഒട്ടനവധിപേര്‍ വികസനത്തിന്‍റെ പ്രളയത്തില്‍ നാടും വീടും വിട്ടു അന്ന്യ ദേശങ്ങളിലേക്ക് പലായനം ചെയ്തിട്ടുണ്ട്.കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടക്കം ഇന്ന് കെട്ടിപ്പൊക്കുന്ന വ്യാവസായിക പാര്‍പ്പിട സമുച്ചയങ്ങളുടെയെല്ലാം അസ്ഥിവാരം തുരന്നാല്‍ പഴയൊരു മാനവ ചരിത്രം നമുക്ക് ലഭ്യമാകും. ഇപ്പോള്‍ ആശുപത്രികള്‍ സ്കൂളുകള്‍ കോളേജുകള്‍ പാര്‍പ്പിടങ്ങള്‍ എന്നിവയെല്ലാം നില്‍ക്കുന്നിടത്ത് പഴയ മല്‍സ്സ്യ തൊഴിലാളി കോളനികളോ കൂലിവേലക്കാരുടെയും കര്‍ഷകതൊഴിലാളികളുടെയും  കുടിലുകളോ ആയിരുന്നു ഉണ്ടായിരുന്നത്. കൂടുതല്‍ പണം കിട്ടിയപ്പോള്‍ വീടും  സ്ഥലവും വിറ്റ് പോയവര്‍ തൊഴിലിടങ്ങള്‍ നഷ്ട്ടപ്പെട്ടപ്പോള്‍ പുതിയ തൊഴില്‍ മേഖല തേടി പോയവര്‍ .അങ്ങനെ കൊച്ചി വിട്ടവര്‍ നിരവധി. കഴിഞ്ഞ അമ്പതു അറുപതു വര്‍ഷങ്ങള്‍ക്കിടയില്‍ കുടിയേറിയവരാണ് ഇന്ന് കൊച്ചിയില്‍ കാണുന്ന ഭൂരിപക്ഷവും.വിദ്യാഭ്യാസത്തിനും തൊഴിലിനും വേണ്ടി വന്നവര്‍.പണവും പത്രാസും ആയപ്പോള്‍ ഗ്രാമം അപരിഷ്ക്രുതമായി തോന്നിയവര്‍ ലൈംഗീക വ്യാപാരത്തിനും മയക്കുമരുന്ന് കച്ചവടത്തിനും ഗുണ്ടായിസത്തിനും  നഗരമാണ് ഉചിതം എന്ന് മനസ്സിലാക്കിയവര്‍ .പുതിയൊരു താവളം തേടി കൂടുവിട്ടുകൂടുമാറിയവര്‍.അവരാണിന്നു കൊച്ചിയില്‍ അധികവും. ഇങ്ങനെ കൊച്ചി തേടി പരിഷ്ക്കാരികള്‍ വന്നതോടെ പഴയ ഗ്രാമീണര്‍ കൊച്ചിയോടു വിടപറഞ്ഞു.ഇന്ന് അവരില്‍ ചിലര്‍ കൊച്ചിയിലെത്തുമ്പോള്‍ അമ്പരച്ചുംബികളെ ചൂണ്ടി പറയും അവിടെയായിരുന്നു ഞങ്ങളുടെ തറവാടെന്ന്.അന്ന് ആയിരങ്ങള്‍ക്ക് വിറ്റ ഭൂമികള്‍ക്കിന്നു ലക്ഷങ്ങളല്ല കോടികള്‍ വിലമതിക്കും.പണ്ടത് വിറ്റവര്‍ ഇന്നതിന്‍റെ വില കേട്ടാല്‍ ഹൃദയം സ്തംഭിച്ചുപോകും.അതാണ്‌ കൊച്ചി. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചു കൊച്ചിയില്‍ പിടിച്ചു നിന്നവര്‍ പഴയ പ്രതാപികള്‍ മാത്രം. കയ്യില്‍ പണമുള്ളവര്‍.വലിയ ഉദ്യോഗമുള്ളവര്‍.പക്ഷെ അവര്‍പോലും ഇന്നത്തെ അവസ്ഥയില്‍ കൊച്ചി ഉപേക്ഷിച്ചാലോ എന്ന് ആലോചിക്കുന്നവരാണ്.കാരണം ആന്ന്യതാ ബോധവും അധമ സംസ്കാരവും അനുദിനം നഗരത്തെ മലീമസമാക്കുന്നു. കൊച്ചിയില്‍ നിന്നും പലായനം ചെയ്തവരുടെ കണക്കെടുത്താല്‍ ഞെട്ടി പോകും.അറുപതുകള്‍ മുതല്‍ ഓരോ പതിറ്റാണ്ടിലും ഏകദേശം ആയിരം കുടുംബങ്ങള്‍ വീതം കൊച്ചി വിട്ടിട്ടുണ്ട്. ആദിമ കൊച്ചിയിലെ ജന സഖ്യയില്‍  നാല്‍പ്പതിനും അറുപതിനും ഇടയിലുള്ള ശതമാനം കണക്കില്‍ ജനങ്ങള്‍ കൊച്ചി വിട്ടിട്ടുണ്ട്.അതായത് അന്‍പതിലേ ആദിമത്വം കണക്കാക്കിയാല്‍ കേവലം നാല്പതു ശതമാനം പേരെ പരമ്പരാഗത കൊച്ചിക്കാര്‍ ഇന്നുള്ളൂ.കൊച്ചി എന്ന് പറയുമ്പോള്‍ എറണാകുളം ആണ് പലായനത്തില്‍ പ്രധാനം.സമീപ സ്ഥലങ്ങളില്‍ നിന്നും ഒട്ടനവധിപേര്‍ കൂടുവിട്ട് കൂടുമാറിയിട്ടുണ്ട്. ഇപ്പോഴുള്ളവരില്‍ പലരും കൂടുമാറിയാലോ എന്ന് ആലോചിക്കുന്നവരാണ്.സ്വസ്ഥമായി യാത്ര ചെയ്യുവാനാകുന്നില്ല ശുദ്ധ വായുവോ ശുദ്ധ ജലമോ പോലും ആവശ്യത്തിനു ലഭിക്കുന്നില്ല.എങ്ങനെ കൊച്ചിയില്‍ ജീവിക്കും എന്നാണു സമാധാനവും സ്വസ്ഥതയും ആഗ്രഹിക്കുന്നവര്‍ ചോദിക്കുന്നത്.വികസനത്തിന്‍റെ പേരില്‍ കോടികള്‍ വാരിവിതറുംമ്പോഴും ഒരഗ്നി പര്‍വതത്തിനു മുകളില്‍ ഇരിക്കുന്ന പ്രതീതിയാണ് എറണാകുളം നിവാസികള്‍ക്ക് അനുഭവപ്പെടുന്നത്.എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാവുന്ന ഒരഗ്നി പര്‍വതമാണ് കൊച്ചി.അഗ്നിപര്‍വത വിശേഷങ്ങളിലേക്ക് നാളെ.........നാളെ -കൊച്ചി അഗ്നിപര്‍വതത്തിനു മുകളില്‍

