വക്കം അബ്ദുള്‍ഖാദറിന്റെ രക്തസാക്ഷിത്വം അന്വേഷിക്കണം-സി.പി.എം

Story Dated :December 23, 2014

തിരൂര്‍: വക്കം അബ്ദുള്‍ഖാദറിന് താനൂര്‍ ഓസ്സാന്‍കടപ്പുറത്ത് എം.ഇ.എസ്. സംസ്ഥാന കമ്മിറ്റി നിര്‍മിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനച്ചടങ്ങില്‍ മന്ത്രി ആര്യാടന്‍മുഹമ്മദ് നടത്തിയ പ്രസംഗം വിവാദമാകുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി സി.പി.എം. താനൂര്‍ ഏരിയാകമ്മിറ്റി നേതാക്കള്‍ രംഗത്തെത്തി.

വക്കം ബ്രിട്ടീഷുകാരുടെ പിടിയിലായതിനുപിന്നില്‍ മുന്‍മന്ത്രിയും മുസ്ലിംലീഗ് നേതാവുമായ കെ. കുട്ടി അഹമ്മദ്കുട്ടിയുടെ പിതാവ് പരേതനായ സെയ്താലിക്കുട്ടി മാസ്റ്റര്‍ക്ക് പങ്കുണ്ടെന്ന ആരോപണമാണ് വിവാദമായത്.

ഇതേക്കുറിച്ച് കൂടുതല്‍ വിശദീകരണം വേണമെന്ന് സി.പി.എം. താനൂര്‍ ഏരിയാസെക്രട്ടറി എടപ്പയില്‍ ജയന്‍, ലോക്കല്‍ സെക്രട്ടറി കെ. രാജന്‍ എന്നിവര്‍ തിരൂരില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കുട്ടി അഹമ്മദ്കുട്ടിയുടെ വീട്ടില്‍നിന്ന് പോലീസ് പിടിച്ചുകൊണ്ടുപോയവരെക്കുറിച്ച് അദ്ദേഹം വിശദീകരിക്കണമെന്നാണ് സി.പി.എമ്മിന്റെ ആവശ്യം. വര്‍ഷംതോറും താനൂരില്‍ സി.പി.എം. വക്കം അബ്ദുള്‍ഖാദറിന്റെ അനുസ്മരണം നടത്തിവരാറുണ്ട്. 'കുട്ടി അഹമ്മദ്കുട്ടിയുടെ കുടുംബത്തിനെതിരെയാണ് ആര്യാടന്‍ തുറന്നടിച്ചത്. ഇതിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണം' സി.പി.എം. നേതാക്കള്‍ പറഞ്ഞു. പഴയകാല സംഭവത്തിനുത്തരവാദിയായ കോണ്‍ഗ്രസ്സുകാരന്റെ പേര് ഉടന്‍ പുറത്തുവിടുമെന്നും സി.പി.എം. നേതാക്കള്‍ പറഞ്ഞു.

എന്റെ പിതാവ് ഒറ്റുകാരനല്ല -കുട്ടി അഹമ്മദ്കുട്ടി

തിരൂര്‍: 'എന്റെ പിതാവ് തനിക്ക് എട്ടുവയസ്സുള്ളപ്പോള്‍ മരിച്ചുപോയി. പിതാവിനെ വിവാദങ്ങളിലേക്ക് ചിലര്‍ വലിച്ചിഴയ്ക്കുന്നതില്‍ വിഷമമുണ്ട്. അദ്ദേഹം ഒറ്റുകാരനായിരുന്നില്ല'- മുന്‍ മന്ത്രി കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു. ആര്യാടന്റെ പ്രസംഗത്തെക്കുറിച്ച് മാതൃഭൂമിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യഥാര്‍ഥചരിത്രം ആര്യാടന്‍ മുഹമ്മദും വക്കം അബ്ദുള്‍ഖാദറിനെക്കുറിച്ച് പുസ്തകമെഴുതിയയാളും വ്യക്തമായി മനസ്സിലാക്കാതെയാണ് പ്രചാരണം നടത്തുന്നത് - കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു.

എന്റെ വീട്ടില്‍ ഐ.എന്‍.എ. പോരാളികള്‍ വന്നിട്ടില്ല. ഫൈബര്‍ബോട്ടില്‍ താനൂര്‍ കടപ്പുറത്ത് വന്നിറങ്ങിയ ചിലര്‍ ഭക്ഷണംകഴിക്കാതെ വിഷമിച്ചപ്പോള്‍ മീന്‍പിടിത്തക്കാര്‍ ഞങ്ങളുടെ വീട്ടിന്റെ മുമ്പിലെ പാണ്ടികശാലയില്‍വെച്ച് ഭക്ഷണം നല്‍കി. ഇവര്‍ ഇവിടെയെത്തിയ വിവരമറിഞ്ഞെത്തിയ പോലീസുകാര്‍ ഇവരെ പിടിച്ചുകൊണ്ടുപോയി. അതിന് എന്റെ പിതാവ് എങ്ങനെ ഒറ്റുകാരനാകും - കുട്ടി അഹമ്മദ്കുട്ടി ചോദിച്ചു.

Leave a Reply

Your email address will not be published.