കൊച്ചി കൊട്ടേഷന്‍ സംഘത്തിന്റെ പിടിയില്‍

കൊച്ചിയും പരിസരവും കൊട്ടേഷന്‍ സംഘങ്ങള്‍ക് പണ്ടേ പേര് കേട്ടതാണ്. എണ്‍പതുകളിലും തൊണ്ണൂറുകളിലും എല്ലാം പ്രമാദമായ നിരവധി കൊട്ടേഷന്‍ കൊലകള്‍ തന്നെ കൊച്ചിയില്‍ നടന്നിട്ടുണ്ട്. വ്യാജ മദ്യത്തിന്റെ്യും ചെറുകിട മുതലാളിമാരുടെയും സംരക്ഷകരായാണ് ഒന്നര രണ്ടു പതിറ്റാണ്ടിനു മുന്പ് കൊട്ടേഷന്‍ സംഘങ്ങള്‍ കൊച്ചിയില്‍ പ്രവര്‍ത്തിച്ചിരുന്നത്.എന്നാല്‍ ആധുനിക കൊച്ചിയില്‍ കൊട്ടേഷന്‍ സംഘങ്ങള്‍ക്ക് രൂപ പരിണാമം സംഭവിച്ചിട്ടുണ്ട്.

കൃത്യമായ അധോലോക സ്വഭാവമുള്ള സംഘങ്ങളാണ് ഇന്ന് പ്രവര്‍നത്തിലുള്ള കൊട്ടേഷന്‍ സംഘങ്ങള്‍.ഏതെങ്കിലും മുതലാളിക്ക് വേണ്ടിയോ ഒരു പ്രത്യേക സംവിധാനത്തിന് വേണ്ടിയോ അല്ല ഇവര്‍ പ്രവര്‍ക്കുന്നത്.ഇവര്‍ സര്‍വ വ്യാപിയാണ്.എവിടെയും ആര്‍ക്കും ഇവരുടെ സേവനം ലഭ്യമാണ്.ആരോടും ഇവര്‍ക്ക്ബാ ധ്യതയില്ല .എന്ത് ചെയ്യുവാനും മടിയുമില്ല.

പണ്ട് പോലീസ് കേസ്സുകള്‍ ഉണ്ടായാല്‍ ഇവര്‍ രാഷ്ട്രീയ സംരക്ഷണം തേടുമായിരുന്നു.ഇന്നതിന്‍റെ ആവശ്യമില്ല. സ്വന്തമായി ഏത് അധികാര സ്ഥാപനത്തെ സ്വാധീനിക്കുവാനും ഇവര്‍ക്ക് കരുത്തുണ്ട്.അതുകൊണ്ടുതന്നെ കൊട്ടേഷന്കാരര്‍ അവരുടെ സ്വന്തം സാമ്രാജ്യം സൃഷ്ട്ടിചിരിക്കുന്നു.

മണല്‍ മാഫിയയുടെ വരവോടെയാണ് കൊട്ടേഷന്കാ‍ര്‍ സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.കൊട്ടേഷന്‍ ടീമുകള്‍ തന്നെ മണല്‍വാരി കടത്തി തുടങ്ങിയതോടെ അധികാര കേന്ദ്രങ്ങള്‍ അവരുടെ വരുതിയിലായി.ഇപ്പോള്‍ നടക്കുന്ന മയക്കുമരുന്ന് സെക്സ് റാക്കറ്റ്കളില്‍ മിക്കതും കൊട്ടേഷന്‍ ടീമുകളുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്.

ചില വര്ഗീതയ തീവ്രവാദി സംഘങ്ങള്ക്കാണ് ഇപ്പോള്‍ കൊട്ടേഷന്‍ ടീം ഉള്ളത്.ഇവര്‍ ആയുധ പരിശീലനം നല്‍കിയ ചിലര്‍ കൊട്ടേഷന്‍ ടീമുകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ചില കൊട്ടേഷന്‍ ടീം അംഗങ്ങള്‍ ഈയിടെ മത പരിവര്‍ത്തനം നടത്തുകയുണ്ടായി.ഇവരുമായി ബന്ധപ്പെട്ട ചിലര്‍ അന്താരാഷ്‌ട്ര ഭീകര സംഘടനകളില്‍ ചെര്‍ന്നതായും പറയപ്പെടുന്നുണ്ട്.

ഭീകരവാദ തീവ്രവാദ സംഘടനകള്ക്ക് കൊട്ടേഷന്‍ ടീമുകളുമായി ബന്ധമുണ്ടെന്നു പരക്കെ സംസാരമുണ്ട്.ഇക്കാര്യം പോലീസിലെ രഹസ്സ്യാന്വേഷണ വിഭാഗങ്ങള്ക്ക് അറിവ് ലഭിച്ചിട്ടുള്ളതാണ്.തീവ്രവാദികള്ക്ക് ഹവാല പണം കൈമാറുന്നതില്‍ കൊട്ടേഷന്‍ സംഘങ്ങളെ ഉപയോഗപ്പെടുത്തുന്നു.മയക്കുമരുന്നിന്റെ്യും ആയുധ കടത്തിന്റെുയും എസ്കോര്ട്ടാ യി കൊട്ടേഷന്‍ സംഘങ്ങള്‍ മാറിയിട്ടുണ്ട്.

കൊട്ടേഷന്‍ സംഘങ്ങളും തീവ്രവാദികളും തമ്മിലുള്ള ശക്തമായ ബന്ധത്തില്‍ നിന്നുമാണ് തീവ്രവാദികള്‍ ഇവരെ റിക്രൂട്ടിംഗ് ഏജന്സിതയായി കണക്കാക്കുവാന്‍ കാരണമായത്‌.കൊട്ടേഷന്‍ സംഘങ്ങളിലേക്ക് ആകര്ഷികക്കപ്പെട്ട ചിലരെ തീവ്രവാദികള്ക്ക്ബ കൈമാറുകയും അതുവഴി പണം നേടുകയും ചെയ്യുക എന്ന ദ്വിമുഖ തന്ത്രം കൊട്ടേഷന്‍ ടീമുകള്‍ സ്വീകരിച്ചിട്ടുണ്ട്.

അങ്ങനെ ആധുനിക കൊച്ചിയുടെ രാക്ഷസീയ രൂപങ്ങളായി കൊട്ടേഷന്‍ ടീമുകള്‍ മാറിയിരിക്കുന്നു.നിസ്സാര കാര്യങ്ങള്ക്ക് വേണ്ടി പോലും പണം കൊടുത്തു ശത്രുവിനെ കൈകാര്യം ചെയ്യുന്ന രീതി കൊട്ടേഷന്‍ സംഘങ്ങള്ക്ക് പ്രചോദനം ആയിട്ടുണ്ട്‌.

ഒരിക്കല്‍ പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്ക് മൂത്തപ്പോള്‍ ഐ എന്‍ ടി യു സി നേതാവിന്റെു കയ്യും കാലും വെട്ടുന്ന നിലവരെ ഉണ്ടായി.ഐ എന്‍ ടി യു സി നേതാവ് ശശീധരന്‍ ഇന്നും രോഗപീടകളില്‍ തന്നെയാണ്.മയക്കുമാരുന്നിനെ എതിര്ത്തു ഡി വൈ എഫ് ഐ നേതാവിനെ നൂറ്റി അന്പതിനാല് മുറിവ് എല്പ്പിച്ചാണ് കൊലപ്പെടുത്തിയത്.തൃപ്പൂണിത്തുറയിലെ വിദ്യാധരന്‍ കൊട്ടേഷന്‍ ടീമുകളുടെ ക്രൂരമായ ആക്രമണത്തിന്റെ് ഭീതിതമായ ഓര്‍മയാണ്.

ഒരു ഫോണ്‍ വിളി മതി ആരുടേയും തല അരിയാന്‍, കയ്യോ കാലോ വെട്ടാന്‍. പഴയ പതിനായിരത്തില്‍ നിന്ന് ചെലവ് ലക്ഷങ്ങളായി എന്ന് മാത്രം.കൊച്ചിയിലും പരിസരത്തും ഒറ്റയാള്‍ പോരാളികള്ക്ക് രക്ഷയില്ല.ഇപ്പോഴും ആക്രമിയുടെ കൊലക്കത്തി പുറകെയുണ്ട്‌.സംഘടിത പ്രസ്ഥാനങ്ങള്‍ പോലും കൊട്ടേഷന്കാര്‍ക്ക് മുന്നില്‍ പകച്ചു നില്ക്കു്മ്പോള്‍ സാധാരണക്കാരന്റെ് ജീവന് പുല്ലുവില പോലും ഇല്ല.

കൊച്ചിയിലേക്ക് അതിക്രമിച്ചു കടന്ന അന്ന്യവും അധമവുമായ അതിരുകളില്ലാത്ത ലക്കുകെട്ട വികസനത്തിന്റെ പരിണിത ഫലമാണിത്.വികസനം വിനാശത്തിനുകൂടി വഴിയോരുക്കുമെന്ന തത്വശാസ്ത്രം ഇവിടെ സ്മരിക്കപ്പെടെണ്ടാതാണ്.

നാളെ...കൊച്ചിക്കാരില്ലാത്ത കൊച്ചി.

വ്യഭിചാരത്തിന്‍റെ ആധുനിക തന്ത്രങ്ങള്‍

കുടില ഭരണതന്ത്രങ്ങളുടെ സര്‍വകലാശാലയായിരുന്ന കൌടില്യന്‍ ശത്രുവിനെ തകര്‍ക്കുവാന്‍ വിഷ കന്ന്യകകളെ വളര്‍ത്തിയിരുന്ന രാജാക്കന്മാരെപറ്റി പരമാര്‍ശിക്കുന്നുണ്ട്. ഒരു ഗ്ലാസ് പാലില്‍ അര മാത്ര വിഷം ചേര്‍ത്താല്‍ ആ പാല്‍ കുടിക്കുന്ന ആള്‍ക്ക് ഒന്നും സംഭവിക്കില്ല.ഓരോ ദിവസവും വിഷത്തിന്റെ് അളവ് അര മാത്രവീതം കൂട്ടിക്കൂട്ടി നല്‍കി കൃത്യമായി വിഷം കഴിച്ചു പരിചയിക്കുന്ന ഒരാള്‍ ഒരു ഗ്ലാസ് വിഷം കഴിച്ചാലും മരിക്കില്ലത്രേ.എന്നാല്‍ ഇങ്ങനെ വിഷം കഴിച്ചു പരിചയിക്കുന്ന ആള്‍ മറ്റൊരാളെ അയാളുടെ നഖം കൊണ്ട് പോറിയാല്‍ പോറല്‍ ഏറ്റ ആള്‍ക്ക് മരണം സംഭവിക്കുകയും ചെയ്യും.ഇത്തരം പരിശീലനം സിദ്ധിച്ച വിഷ കന്ന്യകമാരെ ചാണക്ക്യന്റെ കാലത്ത് ശത്രുക്കളെ വകവരുത്തുവാന്‍ ഉപയോഗിച്ചിരുന്നു.കന്ന്യകമാര്‍ മോഹിപ്പിച്ചു വലയിലാക്കി ശത്രുവിനെ കൊലപ്പെടുത്തി രാജ്യത്തെ രക്ഷിച്ചിരുന്നുവത്രേ.

ആധുനിക കൊച്ചിയില്‍ ഒളിക്യാമറയുമായി ഇരകളെ തേടി ഇറങ്ങുകയും അവരുമായുള്ള കിടക്കറ രംഗങ്ങള്‍ ചിത്രീകരിച്ചു ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുകയും ചെയ്യുന്ന രീതി രുകസാനയും വിന്ധ്യാസുമെല്ലാം കേരളത്തിനു കാട്ടി തന്നു. രാഷ്ട്രീയമായും സാമ്പത്തികമായും ശത്രുക്കളെ വകവരുത്തുവാന്‍ വ്യഭിചാരത്തിന്റെ അത്യന്താധുനിക തന്ത്രങ്ങള്‍ പയറ്റിത്തെളിഞ്ഞ വ്യവസായ സംരംഭങ്ങള്‍ തന്നെ വാര്‍ത്തകളില്‍ നിറയുന്നു.

രതിയുടെ ലയവിന്ന്യാസങ്ങളില്‍ കുടുങ്ങിപ്പോയ രാഷ്ട്രീയക്കാരും സിനിമാക്കാരും വ്യവസായികളുമെല്ലാം സ്വയരക്ഷക്കായി കൈകാലിട്ടടിക്കുന്ന രംഗങ്ങള്‍ കൊച്ചിയിലും പരിസരത്തും നിന്ന് എത്രയെങ്കിലും ലഭ്യമാണ്.എം എല്‍ എ ഹോസ്റ്റല്‍ പോലും താവളമാക്കിയ രതി സാമ്രാജ്യത്തിലെ നായകന്മാര്‍ക്ക് കൊച്ചിയില്‍ ആവോളം സൗകര്യം പ്രകൃതി തന്നെ നല്‍കിയിരിക്കുന്നു.

ടൂറിസത്തിന്റെ അനന്തസാധ്യതകളില്‍ ലൈംഗീക വ്യാപാരം മുഖ്യ പങ്കാണ് വഹിക്കുന്നത്. കൊച്ചിയുടെ പരിസരങ്ങള്‍ ഇതിനു അപാര സാധ്യതകളും നല്‍കുന്നു. മറൈന്‍ ഡ്രൈവും എറണാകുളം നഗരവും ഐലണ്ടും ഫോര്‍ട്ട്‌ കൊച്ചിയും ചെല്ലാനവും കുമ്പളങ്ങിയും ചെറായിയും പറവൂരും ആലുവായും എഴാറ്റ്മുഖവും കോടനാടും പാണിയേല്‍ പോരും എല്ലാം പ്രകൃതി മനോഹാരിതയുടെയും ചരിത്ര വിസ്മയങ്ങളുടെയും ഉറവിടങ്ങളാണ്. ഇവിടേക്കുള്ള യാത്രയില്‍ വിനോദസഞ്ചാരിക്ക് കൂട്ടായി സുന്ദരിമാരെ നല്കുകന്ന സംവിധാനങ്ങളുണ്ട്. ചരിത്രവും ഭൂമിശാസ്ത്രവും എല്ലാം ഹൃദിസ്ഥമാക്കിയ സുന്ദരിമാരുടെ കൂട്ടിനു "ലേഡി എസ്കോര്‍ട്ട് "എന്ന് വിളിപ്പേര്. ഈ എസ്കോര്‍ട്ടില്‍ എന്തുമാകാം. പണം വേണമെന്നുമാത്രം. ദിവസത്തിന്റെയും സമയത്തിന്റെമയും ദൈര്‍ഖ്യത്തില്‍ ലക്ഷങ്ങളുടെ എണ്ണം കൂടുമെന്ന് മാത്രം .സുന്ദരിമാരുടെ ചിത്രങ്ങളോടൊപ്പം വെബ്സൈറ്റില്‍ ഇതിനായുള്ള പരസ്യങ്ങളുണ്ട്‌.

മൊബൈല്‍ ബുക്കിംഗ് സംവിധാനത്തില്‍ എവിടെയും സ്ത്രീകളെ എത്തിക്കുന്ന സഘങ്ങളുണ്ട്. ഹോട്ടലില്‍ റിസോര്‍ട്ടില്‍ ഹോം സ്റ്റേയില്‍ വീടുകളില്‍ എവിടെ വേണമെങ്കിലും സ്ത്രീകളെ എപ്പോള്‍ വിളിച്ചാലും എത്തിക്കും. സ്റ്റാന്‍ഡേര്‍ഡ് സര്‍വിസ് , പ്രിമീയം സര്‍വിസ് എന്നെല്ലാമുള്ള വ്യത്യസ്ത പേരുകളില്‍ സുന്ദരിമാരുടെ വിദ്യാഭ്യാസ അഭിനയ പ്രായ യോഗ്യതകള്‍ അനുസരിച്ചാണ് പ്രീമിയം അല്ലെങ്കില്‍ സ്റ്റാന്‍ഡേര്‍ഡ് നിശ്ചയിക്കപ്പെടുന്നത്.

ആകാശത്തിന്റെ ശാന്തമായ നീലിമയും അലകടലിന്റെ് വന്ന്യമായ നീലിമയും കൊച്ചിയില്‍ ഒരുപാടിടങ്ങളില്‍ സംഗമിക്കുന്ന പ്രകൃതി സൌന്ദര്യത്തിന്റെ് മനോഹാരിതയില്‍ മയങ്ങിപോകുന്നവര്‍ നിരവധി. സൌന്ദര്യത്തിന്റെ‍ നീലയാമങ്ങളെ രതിയുടെ നീലിമയിലേക്ക്‌ സന്നിവേശിപ്പിച്ചു കോടികള്‍ കൊയ്യുന്ന ആധുനിക വ്യഭിചാരശാലകള്‍ക്ക് കാവല്‍കാരായി കൊട്ടേഷന്‍ ഗുണ്ടാ സംഘങ്ങളും കൊച്ചിയില്‍ സജീവമാണ്.

നാളെ ...കൊച്ചിയിലെ ക്വട്ടേഷന്‍ സംഘങ്ങള്‍.

ദുരാചാരം സദാചാരമാകും കാലം മാറുമ്പോള്‍ അത് “ചാര”മാകും.

പല പേരുകളില്‍, പല രൂപത്തിലും ഭാവത്തിലും നടന്നിട്ടുള്ള നിരവധി സമരങ്ങള്‍ കണ്ടവരും കാണുന്നവരുമാണ് മലയാളികള്‍. എന്നാല്‍ ചുംബനത്തെ ഒരു സമര ആയുധമാക്കി സ്വീകരിച്ച് സാമൂഹ്യ രംഗത്ത് ഇത്രയും ചൂട് പകര്‍ന്നു മറ്റൊരുസമരം ഇതിനുമുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ല. ഈ സമര രീതിക്ക് ഇത്രയും വാര്‍ത്താ പ്രാധാന്യം ലഭിച്ചത് ഇതിനെ എതിര്‍ക്കാന്‍ വന്നവരുടെ പ്രത്യേകത കൂടി കണക്കിലെടുത്താണ്."സദാചാര പോലീസ്" എന്ന ഓമനപേരില്‍ അറിയപ്പെടുന്ന ഇക്കൂട്ടര്‍ പുതിയതായി രൂപംകൊണ്ട ഒരു വിഭാഗമായി ആരും കാണേണ്ട. മനുഷ്യന്‍ സംഘടിതമായി ജീവിക്കാന്‍ ആരംഭിക്കുകയും അവരെ ഭരിക്കാന്‍ സമ്പത്തും അധികാരവും കയ്യാളിയിരുന്ന ഭരണകൂടം രൂപം കൊള്ളുകയും ചെയ്ത കാലം മുതലേ അധികാരത്തോട് വശം ചേര്ന്ന് ‍ ഈ സദാചാര പോലീസ് ഉണ്ടായിരുന്നു. ആദ്യ കാലഘട്ടങ്ങളില്‍ അവര്‍ അധികാരി വര്‍ഗ്ഗത്തിന്‍റെ ഔദ്യോഗിക സേന തന്നെ ആയിരുന്നു. ജനാധിപത്യ വ്യവസ്ഥയില്‍ അവര്‍ പിന്നാമ്പുറത്തേക്ക് ഉള്‍വലിഞ്ഞു എന്ന് മാത്രം. എങ്കിലും അധികാരം കയ്യാളുന്നവരുടെ നയസമീപനങ്ങള്ക്ക് അനുസൃതമായി ഔദ്യോഗിക സേനയും സദാചാര പോലീസും കൈ കോര്‍ക്കാറുണ്ട് . അതാണ്‌ എറണാകുളത്തും കോഴിക്കോട്ടും ചുംബന പ്രതിക്ഷേധസമരം നടത്തിയവരെ ആക്രമിക്കാന്‍ ഇവര്‍ രണ്ടു കൂട്ടരെയും ഒന്നിച്ചു കണ്ടത്.

ചില ആചാരങ്ങള്‍ "സദ്‌" ആണെന്ന് സമൂഹത്തോട് പറയുന്നവര്‍ സമൂഹം മാറാന്‍ ആഗ്രഹിക്കാത്ത ന്യൂനപക്ഷമാണ്. ചില സ്ത്രീകള്‍ "അന്തര്‍ജ്ജനം"ആയിരിക്കണം,ചിലര്‍ മാറുമറക്കാന്‍ പാടില്ല, ചിലര്‍ കല്ലുമാല ധരിക്കണം,എല്ലാ സഹോദരന്മാര്‍ക്കും ഒരു സ്ത്രീ തന്നെ ഭാര്യ ആകണം, ഭര്‍ത്താവ് മരിച്ചാല്‍ ഭാര്യ ചിതയില്‍ ചാടി "സതി"അനുഷ്ടിക്കണം, വിധവാവിവാഹം നിഷിദ്ധം,ഔദ്യോഗിക വേശ്യയായി ദേവദാസിസ്ത്രീ! ഇതിനെല്ലാം കൂട്ടുചേരുവയായി ഒരു പ്രഖ്യാപനവും "ന:സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി" എന്നൊരു പ്രഖ്യാപനവും!

ഒളിച്ചുനിന്ന്‍ അസ്ത്രവിദ്യ അഭ്യസിച്ച ഏകലവ്യന്റെ പെരുവിരല്‍ ദക്ഷിണയായി ചോദിച്ച ദ്രോണാചാര്യരോട് മറിച്ചൊരു വാക്ക് പറയാതെ തന്റെ പെരുവിരല്‍ മുറിച്ചു നല്‍കിയത് അവര്‍ണ്ണന്‍ വിദ്യ അഭ്യസിക്കാന്‍ പാടില്ലെന്ന അന്നത്തെ സദാചാരബോധം ഏകലവ്യനില്‍ അടിച്ചേല്‍പ്പിക്കാന്‍ നാടുവാഴി ഭരണകൂടത്തിന് സാധിച്ചിരുന്നു എന്നതിന് തെളിവാണ്. ഇതെല്ലാം ഒരിക്കല്‍ പരക്കെ അംഗീകരിക്കപ്പെട്ട സദാചാരങ്ങളായിരുന്നു.ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ചിലയിടങ്ങളില്‍ ഇതെല്ലാം പലരൂപത്തില്‍ ഏറിയും കുറഞ്ഞും തുടരുന്നുണ്ടാകാം. പക്ഷെ കേരളത്തില്‍ ഈ ആചാരങ്ങളൊന്നും ഇപ്പോള്‍ പ്രചാരത്തിലില്ല.

ചങ്ങമ്പുഴ "വാഴക്കുല" എന്ന കാവ്യം എഴുതുന്ന കാലഘട്ടത്തില്‍ നിലനിന്നിരുന്ന ജന്മി-കുടിയാന്‍ വ്യവസ്ഥയില്‍ കുടിയാന്റെ അധ്വാനഫലം ജന്മിക്കുള്ളതാണെന്ന സദാചാരബോധം മേല്‍കൈ നേടിയിരുന്നു. അതുകൊണ്ടാണ് വാഴക്കുലയും കൊണ്ട് ജന്മി പോയപ്പോള്‍ കുടിയാന്‍ കുടുംബാംഗങ്ങളെ സമാധാന വാക്കുകളിലൂടെ സാന്ത്വനപ്പെടുത്തിയത്.

പൊതുവഴിയിലൂടെ വഴിനടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി നടന്ന വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുത്ത സമരഭാടന്മാരുടെ കണ്ണില്‍ ചുണ്ണാമ്പ് എഴുതിയതും ഗുരുവായൂര്‍ സത്യാഗ്രഹ സമരത്തില്‍ പങ്കെടുത്ത പീ. കൃഷ്ണപിള്ളയും ഏ.കെ.ജി യും ഉള്‍പടെയുള്ള സമര നേതാക്കളെ ക്രൂരമായി ആക്രമിച്ചതും അന്നത്തെ സദാചാരമെന്ന ദുരാചാരത്തിന്റെ കാവല്‍ക്കാരായ സദാചാര പോലീസായിരുന്നു.

പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നേടുവാന്‍ അവകാശമില്ല എന്ന സദാചാരത്തിനെതിരെയുള്ള പോരാട്ടത്തില്‍ താലിബാനെ വെല്ലുവിളിച്ച, ലോകത്തിലെ എല്ലാ സ്ത്രീകള്‍ക്കും മാതൃകാ ദീപമായ മലാലയുടെ ശരീരത്തിലേക്ക് വെടി ഉതിര്‍ത്തത് മതമൌലികവാദ ശക്തികള്‍ തീറ്റ കൊടുത്തു വളര്‍ത്തുന്ന സദാചാര പോലീസ് തന്നെയാണ്. കുട്ടിക്കളി മാറാത്ത പ്രായത്തിലുള്ള മുസ്ലീം പെണ്‍കുട്ടികളെ വിവാഹം കഴിക്കുന്നതിനെതിരെ സാമൂഹ്യ മനസാക്ഷി ഉയര്‍ന്നു വന്നപ്പോള്‍ അതിനെതിരെ കുരച്ചുചാടിയതും അറബിക്കല്യാണമെന്ന ക്രൂരതക്ക് കളമൊരുക്കുന്നതും ഈ സദാചാരവാദികള്‍ തന്നെയാണ്.

ഏതോ ഒരു ഹോട്ടലിന്റെ പിന്നാമ്പുറത്ത് ഏതോ ഒരു രഹസ്യ മൂലയില്‍ നടന്നു എന്ന് പറയപ്പെടുന്ന ചുംബനത്തെ രഹസ്യമായി ക്യാമറയില്‍ പകര്‍ത്തി ചാനലിലൂടെ പരസ്യപ്പെടുത്തി നാടിനെ അറിയിച്ചില്ലാതിരുന്നെങ്കില്‍ മറയ്ക്കു പുറകില്‍ നടന്ന ചുംബനം തെരുവില്‍ എത്തുമായിരുന്നില്ല.വാര്‍ത്താ മാധ്യമങ്ങളെ വിളിച്ചുവരുത്തി ഹോട്ടലിനുനേരെ സദാചാര ആക്രമണം നടത്തിയില്ലാതിരുന്നെങ്കില്‍ ചുംബനം ഒരു പ്രതിക്ഷേധ സമരമാര്‍ഗ്ഗം ആകില്ലായിരുന്നു. സദാചാര പോലീസിന്റെ ഈ നടപടിക്കെതിരെയുള്ള പ്രതിഷേധ കൂട്ടായ്മയാണ് നവമാധ്യമത്തില്‍ നാം കണ്ടത്. "മനസ്സില്‍ തോന്നുന്നതെന്തും പരസ്യപ്പെടുത്തുന്ന അച്ചടക്കമില്ലാത്ത പുതുതലമുറയുടെ ക്ഷണികവികാരത്തിന്റെ കൂട്ടായ്മയാണ് നവമാധ്യമം" എന്ന വന്‍കിട പത്രമാധ്യമങ്ങള്‍ ഉള്‍പടെയുള്ളവരുടെ വിമര്‍ശനം കേള്‍ക്കാറുണ്ട് എങ്കിലും നവമാധ്യമ കൂട്ടായ്മയില്‍ നിന്ന് ഉയര്‍ന്നു വരുന്ന ആശയങ്ങളെയെല്ലാം അവഗണിക്കാനാവുന്നതല്ല.

ചുംബനം ഒരു സമരമല്ല. പ്രതിഷേധം ലവലേശമില്ലാത്ത വികാര പ്രകടനമാണ്. എന്നാല്‍ ഇവിടെ ചുംബനം ഒരു സമര രൂപമാകുമ്പോള്‍ വികാരം പ്രതിക്ഷേധമാകുന്നു. എന്നാല്‍ ഇതൊരു സന്ദേശം മാത്രമാണ്. സദാചാര പൊലീസിനെതിരെ പ്രതിക്ഷേധമുള്ള എല്ലാവരും തുറന്ന മനസ്സോടെ സ്വീകരിക്കുന്ന ഒരു സമര രീതിയായി ഇതിനെ കാണാനാകില്ല. ലക്ഷ്യബോധത്തോടെ ഒരു പരിപാടിയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമല്ല ഇത് എന്നതുകൊണ്ട് മുന്നോട്ടുള്ള വളര്‍ച്ചക്ക് തടസ്സമുണ്ടാകും.

മതമൌലികതയുടെ വേട്ടനായ്ക്കളായ സദാചാര പോലീസിനെ നേരിടാന്‍, പനിനീര്‍ പൂവിതള്‍ പോലെ മൃദുലമായ അഥരങ്ങള്‍ക്കാവില്ല. അതിനു ഉരുക്കിന്റെ ശക്തിയുള്ള സാമൂഹ്യ കൂട്ടായ്മതന്നെ വേണം. അങ്ങിനെയുള്ള ഒരു പ്രസ്ഥാനം വളര്‍ത്തി ക്കൊണ്ടുവരുവാന്‍ ചുംബനത്തെ സമര മാര്‍ഗമാക്കി സദാചാര പോലീസിനെ വെല്ലുവിളിച്ച നവമാധ്യമ കൂട്ടായ്മയിലെ സുഹൃത്തുക്കള്‍ കൂടി പൊതുധാരയില്‍ ഒത്തുചേരണം. അതിനുള്ള ഉള്‍കാഴ്ച അവര്‍ക്കുണ്ട് . ആ സംഘശക്തിയുടെ കുതിപ്പിന് കാലതാമസം ഉണ്ടാകില്ല എന്ന് പ്രത്യാശിക്കാം.